World

നീരവ് മോദിയില്‍ നിന്ന് കടം തിരിച്ചുപിടിക്കുന്നതിന് വിലക്ക്‌

വാഷിങ്ടണ്‍: പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പുകേസിലെ പ്രതി നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ സ്വത്തുവകകള്‍ കടക്കാര്‍ ഏറ്റെടുക്കുന്നത് വിലക്കി യുഎസ് കോടതിയുടെ ഇടക്കാല ഉത്തരവ്. നീരവ് മോദിയുടെ യു—എസിലെ ഫയര്‍സ്റ്റാര്‍ ഡയമണ്ട്‌സ് എന്ന കമ്പനിയെ കടം തിരിച്ചുപിടിക്കല്‍ നടപടികളില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടാണ് ഉത്തരവ്. കമ്പനി സമര്‍പ്പിച്ച പാപ്പരത്വ ഹരജി പരിഗണിച്ചാണ് ന്യൂയോര്‍ക്ക്  കോടതിയുടെ നടപടി.
പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്നു നിയമവിരുദ്ധമായി നടത്തിയ 11,400 കോടിയുടെ പണമിടപാടില്‍ കൂടുതലും ഫയര്‍സ്റ്റാര്‍ എന്ന കമ്പനിയുടെ പേരിലാണ് നടത്തിയിട്ടുള്ളത്. പണം ലഭിക്കാനുള്ളവര്‍ കമ്പനിയില്‍ നിന്നോ ബന്ധപ്പെട്ട സ്വത്തുവകകളില്‍ നിന്നോ തുക ഈടാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവരുത്. ഇ-മെയില്‍, ഫോണ്‍ തുടങ്ങിയ ഒരു മാര്‍ഗങ്ങളിലൂടെയും കമ്പനിയില്‍ നിന്നു പണം ആവശ്യപ്പെടാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 11,400 കോടി രൂപ വെട്ടിച്ച നീരവ് മോദിക്കെതിരേ സിബിഐ അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം, മോദി രാജ്യത്തുണ്ടെന്ന് സ്ഥിരീ—കരിച്ചിട്ടില്ലെന്ന് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു. മോദി യുഎസിലുണ്ടെന്ന് മാധ്യമ റിപോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍, അദ്ദേഹം യുഎസിലുണ്ടെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ പ്രതികരണം.
എന്നാല്‍, മോദിയെ കണ്ടെത്തുന്നതിന് ഇന്ത്യക്കു നിയമപരമായ സഹായം നല്‍കുമോ എന്ന ചോദ്യത്തിനു കൃത്യമായ മറുപടി നല്‍കാന്‍ സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റോ ജസ്റ്റിസ് ഡിപാര്‍ട്ട്‌മെന്റോ തയ്യാറായില്ല.
Next Story

RELATED STORIES

Share it