Alappuzha local

നൂറനാട് ലെപ്രസി സാനറ്റോറിയത്തിനായി 23 കോടി ചെലവഴിക്കും: ആരോഗ്യമന്ത്രി



ആലപ്പുഴ: നൂറനാട് ലെപ്രസി സാനറ്റോറിയത്തിന്റെ വികസനത്തിനായി നബാര്‍ഡില്‍ നിന്ന് 23 കോടിരൂപ അനുവദിച്ചിട്ടുണ്ടെന്നും  ആശുപത്രിയുടെ വികസനം, കെട്ടിട സൗകര്യം, അന്തേവാസികളുടെ ഭക്ഷണം, താമസസ്ഥലം, വസ്ത്രം എന്നിവയ്ക്കായി ഈ തുക ചെലവഴിക്കുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. അന്തേവാസികളായ സ്ത്രീകള്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റ തൂണ് തകര്‍ന്ന സംഭവത്തെ തുടര്‍ന്ന് ലെപ്രസി സാനറ്റോറിയം  സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി. സുസ്ഥിര വികസന ലക്ഷ്യത്തിന്റെ ഭാഗമായി കുഷ്ഠ രോഗ നിര്‍മാര്‍ജനത്തിന് മാത്രമായി വിദഗ്ധ സമിതിയെ സര്‍ക്കാര്‍ രൂപവല്‍കരിച്ചിട്ടുണ്ട്. 2020 ആകുന്നതോടെ കുഷ്ഠരോഗം സമൂഹത്തില്‍ നിന്ന് പൂര്‍ണായി ഇല്ലാതാക്കുകയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആര്‍ദ്രം മിഷന്റെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ വര്‍ഷം പദ്ധതി പൂര്‍ത്തിയാക്കാനായി 121 ആശുപത്രികളെ തെരഞ്ഞെടുത്തിട്ടുണ്ട്. 44 താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് അടക്കം ആരംഭിക്കുന്നതിന് തുക വകയിരുത്തിയതായും മന്ത്രി പറഞ്ഞു. കൊല്ലത്ത് മറ്റൊരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ആരോഗ്യമന്ത്രി തൂണ് തകര്‍ന്ന  വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പരിപാടി വെട്ടിചുരുക്കി  വ്യാഴാഴ്ച്ച രാത്രി തന്നെ  നൂറനാട് സാനറ്റോറിയത്തില്‍ എത്തുകയായിരുന്നു. അന്തേവാസികളായ സ്ത്രീകള്‍ താമസിക്കുന്ന സ്ഥലവും തൂണ് തകര്‍ന്ന ഭാഗവും മന്ത്രി സന്ദര്‍ശിച്ചു. അന്തേവാസികളില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും  വിവരങ്ങള്‍ ശേഖരിച്ചാണ് മന്ത്രി മടങ്ങിയത്. ദേശീയ ആരോഗ്യമിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ ഡോ. പി വി അരുണ്‍, ഡെപ്യൂട്ടി ഡിഎംഒ  ജമുനാ വര്‍ഗീസ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it