palakkad local

നെല്ലു സംഭരണം അവതാളത്തില്‍: കര്‍ഷകര്‍ ദുരിതത്തിലേക്ക്‌

വടക്കഞ്ചേരി: നെല്ലുസംഭരണം പ്രഖ്യാപനങ്ങളിലും സംഭരണത്തിന്റെ ഉദ്ഘാടന ചടങ്ങുകളിലും മാത്രം ഒതുങ്ങിയതോടെ കൊയ്‌തെടുത്ത ഒന്നാംവിള നെല്ല് എന്തുചെയ്യണമെന്നറിയാതെ നെട്ടോട്ടമോടുകയാണ് കര്‍ഷകര്‍.
സപ്ലൈകോയുടെ നെല്ലുസംഭരണം നടക്കാത്തതിനാല്‍ കിലോയ്ക്ക് 14രൂപയ്ക്കാണ് സ്വകാര്യമില്ലുകാര്‍ നെല്ലെടുക്കുന്നത്. കിലോയ്ക്ക് 25.30 രൂപ തറവിലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കെയാണ് പത്തുരൂപ കുറച്ച് കര്‍ഷകര്‍ക്ക് നെല്ല് സ്വകാര്യമില്ലുകാര്‍ക്ക് നല്‍കേണ്ടി വരുന്നത്. മഴ ഭീഷണി കാരണം നെല്ലു സൂക്ഷിച്ചുവയ്ക്കാന്‍ കഴിയാത്തതു കാരണമാണ് കിട്ടിയ വിലയ്ക്ക് നല്‍കാന്‍ കര്‍ഷകരെ നിര്‍ബന്ധിതരാക്കുന്നത്.
നാല്പതേക്കര്‍ തരിശുഭൂമി പാട്ടത്തിനെടുത്ത് നെല്‍കൃഷിയിറക്കിയ മംഗലത്തെ കണ്യാര്‍ക്കുന്നത്ത് മോഹനന്‍ ഇപ്പോള്‍ കൊയ്‌തെടുത്ത നെല്ല് എന്തു ചെയ്യണമെന്നറിയാതെ അങ്കലാപ്പിലാണ്. കൊയ്ത്തുകഴിഞ്ഞ് ഒരുമാസം കഴിഞ്ഞിട്ടും നെല്ലെടുക്കാന്‍ സപ്ലൈകോയുടെ ഏജന്റുമാര്‍ എത്തിയിട്ടില്ല. അധികമഴ കാരണം പതിരുകൂടി വിള നന്നേ കുറഞ്ഞതിനു പിന്നാലെ നെല്ലെടുക്കുന്ന സംവിധാനവും താളംതെറ്റിയത് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി. കരപാടമായ പരുവാശേരി പാടശേഖരത്തില്‍ ഒന്നരമാസംമുമ്പ് ഒന്നാംവിള കൊയ്ത്തു കഴിഞ്ഞതാണ്. ഇപ്പോഴും നെല്ലെടുക്കാന്‍ ആളെത്തിയില്ലെന്നു പരുവാശേരി പാടശേഖരസമിതി പ്രസിഡന്റ് കൃഷ്ണന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it