Kollam Local

നെട്ടയം അനൂപ് വധക്കേസ്, പ്രതികള്‍ കുറ്റക്കാര്‍;ശിക്ഷ ഇന്ന്‌

കൊല്ലം: കുപ്രസിദ്ധ ക്രിമിനല്‍ അനൂപ് ഖാന്‍ ഒന്നാം പ്രതിയായ നെട്ടയം അനൂപ് വധക്കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഇഎം മുഹമ്മദ് ഇബ്രാഹിം ഇവര്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. പള്ളിക്കല്‍ നെട്ടയം മാമ്പുറ്റി ഹൗസില്‍ അനൂപ്ഖാന്‍(29), പള്ളിക്കല്‍ കളരിപ്പച്ച കുരങ്ങന്‍പാറയ്ക്ക് സമീപം പടിഞ്ഞാറയില്‍ വീട്ടില്‍ ബിനു(34), കളരിപ്പച്ച പൂവണത്ത്‌പൊയ്ക വീട്ടില്‍ അജയന്‍(29) എന്നിവരാണ് ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികള്‍. ഇന്ത്യന്‍ ശിക്ഷാനിയമം 302(കൊലപാതകം), 34(പൊതുവായ ഉദ്ദേശത്തോടെയുള്ള കുറ്റകൃത്യം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുള്ളത്.  പള്ളിക്കല്‍ നെട്ടയം മുതിയക്കോണം മേലേവിള വീട്ടില്‍ അനൂപിനെ(30)യാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. 2010 ജൂലൈ എട്ടിനാണ് കേസിനാസ്പദമായ സംഭവം. അനൂപിന്റെ സുഹൃത്തായ കമറുദ്ദീനും പ്രതി ബിനുവുമായുണ്ടായ വഴക്കിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതികള്‍ എരപ്പന്‍ചിറ എന്ന സ്ഥലത്തുള്ള കുളത്തില്‍ നിന്ന് മല്‍സ്യം പിടിച്ച് കപ്പയും വാങ്ങി പാചകം ചെയ്ത് മദ്യപാനം നടത്തിയത് സമീപവാസിയായ കമറുദ്ദീന്‍ ചോദ്യം ചെയ്തതാണ് സംഭവത്തിന് തുടക്കം. സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി പ്രതികള്‍ ആയുധവുമായി ജങ്ഷനില്‍ കാത്തുനില്‍ക്കുമ്പോള്‍ ജങ്ഷനില്‍ മിനിലോറിയില്‍ വന്നിറങ്ങുകയായിരുന്ന അനൂപിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ഒന്നാംപ്രതിയായ അനൂപ്ഖാന്‍ കൊട്ടാരക്കരയില്‍ ബാര്‍ ജീവനക്കാരന്‍ ഗോപകുമാറിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയാണ്. കുളത്തൂപ്പുഴയില്‍ ഗ്രാമപ്പഞ്ചായത്ത് ജീവനക്കാരന്‍ സജാദിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി കുത്തികൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണെങ്കിലും സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വിട്ടയച്ചിരുന്നു. ഈ കേസില്‍ പോലിസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. 2010 നവംബര്‍, ഡിസംബര്‍ മാസങ്ങളിലായിരുന്നു ഈ കൊലപാതകങ്ങള്‍. തടവില്‍ കഴിയുമ്പോള്‍ ജയില്‍ സൂപ്രണ്ടുമാരെ ഭീഷണിപ്പെടുത്തിയതിനും എസ്‌കോര്‍ട്ട് പോയ പോലിസുകാരെ ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ഇതേ തുടര്‍ന്ന് അനൂപ്ഖാനെ പൂജപ്പുര ജയിലില്‍ നിന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റിയിരുന്നു. കൊണ്ടുപോകും വഴി രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്റ്‌സ് റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് ഇയാളെ കൊല്ലം കോടതിയില്‍ എത്തിച്ചത്.  ചാത്തന്നൂര്‍ ഡിവൈഎസ്പിയായിരുന്ന ബി കൃഷ്ണകുമാറാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. ആര്‍ സേതുനാഥ് കോടതിയില്‍ ഹാജരായി. കൊല്ലപ്പെട്ട അനൂപിന്റെ മാതാവ് ശ്യാമളഅമ്മ, ഭാര്യ ശാരിക എന്നിവര്‍ വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു. ശാരിക ഇപ്പോള്‍ പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്തിലെ സിപിഐ അംഗമാണ്.
Next Story

RELATED STORIES

Share it