നീനുവിന്റെ അമ്മ രഹ്‌നയോട് ഹാജരാവാന്‍ ആവശ്യപ്പെട്ടു

കോട്ടയം: കെവിന്‍ കൊലപാതകക്കേസില്‍ അഞ്ചാംപ്രതിയും കെവിന്റെ ഭാര്യ നീനുവിന്റെ പിതാവുമായ ചാക്കോ നല്‍കിയ ജാമ്യാപേക്ഷ ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. താന്‍ ഹൃദ്രോഗിയാണെന്നു ചൂണ്ടിക്കാട്ടിയാണ് ചാക്കോ ജാമ്യാപേക്ഷ നല്‍കിയത്.
പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ഹാജരായിരുന്നില്ല. അതേസമയം, ജാമ്യാപേക്ഷ കോടതി തള്ളിയ സ്ഥിതിക്ക് ഹൈക്കോടതിയില്‍ അപ്പീലിനു പോവുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. വിനോദ്കുമാര്‍ പറഞ്ഞു. ഇതിനിടെ കെവിനെ തട്ടിക്കൊണ്ടുപോയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് നീനുവിന്റെ അമ്മ രഹ്‌നയാണെന്നു വെളിപ്പെടുത്തല്‍. കെവിനെ തട്ടിക്കൊണ്ടുപോവുന്നതിനു തലേന്ന് മാന്നാനത്തുള്ള വീട്ടിലെത്തി ഇവര്‍ ഭീഷണി മുഴക്കിയെന്നും കേസിലെ പ്രധാന സാക്ഷി അനീഷ് മൊഴി നല്‍കിയതായാണു സൂചന. രഹ്‌നയെ കേസില്‍ നിന്ന് ഒഴിവാക്കിയശേഷമുള്ള സാക്ഷിമൊഴിയെ തുടര്‍ന്ന് ഇവരോട് ചൊവ്വാഴ്ച പോലിസിനു മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുള്ളതായി അറിയുന്നു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് നേരത്തേ പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പോലിസ് കുറ്റപത്രം സമര്‍പ്പിച്ച ശേഷം മാത്രമേ ഈ ആവശ്യമുന്നയിച്ച് ഹരജി ഫയല്‍ ചെയ്യാനാവൂ.
Next Story

RELATED STORIES

Share it