Pathanamthitta local

നൂതന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണം : ജില്ലാകലക്ടര്‍



പത്തനംതിട്ട: തദ്ദേശഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതി രൂപീകരണ വേളയില്‍ ജനോപകാര പ്രദമായ നൂതന പദ്ധതികള്‍ രൂപീകരിക്കുന്നതിന് ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ പറഞ്ഞു.           വാര്‍ഷിക പദ്ധതി രൂപീകരണം സംബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സാങ്കേതിക വിദഗ്ധ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു. ജനകീയാസൂത്രണത്തിന്റെ ആദ്യഘട്ടത്തില്‍ പല നൂതന പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പാക്കിയിരുന്നു. എന്നാല്‍ തുടര്‍ന്ന് വന്ന കാലങ്ങളില്‍ പദ്ധതി രൂപീകരണത്തില്‍ കാര്യമായ പുതുമ ഉണ്ടായില്ല.  പലപ്പോഴും മുന്‍വര്‍ഷങ്ങളില്‍ നടപ്പാക്കിയ പദ്ധതികള്‍ തന്നെ വര്‍ഷങ്ങളോളം മാറ്റമില്ലാതെ തുടരുന്ന അവസ്ഥയുണ്ടായി. ഈ രീതിക്ക് മാറ്റം വരണം.  പതിമൂന്നാം പഞ്ചവല്‍സര പദ്ധതിയുമായി ബന്ധപ്പെട്ടും നടപ്പുവര്‍ഷത്തെ വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ടും തദ്ദേശഭരണ  സ്ഥാപനങ്ങള്‍ നൂതന ആശയങ്ങള്‍ കണ്ടെത്തി നടപ്പാക്കുന്നതിനു ശ്രമിക്കണമെന്നും കലക്ടര്‍ പറഞ്ഞു. വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളും വകുപ്പുകളും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്താവുന്നവ സംബന്ധിച്ച നൂതന ആശയങ്ങള്‍ അവതരിപ്പിച്ചു. 89 ലക്ഷം രൂപ ചെലവില്‍ അയ്യായിരം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ജില്ലയില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കുന്നതു സംബന്ധിച്ച ആശയമാണ് ജില്ലാ വ്യവസായ കേന്ദ്രം മുന്നോട്ടുവച്ചത്. ചെന്നീര്‍ക്കര ഗ്രാമപ്പഞ്ചായത്ത് ഒരു എല്‍ഇഡി ബള്‍ബ് നിര്‍മാണ യൂനിറ്റ് സ്ഥാപിക്കുന്നതു സംബന്ധിച്ച ആശയം അവതരിപ്പിച്ചു. പന്തളത്ത് പട്ടികജാതി വിഭാഗങ്ങള്‍ക്കായി 50 സെന്റ് സ്ഥലത്ത് ഒരു ഫഌറ്റ് സമുച്ചയം നിര്‍മിക്കുക, ജില്ലാ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള സ്‌കൂളുകളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുക, ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലെയും പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സൈക്കിള്‍ നല്‍കുക, പന്തളം മുതല്‍ ളാഹ വരെ 48 കിലോമീറ്റര്‍ വരുന്ന തിരുവാഭരണ പാതയില്‍ ഔഷധ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുക തുടങ്ങിയ ആശയങ്ങളാണ് ജില്ലാ പഞ്ചായത്ത് മുന്നോട്ടുവച്ചത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് എല്‍ഇഡി ലാമ്പുകള്‍ നല്‍കുക, എല്‍ഇഡി തെരുവ് വിളക്കുകള്‍ സ്ഥാപിക്കുക എന്നീ ആശയങ്ങളാണ് ഇരവിപേരൂര്‍ പഞ്ചായത്ത് അവതരിപ്പിച്ചത്.  ജില്ലയിലെ മിക്ക തദ്ദേശഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ വകുപ്പുകളും നൂതന ആശയങ്ങള്‍ സംബന്ധിച്ച ശുപാര്‍ശകള്‍ യോഗത്തില്‍ കൈമാറി. പദ്ധതി രൂപീകരണ വേളയില്‍ പുതുതായി ശുപാര്‍ശ ചെയ്തിട്ടുള്ള പദ്ധതികളുടെ വിശദാംശങ്ങള്‍ പരിശോധിച്ചശേഷം അംഗീകരിക്കാവുന്നവ ഉള്‍പ്പെടുത്തിയായിരിക്കും പദ്ധതി രൂപീകരണം നടത്തുക. യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫിസര്‍ പി വി കമലാസനന്‍ നായര്‍, ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ പ്രതിനിധി അഡ്വ.രാജീവ്, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍,             വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it