Kottayam Local

നെടുംകുന്നം നിവാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തില്‍

നെടുംകുന്നം: കുടിവെള്ള ക്ഷാമം ഏറെയുള്ള നെടുംകുന്നം ഗ്രാമപ്പഞ്ചായത്തിലെ ജലക്ഷാമത്തിന് ശാശ്വത പരിഹാരം കാണുവാന്‍ ആരംഭിച്ച ജലനിധി പദ്ധതികള്‍ നീണ്ടു പോകുന്നതായി പരാതി. 2015 ലാണ് ജലനിധി പദ്ധതി ആരംഭിച്ചത്.പഞ്ചായത്തിലെ 15 വാര്‍ഡുകളിലായി ജലനിധിയുടെ 25 കുടിവെള്ള പദ്ധതികളാണ് ആരംഭിച്ചത്.
ജലനിധി പദ്ധതിയുടെ പൂര്‍ണമായ നിര്‍മാണ നിര്‍വഹണവും മേല്‍നോട്ടവും എറണാകുളത്തെ ഒരു സ്വകാര്യ ഏജന്‍സിയെ പഞ്ചായത്ത് കമ്മിറ്റി ഏല്‍പ്പിക്കുകയായിരുന്നു. പഞ്ചായത്തുമായുള്ള കരാര്‍ പ്രാകാരം 27 മാസത്തിനുള്ളില്‍ ഏജന്‍സി മുഴുവന്‍ പദ്ധതികളും പൂര്‍ത്തിയാക്കാമെന്നായിരുന്നു. എന്നാല്‍ മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ നിലവില്‍ കമ്മീഷന്‍ ചെയ്തത് നാലു പദ്ധതികള്‍ മാത്രമാണ്. ബാക്കിയുള്ള 21 പദ്ധതികളും പാതിവഴിയിലാണ്.പല പദ്ധതികളുടേയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കാര്യക്ഷമമല്ലന്നാണ് നാട്ടുകാരുടെയും ജലനിധി ശുദ്ധജല വിതരണ സമിതികളുടെയും ആരോപണം. ജലനിധി പദ്ധതിയുടെ ഭാഗമായി എല്ലാ വാര്‍ഡുകളിലും ശുദ്ധജല സമിതി രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ സമിതിയുടെ അഭിപ്രായം പിന്‍തള്ളിയാണ് ഏജന്‍സിയും കരാറുകാരും നിര്‍മാണ ജോലികള്‍ ചെയ്യുന്നത്. ജലവിതരണക്കുഴലുകള്‍, ഉപഭോക്താക്കളുടെ വീടുകളില്‍ വയ്ക്കുന്ന മീറ്ററുകള്‍ തുടങ്ങി പദ്ധതിയുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന സാധനങ്ങള്‍ എല്ലാ തന്നെ നിലവാരം ഇല്ലാത്തവയാണന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
നിലവില്‍ പൂര്‍ത്തിയായതിന് പുറമെ മൂന്ന് പദ്ധതികള്‍ മാത്രമാണ് 80 ശതമാനത്തോളം നിര്‍മാണം നടന്നിരിക്കുന്നത്. ബാക്കിയുള്ളവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 50 ശതമാനം താഴെയാണ്. വേനല്‍ രൂക്ഷമാകുമ്പോഴും പദ്ധതി പൂര്‍ത്തിയാകാതെ നീണ്ടു പോകുന്നതോടെ എന്തു ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് നെടുംകുന്നത്തെ നാട്ടുകാര്‍.കിണറുകള്‍ വറ്റിവരണ്ടതോടെ 80 ശതമാനത്തിലധികം ജനങ്ങളും കുടിവെള്ളം വില കൊടുത്തു വാങ്ങുകയാണ് ഇപ്പോള്‍.ജലനിധി പദ്ധതിയുടെ നടത്തിപ്പ് കരാര്‍ ഏറ്റെടുത്ത സ്ഥാപനത്തിലെ ജീവനക്കാരുടെ അനാസ്ഥയാണ് പദ്ധതി നിര്‍വഹണം പൂര്‍ത്തിയാകാതെ നീണ്ടു പോകുന്നതിന്റെ പ്രധാന കാരണമെന്ന്് നാട്ടുകാര്‍ പറയുന്നു.നിര്‍മാണ പ്രവര്‍ത്തനം കാര്യക്ഷമമാക്കുവാന്‍ അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Next Story

RELATED STORIES

Share it