Kottayam Local

നീലിമംഗലം പാലത്തിന് ബലക്ഷയമില്ലെന്ന് കണ്ടെത്തല്‍



കോട്ടയം: എംസി റോഡ് വികസനത്തിന്റെ ഭാഗമായി നീലിമംഗലത്ത് നിര്‍മിച്ച പുതിയ പാലത്തിന്റെ ബലപരിശോധന പൂര്‍ത്തിയായി. വ്യാഴാഴ്ച രാത്രി 8ന് പാലത്തിന്റെ റീഡിങ് രേഖപ്പെടുത്തിയശേഷമാണ് പരിശോധന അവസാനിപ്പിച്ചത്. പാലത്തിന് ബലക്ഷയമില്ലെന്നാണ് ഇതുവരെയുള്ള പരിശോധനയിലെ കണ്ടെത്തല്‍. എന്നാല്‍, പരിശോധനാ റിപോര്‍ട്ടുകള്‍ വിശകലനം ചെയ്തശേഷം ലോകബാങ്കിന്റെയും സര്‍ക്കാരിന്റെയും അനുമതി ലഭിച്ചശേഷമായിരിക്കും പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുകയെന്ന് കെഎസ്ടിപി സൂപ്രണ്ടിങ് എന്‍ജിനീയര്‍ എസ് ദീപു അറിയിച്ചു. തിങ്കളാഴ്ചയാണ് പാലത്തിന്റെ ബലപരിശോധന ആരംഭിച്ചത്. ആദ്യദിനത്തില്‍ സ്ഥലനിര്‍ണയമടക്കമുള്ള നടപടികളാണ് നടത്തിയത്. ചൊവ്വാഴ്ച നാലു ടോറസ് ലോറികളില്‍ മണ്ണുകയറ്റി 24 മണിക്കൂര്‍ പാലത്തില്‍ നിര്‍ത്തിയിട്ടുള്ള പരിശോധനയായിരുന്നു. ബുധനാഴ്ച രാത്രി എട്ടോടെയാണ് ഇതവസാനിച്ചത്. തുടര്‍ന്ന് ഭാരം കയറ്റിയ ലോറികള്‍ പാലത്തില്‍നിന്നും ഇറക്കിയ ശേഷം 24 മണിക്കൂര്‍കൂടി പാലം നിരീക്ഷിക്കുന്ന നടപടികള്‍ ആരംഭിച്ചു. ഇതാണ് വ്യാഴാഴ്ച രാത്രിയോടെ പൂര്‍ത്തിയായത്. വാഹനങ്ങള്‍ കയറാതിരിക്കാന്‍ പാലത്തിന് പോലിസ് കാവലും ഏര്‍പ്പെടുത്തിയിരുന്നു. പരിശോധനയില്‍നിന്ന് കണ്ടെത്തിയ വിവരങ്ങള്‍ വിലയിരുത്തി റിപോര്‍ട്ട് തയ്യാറാക്കും. ബംഗളൂരില്‍നിന്നുള്ള സംഘം ഈ റിപോര്‍ട്ട് കെഎസ്ടിപിക്ക്് നല്‍കും. ഇവര്‍ ഇത് ലോകബാങ്ക് സംഘത്തിനു കൈമാറും. 38.2 ടണ്‍ ഭാരമുള്ള നാലു ടോറസ് ലോറികളാണ് പാലത്തില്‍ നിര്‍ത്തിയിട്ട് പരിശോധന നടത്തിയത്. ആകെ 152.8 ടണ്‍ ഭാരമാണ് 24 മണിക്കൂര്‍ പാലത്തിനു മുകളില്‍ നിര്‍ത്തിയിട്ടിരുന്നത്. പാലത്തില്‍ കയറ്റാവുന്ന പരമാവധി ഭാരമായിരുന്നു ഇത്. ഭാരം കയറ്റുമ്പോള്‍ ബീമില്‍ പരമാവധി നാലുമില്ലിമീറ്റര്‍വരെ വിള്ളലുണ്ടാവാം. ഭാരം മാറുമ്പോള്‍ ഇത് പൂര്‍വസ്ഥിതിയിലാവും. പാലത്തില്‍ വിള്ളല്‍ കണ്ട ഭാഗത്താണ് ലോറികള്‍ നിര്‍ത്തിയിട്ടത്. പാലത്തിന്റെ അടിയില്‍ 20 സ്ഥലങ്ങളിലായി ചലനങ്ങള്‍ വ്യക്തമാക്കുന്ന സ്‌ട്രെയിന്‍ ഗേജ് മീറ്ററുകള്‍ സ്ഥാപിച്ചിരുന്നു. ഒരോ മണിക്കൂറിലും കെഎസ്ടിപി അധികൃതര്‍ സ്‌ട്രെയിന്‍ ഗേജ് മീറ്ററുകളിലെ റീഡിങ് രേഖപ്പെടുത്തിയാണ് പരിശോധിച്ചത്. അന്തരീക്ഷ ഈഷ്മാവും ഓരോ മണിക്കൂറിലും രേഖപ്പെടുത്തിയിരുന്നു. പുതിയ പാലത്തിന്റെ പണി പൂര്‍ത്തിയായശേഷം തൂണിന്റെ ഒരുഭാഗത്ത് വിള്ളല്‍ കണ്ടതോടെയാണു നാട്ടുകാരും ജനപ്രതിനിധികളും ബലക്ഷയമുണ്ടെന്ന ആക്ഷേപമുയര്‍ത്തിയത്. വിദഗ്ധപരിശോധന വേണമെന്ന ആവശ്യത്തില്‍ നാട്ടുകാരും ജനപ്രതിനിധികളും ഉറച്ചുനിന്നതോടെയാണ് ലോകബാങ്കിന്റെ അംഗീകാരമുള്ള എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്‍സിയെ ഉപയോഗിച്ച് പരിശോധിക്കാന്‍ കെഎസ്ടിപി തീരുമാനിച്ചത്. കെഎസ്ടിപി സൂപ്രണ്ടിങ് എന്‍ജിനീയര്‍ എസ് ദീപു, എക്‌സി. എന്‍ജിനീയര്‍ സി രാഗേഷ്, കണ്‍സള്‍ട്ടന്‍സി എന്‍ജിനീയര്‍മാരായ എഡ്ഗര്‍ തോമസ്, വര്‍ഗീസ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
Next Story

RELATED STORIES

Share it