kasaragod local

നീരുറവകള്‍ വറ്റി; കര്‍ഷകര്‍ക്ക് ആശ്വാസമായി കര്‍ഷക കൂട്ടായ്മയില്‍ തടയണ നിര്‍മാണം

ബദിയടുക്ക: വേനല്‍ ചൂടിന്റെ കാഠിന്യം വര്‍ധിച്ചതോടെ നീരുറവകള്‍ വറ്റി തുടങ്ങി. കാര്‍ഷിക വിളകളെ സംരക്ഷിക്കുന്നതിന് വേണ്ടി പുഴയിലും തോടിലുമുള്ള ജലം പാഴായി പോകാതിരിക്കാന്‍ കര്‍ഷകരുടെ കൂട്ടായ്മയില്‍ തടയണ നിര്‍മാണ പ്രവൃത്തികള്‍ പതിവ്‌പോലെ നേരത്തെ ആരംഭിച്ചു. കേരള-കര്‍ണാടക അതിര്‍ത്തിയിലെ എന്‍മകജെ പഞ്ചായത്തിലെ വാണി നഗര്‍ കുത്താജെയില്‍ ജല സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായി ഒരു കൂട്ടം കര്‍ഷകര്‍ രംഗത്തിറങ്ങി മാതൃക പ്രവര്‍ത്തനമാണ് നടത്തിവരുന്നത്.
സറളിമൂല, കുത്താജെ, കൊട്ടേലുതോട് സമീപ പ്രദേശങ്ങളില്‍ ജുലൈ മാസം മുതല്‍ ഏപ്രില്‍ മാസം വരെ പുഴകളിലും ചെറു തോടുകളിലും ഒഴുകിയിരുന്ന വെള്ളം കര്‍ഷിക ആവശ്യങ്ങള്‍ക്കും മറ്റും യഥേഷ്ടം ലഭിച്ചിരുന്നു. എന്നാല്‍ വെള്ളം കെട്ടി നിര്‍ത്തുവാനുള്ള സംവിധാനമില്ലാത്തതിനാല്‍ ജലം ഒഴുകി പുഴയിലേക്കും കടലിലേക്കും ചെന്നെത്തി പാഴാകുമായിരുന്നു. പരമ്പരാഗതമായി കര്‍ഷകരുടെ കൂട്ടായ്മയില്‍ തടയണകള്‍ നി ര്‍മിച്ചിരുന്നു. എന്നാല്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവില്‍ വന്നതോടെ തടയണകളുടെ നിര്‍മാണം തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് ചെയ്ത് തീര്‍ക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
ഇതോടെ പലരും തടയണ നിര്‍മാണം ഉപേക്ഷിക്കുകയായിരുന്നു. ചുരുക്കം ചില സ്ഥലങ്ങളില്‍ തടയണകളുടെയും ബണ്ടുകളുടെയും നിര്‍മാണ പ്രവര്‍ത്തനം നടത്തിയെങ്കിലും പ്രവൃത്തിയിലെ പരിചയ കുറവ് മൂലം ചോര്‍ച്ചയുണ്ടാവുകയും ജലം പാഴാവുകയും ചെയ്തിരുന്നു. ഇതോടെ കര്‍ഷകരുടെ വര്‍ഷങ്ങളുടെ ആവശ്യം പരിഗണിച്ച് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ കാസര്‍കോട് പാക്കേജില്‍ ഉള്‍പ്പെടുത്തി ചെറുകിട ജലസേചന പദ്ധതി പ്രകാരം ഒന്നര കോടി രൂപ ചെലവില്‍ കുത്താജെ തോടിന് കുറുകെ 18 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ ഉയരത്തില്‍ ഡാം കം ബ്രിഡ്ജിന്റെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും ജലം കെട്ടി നിര്‍ത്തുവാനുള്ള ഫണ്ട് എസ്റ്റിമേറ്റില്‍ ഇല്ലാത്തതിനാല്‍ തടയണയുടെ പ്രവൃത്തി നടത്തിയില്ല.
പിന്നീട് പരിസരത്തെ തടയണ നിര്‍മാണത്തില്‍ വിദഗ്ധരായ ഹരി കൃഷ്ണ, മഹാലിംഗ നായക്, കൃഷ്ണ നായക്, ബേബി, വിജയ, അക്ഷയ് തുടങ്ങിയവരുടെ കൂട്ടായ്മയില്‍ 22,000 രൂപ ചെലവില്‍ ഏകദേശം 11 അടി ഉയരത്തില്‍ തടയണയുടെ നിര്‍മാണ പ്രവര്‍ത്തനം നടത്തി.
തടയണയുടെ നിര്‍മാണം പുര്‍ത്തിയായതോടെ 1.5 കി.മീറ്റര്‍ വീസ്തൃതിയില്‍ കെട്ടി കിടക്കുന്ന വെള്ളംനൂറ് ഏക്കര്‍ സ്ഥലത്തെ കര്‍ഷിക വിളകള്‍ക്കും സമീപ പ്രദേശങ്ങളില്‍ രൂക്ഷമാകുന്ന കുടിവെള്ള ക്ഷാമത്തിനും പരിഹരമാകും. ജല ലഭ്യത കുറയുമ്പോള്‍ കുഴല്‍ കിണറുകളുടെയും മറ്റും പിന്നാലെ ഓടുന്ന ഇന്നത്തെ യുവ തലമുറ പരമ്പരാഗതമായി ഉപയോഗിച്ചു വന്നിരുന്ന തടയണകളേയും ബണ്ടുകളേയും ഉപയോഗപ്പെടുത്തണമെന്ന് ജല സംരക്ഷണ വിദഗ്ദന്‍ ശ്രീപഡ്രെ പറഞ്ഞു.
Next Story

RELATED STORIES

Share it