Flash News

''നീതി വേണം,രക്ഷപ്പെടുത്തണം'' ; ഡോ. ഹാദിയ മാധ്യമങ്ങള്‍ക്ക് എഴുതിയ കത്ത് പുറത്ത്



കൊച്ചി/കോട്ടയം/കൊല്ലം: കോടതിവിധിയെ തുടര്‍ന്ന് വീട്ടുതടങ്കലിലായ തന്നെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹാദിയ മാധ്യമങ്ങള്‍െക്കഴുതിയ കത്ത് പുറത്തുവന്നു. തടവറയിലെ ഏകാന്തതയില്‍ നിന്ന് രക്ഷപ്പെടുത്തണെമന്നാവശ്യപ്പെട്ട് എഴുതിയ കത്ത് സുഹൃത്ത് വഴിയാണ് മാധ്യമങ്ങളുടെ പക്കലെത്തിയത്. “”ഞാന്‍ അപേക്ഷിക്കുകയാണ്. എന്നെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണം. തടവറയില്‍നിന്ന് തടവറയിലേക്ക് തള്ളിക്കൊണ്ടുള്ള ജസ്റ്റിസ് സുരേന്ദ്ര മോഹന്റെ വിധി എനിക്ക് ഒരിക്കലും അംഗീകരിക്കാനാവില്ല. ഈ നീതിനിഷേധത്തിനെതിരേ പ്രതികരിക്കുന്നതിന് നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു. എന്നെ മോചിപ്പിക്കണമെന്ന് മാധ്യമസുഹൃത്തുക്കളോട് അപേക്ഷിക്കുകയാണ്. എനിക്കു നീതിവേണം’’- കത്തില്‍ ഹാദിയ പറയുന്നു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം എസ്എന്‍വി സദനത്തില്‍ പോലിസ് കാവലില്‍ കഴിയുന്നതിനിടയില്‍ കഴിഞ്ഞ മാസം 26നാണ് ഹാദിയ ഈ കത്ത് എഴുതിയത്. പിന്നീട് കോടതിയുടെ നിര്‍ദേശപ്രകാരം ഹാദിയയെ വൈക്കത്തെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. 20ഓളം പോലിസുകാരുടെ കനത്ത കാവലില്‍ പുറംലോകവുമായി ഒരു ബന്ധവുമില്ലാതെയാണ് വീട്ടുതടങ്കലില്‍ കഴിയുന്നത്. സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം മതം സ്വീകരിക്കുകയും നിയമപ്രകാരം ഷഫിന്‍ എന്ന മുസ്‌ലിം യുവാവിനെ വിവാഹം കഴിക്കുകയും ചെയ്ത ബിഎച്ച്എംഎസ് ബിരുദധാരിയായ  അഖില എന്ന ഹാദിയയെയാണ് പിതാവ് വൈക്കം കാരാട്ട് അശോകന്റെ ഹരജിയില്‍ മാതാപിതാക്കള്‍ക്കൊപ്പം വിട്ടുകൊണ്ട് ജ.സുരേന്ദ്രമോഹന്‍, ജ. എബ്രഹാം മാത്യു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ മാസം 24ന് വിധി പുറപ്പെടുവിച്ചത്്. ഹാദിയയെ പോലിസ് അകമ്പടിയോടെ വീട്ടിലെത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. മാതാപിതാക്കളുടെ സാന്നിധ്യം പെണ്‍കുട്ടികളുടെ വിവാഹത്തിന് നിര്‍ബന്ധമാണെന്നും അതില്ലാതെ നടന്ന വിവാഹം അസാധുവാണെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. സ്വന്തം ഇഷ്ടപ്രകാരം മതം സ്വീകരിക്കാനും വിവാഹം കഴിക്കാനും ഭരണഘടന അനുവദിക്കുന്ന ജനാധിപത്യരാജ്യത്ത് ഹാദിയക്ക് നീതിനിഷേധിക്കുകയാണെന്ന് റിട്ട. ജഡ്ജിമാരുള്‍പ്പെടെ നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. തന്റെ മകള്‍ അഖിലയെ കാണാനില്ലെന്നും  ആരുടെയോ തടവിലാണെന്നും മകളെ കണ്ടെത്തി ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് 2016 ജനുവരി 19നാണ് അശോകന്‍ ഹൈക്കോടതിയില്‍ ആദ്യ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്തത്. മകളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയമാക്കിയെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍, ഈ ആരോപണങ്ങള്‍ തെറ്റാണെന്നും താന്‍ സ്വന്തം ഇഷ്ടപ്രകാരം മതം മാറിയതാണെന്നും ആരുടെയും തടവിലല്ലെന്നും ഹാദിയ കോടതിയെ ബോധ്യപ്പെടുത്തിയതോടെ ഹരജി തീര്‍പ്പാക്കി ഹാദിയയെ വിട്ടയച്ചിരുന്നു. പിന്നീട് ആറുമാസത്തിനുശേഷം അശോകന്‍ കോടതിയില്‍ രണ്ടാമതും ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്തു. തുടര്‍ന്നാണ് ഹാദിയക്കെതിരേ ഹൈക്കോടതി വിധി പുറപ്പെടുവിക്കുന്നതും വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുന്നതും
Next Story

RELATED STORIES

Share it