malappuram local

നീലക്കോഴികള്‍ കോള്‍ മേഖലയില്‍ ഏക്കര്‍കണക്കിന് കൃഷി നശിപ്പിക്കുന്നു

പൊന്നാനി: കോളില്‍ കര്‍ഷകരെ ദുരിതത്തിലാക്കി നീലക്കോഴികള്‍ ഞാറ് നശിപ്പിക്കുന്നു. ഞാറ് കടയോടെ പിഴുതാണ് ഇവ വ്യാപകമായി കൃഷി നശിപ്പിക്കുന്നത്. ഞാറിന്റെ കൂമ്പിലയിലെ മധുരം നുണയാനെത്തുന്ന നീലക്കോഴികള്‍ ഞാറുതന്നെ നശിപ്പിച്ചാണു മടങ്ങുന്നത്. നേരത്തെ വിളവായ പാടത്തും നീലക്കോഴി ശല്യം രൂക്ഷമായിരുന്നു. വൈന്തല, വെസ്റ്റ് കൊരട്ടി, ചാത്തന്‍ചാല്‍, നരണിപ്പുഴ, നൂണക്കടവ്  പാടശേഖരങ്ങളിലാണ് നീലക്കോഴികള്‍ കൂട്ടമായി എത്തുന്നത്. പാടശേഖരത്തോട് ചേര്‍ന്നുള്ള കാടുകളിലാണ് ഇവയുടെ വാസം.
ദേശാടനപ്പക്ഷിയായി എത്തിയ ഇവ പാടശേഖരങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപകമായി വളര്‍ന്നിട്ടുണ്ട്. വിവിധ കോള്‍പടവുകളില്‍ അടുത്തദിവസങ്ങളില്‍ നട്ട ഞാറ് വ്യാപകമായാണ് നീലക്കോഴികള്‍ നശിപ്പിച്ചിരിക്കുന്നത്. വെളുപ്പിനും സന്ധ്യയ്ക്കും കൂട്ടമായി ഇരതേടിയെത്തുന്ന ഇവയെ എങ്ങനെ ഓടിക്കുമെന്നറിയാതെ വിഷമത്തിലാണ് കര്‍ഷകര്‍. തോരണങ്ങള്‍ കെട്ടിയുള്ള പ്രതിരോധം പാളിയതോടെ കതിനയും പടക്കവുമൊക്കെയായി കാവലിരിക്കുകയാണ് കര്‍ഷകര്‍. ഇവയെ ഉടനെ തുരത്തിയില്ലെങ്കില്‍ കൃഷിനാശം വ്യാപകമാകുമെന്ന ആശങ്കയുണ്ട്. കര്‍ഷകര്‍ നീലക്കോഴികളുടെ ആക്രമണത്താലുണ്ടാകുന്ന കൃഷിനാശത്തിനു നഷ്ടപരിഹാരം നല്‍കാമെന്ന മന്ത്രിയുടെ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.
നിയമസഭയില്‍ നല്‍കിയ ഉറപ്പാണു പാലിക്കപ്പെടാതെ പോകുന്നത്. വിളനാശപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയോ ഇന്‍ഷൂറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തിയോ നീലക്കോഴി മൂലം ഉണ്ടാകുന്ന നാശനഷ്ടത്തിനു തുക അനുവദിക്കണമെന്നു കര്‍ഷകരുടെ ആവശ്യം. വിള ഇന്‍ഷൂറന്‍സ് പരിധിയില്‍ നീലക്കോഴി നിമിത്തം ഉണ്ടായ നാശനഷ്ടം കൂടി ഉള്‍പ്പെടുത്തണമെന്നുള്ള ആവശ്യം ശക്തമായിട്ടുണ്ട്. ലക്ഷങ്ങള്‍ ബാങ്ക് വായ്പയെടുത്താണ് പലരും കൃഷിയിറക്കിയിട്ടുള്ളത്. നീലക്കോഴികള്‍ കാരണം മിക്ക കര്‍ഷകരും ലക്ഷങ്ങളുടെ കടബാധ്യതയിലാണ്.
Next Story

RELATED STORIES

Share it