malappuram local

നീറ്റ് പരീക്ഷയ്ക്കിടെ ദേഹ പരിശോധന : കേന്ദ്ര ഭരണകൂടത്തിന്റെ മാനഭംഗമെന്ന് ഡീന്‍ കുര്യാക്കോസ്



മലപ്പുറം: കണ്ണൂരില്‍ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥികളെ വസ്ത്രാക്ഷേപം നടത്തി പരിശോധിച്ച നടപടി കേന്ദ്ര ഭരണകൂടത്തിന്റെ മാനഭംഗമാണെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് കുറ്റപ്പെടുത്തി.  മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്യമായി വിദ്യാര്‍ഥികളെ അപമാനിച്ചത് അംഗീകരിക്കാനാവില്ല. ഇന്ത്യയിലെ പൗരാവകാശ ധ്വംസനത്തിന്റെ അവസാന പതിപ്പാണിത്. ആരെയും ഭയപ്പെടുത്താനും മാനഭംഗപ്പെടുത്താനും ഇഷ്ടമില്ലാത്തവര്‍ രാജ്യം വിടണമെന്നു പറയാനുമുള്ള ഭരണകൂട ഭീകരതയാണ് നിലവിലുള്ളത്. വ്യക്തിഹത്യയിലൂടെ പരീക്ഷ എഴുതുന്നവരുടെ ആത്മവീര്യം കെടുത്തുക മാത്രമല്ല, പൗരാവകാശ നിഷേധം കൂടിയാണിത്. കേന്ദ്ര മാനവ ശേഷി വികസന മന്ത്രി പ്രകാശ് ജാവേദ്കര്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയണം. മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തതു കൊണ്ടുമാത്രം അവസാനിക്കുന്നതല്ല ഈ വിഷയം. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് മാനഭംഗത്തെ യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലൂടെ ചെറുക്കും. അതീവ ഗുരുതരമായ കാര്യമാണ് കണ്ണൂരില്‍ നടന്നിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പരസ്യമായി ബിജെപിയുമായി ഒത്തുകളിക്കുകയാണ്. സംസ്ഥാന ഭരണം മാഫിയകളുടെ കൈയ്യിലാണ്. മൂന്നാര്‍ കൈയേറ്റ വീരന്‍ എം എം മണിയെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണം. മുഖ്യമന്ത്രിയുടെ ദുരഭിമാനത്തിനും അഹങ്കാരത്തിനും നികുതി പണത്തിനും കോടതികളില്‍ പിഴയൊടുക്കേണ്ട അവസ്ഥയാണുള്ളത്. എന്നിട്ടും ഭരണത്തലവന്റെ അഹങ്കാരത്തിനും ഗര്‍വിനും കുറവില്ല. ഡിജിപിയെ വിമര്‍ശിക്കാത്ത ബിജെപിയുടെ നയത്തിലും സംശയമുണ്ട്. യൂത്ത് കോണ്‍ഗ്രസ് പരാതികൊടുത്തിട്ടും ഡിജിപിയോ മുഖ്യമന്ത്രിയോ കമലിനെതിരേ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് എ എം രാധാകൃഷ്ണനെതിരെ കേസെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ ഇഫ്തികാറുദ്ദീന്‍, റിയാസ് മുക്കോളി, അജ്മല്‍ വണ്ടൂര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it