Flash News

നീറ്റ് പരീക്ഷ : വസ്ത്രമഴിച്ച് പരിശോധന - പരാതിയുമായി കൂടുതല്‍ പേര്‍



കണ്ണൂര്‍: നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളെ പരീക്ഷാ ഹാളിലെത്തും മുമ്പ് അടിവസ്ത്രമഴിപ്പിച്ച് പരിശോധിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്ത്. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുക്കുകയും ബാലാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടുകയും ചെയ്തതോടെ സംഭവം കൂടുതല്‍ ചര്‍ച്ചയായി. ഇതിനിടെയാണ് കൂടുതല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും പരാതിയുമായി രംഗത്തെത്തിയത്. അവഹേളനത്തിന് വിധേയമായ കാസര്‍കോട് ജില്ലയിലെ പെണ്‍കുട്ടിയുടെ പിതാവ് ദേശീയ മനുഷ്യാവകാശ കമ്മീഷനും സിബിഎസ്ഇ അധികൃതര്‍ക്കും പരാതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. 17-18 വയസ്സുള്ള കുട്ടികളാണ് കണ്ണൂര്‍ ജില്ലയിലെ ചില സ്വകാര്യ സ്‌കൂളുകളിലെ സെന്ററുകളില്‍ പരീക്ഷയ്‌ക്കെത്തിയത്. അടവസ്ത്രങ്ങളും ജീന്‍സും പരിശോധിക്കുകയും ചുരിദാറിന്റെ നീളമുള്ള കൈകള്‍ മുറിച്ചുമാറ്റുകയും ചെയ്തു. നൂറിലേറെ നിബന്ധനകളാണ് പരീക്ഷയുമായി ബന്ധപ്പെട്ട് സിബിഎസ്്ഇ കാറ്റലോഗില്‍ കുട്ടികള്‍ക്ക് നല്‍കിയത്. എന്നാല്‍, ഇവ പൂര്‍ണമായും വായിച്ച് പാലിക്കാന്‍ ബുദ്ധിമുട്ടാണെന്ന് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും പറയുന്നു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചും അല്ലാതെയും കോപ്പിയടിക്ക് സാധ്യതയുള്ളതിനാലാണ് പരീക്ഷ സുതാര്യമാക്കാനായി പരിശോധന നടത്തിയതെന്നാണ് സിബിഎസ്്ഇ അധികൃതരുടെ വിശദീകരണം. എന്നാല്‍,  കരിക്കുലം അധികൃതര്‍ എഴുതിയുണ്ടാക്കിയ നിബന്ധനകള്‍ നിയമമാണെന്ന നിലയിലാണ് അടിച്ചേല്‍പ്പിച്ചതെന്ന് രക്ഷിതാക്കള്‍ പറയുന്നു. കുഞ്ഞിമംഗലം കൊവ്വപ്പുറം പീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പരീക്ഷയ്‌ക്കെത്തിയ ചെറുവത്തൂരിലെ പെണ്‍കുട്ടിയാണ് ബ്രാ അഴിപ്പിച്ചുള്ള പരിശോധനയ്ക്ക് വിധേയമായത്. ജീന്‍സ് പാന്റ്‌സ് ധരിച്ചെത്തിയ കണ്ണൂരിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരന്റെ മകളും നടപടിക്ക് വിധേയയായി. ഒടുവില്‍ പിതാവ് വസ്ത്രാലയത്തില്‍ പോയി പകരം ലെഗ്ഗിന്‍സ് വാങ്ങിക്കൊണ്ടുവന്നു. ഇത് ധരിച്ചാണ് പരീക്ഷാഹാളില്‍ പ്രവേശിച്ചത്. ഇതുപോലെ മറ്റു പല പെണ്‍കുട്ടികളും മാനസിക പീഡനത്തിന് ഇരയായി. രാവിലെ 8.30നാണ് പ്രവേശന പരീക്ഷ. എന്നാല്‍, തൊട്ടുമുമ്പാണ് അധികൃതര്‍ കുട്ടികളെ മെറ്റല്‍ ഡിറ്റക്്ടര്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. മിക്ക കുട്ടികളുടെയും വസ്ത്രത്തിന് ലോഹം കൊണ്ടുള്ള ബട്ടണും ഹുക്കുമുള്ളതിനാല്‍ ഡിറ്റക്ടര്‍ ശബ്ദിച്ചു. മാസങ്ങളായി പരീക്ഷയ്ക്കുള്ള കഠിന തയ്യാറെടുപ്പാലിയിരുന്ന കുട്ടികളോട് വസ്ത്രം മാറ്റിയില്ലെങ്കില്‍ പരീക്ഷയെഴുതാന്‍ പറ്റില്ലെന്ന് അറിയിച്ചു. ഇതോടെയാണ് അതിരുകടന്ന ദേഹപരിശോധനയ്ക്കും നടപടിക്കും വിധേയമായത്. പതിവില്‍നിന്നു വ്യത്യസ്തമായി ബ്രായില്ലാതെയും കൈയില്ലാത്ത ചൂരിദാറിട്ടും ബട്ടണില്ലാതെ ജീന്‍സുമിട്ടുമാണ് ചില കുട്ടികള്‍ പരീക്ഷയെഴുതിയത്. കുറച്ചു കുട്ടികള്‍ക്കു സമീപവാസികളും മറ്റു ചിലര്‍ക്ക് രക്ഷിതാക്കള്‍ അടുത്തുള്ള വസ്ത്രക്കടകള്‍ തുറപ്പിച്ചും വസ്ത്രമെത്തിച്ചു. വികൃതമായ വേഷം ധരിച്ച് വീട്ടില്‍ തിരിച്ചെത്തിയ കുട്ടിയെ കണ്ടതോടെ അമ്പരപ്പിലായിരുന്നുവെന്ന്് പയ്യന്നൂരിലെ ഒരു കുട്ടിയുടെ മാതാവ് പറഞ്ഞു. മാനസികമായും ശാരീരികമായും കുട്ടികളെ അവഹേളിക്കുകയും തളര്‍ത്തുകയും ചെയ്യുന്ന നടപടിയായിരുന്നുവെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ കണ്ടെത്തല്‍. പരീക്ഷയ്ക്കു തൊട്ടുമുമ്പുള്ള സമയങ്ങൡ നിര്‍ബന്ധമായും കുട്ടികള്‍ക്ക് മാനസിക-ശാരീരിക സമാധാനവും കരുത്തും നല്‍കണമെന്നാണ് പൊതു കരിക്കുലര്‍ നിയമം. എന്നാല്‍ അതുപാലിക്കാതെ, പരീക്ഷയ്ക്കിടെ അവഹേളിച്ച സിബിഎസ്ഇ നടപടിക്കെതിരേ പ്രതിഷേധം ശക്തമാണ്.
Next Story

RELATED STORIES

Share it