Flash News

നീറ്റ് പരീക്ഷ : വസ്ത്രമുരിഞ്ഞുള്ള പരിശോധന ദൗര്‍ഭാഗ്യകരമെന്ന് സിബിഎസ്ഇ



ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപ്പരീക്ഷ (നീറ്റ്) എഴുതാനെത്തിയ വിദ്യാര്‍ഥികളെ വസ്ത്രമഴിച്ച് പരിശോധിച്ച നടപടി ദൗര്‍ഭാഗ്യകരമാണെന്ന് സിബിഎസ്ഇ.സംഭവത്തില്‍ അതിയായി ഖേദിക്കുന്നുവെന്നും സിബിഎസ്ഇ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കണ്ണൂര്‍ ടിഐഎസ്‌കെ സ്‌കൂളില്‍ നടന്ന സംഭവങ്ങള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നും അത് ഒഴിവാക്കാമായിരുന്ന സംഭവമായിരുന്നുവെന്നും സിബിഎസ്ഇ പബ്ലിക് റിലേഷന്‍ ഓഫിസര്‍ രമാ ശര്‍മ പുറപ്പെടുവിച്ച പ്രസ്താവനയില്‍ അറിയിച്ചു. പരീക്ഷയ്ക്കു മുമ്പുള്ള ദേഹപരിശോധന കോപ്പിയടി തടയുന്നതിന്റെ ഭാഗമായി സുപ്രിംകോടതി നിര്‍ദേശപ്രകാരം ചെയ്തതാണ്. 2015ല്‍ നടന്ന പ്രവേശനപ്പരീക്ഷയ്ക്കിടെ കോപ്പിയടി റിപോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആ വര്‍ഷത്തെ പരീക്ഷ സുപ്രിംകോടതി റദ്ദാക്കുകയും പിന്നീട് വീണ്ടും പരീക്ഷ നടത്തുകയും ചെയ്തിരുന്നു. ഇതുപോലുള്ള സംഭവങ്ങള്‍ ഒഴിവാക്കുന്നതിനു വേണ്ടിയാണ് പരിശോധന കര്‍ക്കശമാക്കിയത്. ഇതേതുടര്‍ന്ന് ആ വര്‍ഷവും കഴിഞ്ഞവര്‍ഷവും തുടര്‍ന്ന രീതി തന്നെയാണ് ഈ വര്‍ഷവും സ്വീകരിച്ചത്. എന്നാല്‍, കണ്ണൂരിലെ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ക്കിടയാക്കിയത് പരിശോധകരായ ചിലരുടെ അമിതാവേശമാണ്. ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍മൂലം വിദ്യാര്‍ഥികള്‍ക്കുണ്ടായ മനോവേദനയിലും അസൗകര്യങ്ങളിലും ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഇക്കാര്യത്തില്‍ കണ്ണൂര്‍ ടിഐഎസ്‌കെ സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് മാപ്പുപറയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്. ഏതുതരത്തിലുള്ള വസ്ത്രരീതിയാണ് പരീക്ഷാര്‍ഥികള്‍ സ്വീകരിക്കേണ്ടതെന്നു നേരത്തേ തന്നെ അറിയിച്ചിരുന്നതാണ്. ഇതുസംബന്ധിച്ച നിര്‍ദേശങ്ങളും നിയമങ്ങളും സിബിഎസ്ഇയുടെയും നീറ്റ് പരീക്ഷയുടെയും ഔദ്യോഗിക വെബ്‌സൈറ്റും മാധ്യമങ്ങളും പ്രസിദ്ധീകരിച്ചതുമാണ്. പരിശോധനയെകുറിച്ചു സ്ഥാപനമോ രക്ഷിതാക്കളോ സിബിഎസ്ഇയെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സിബിഎസ്ഇ പത്രക്കുറിപ്പില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it