Editorial

നീതിന്യായ വ്യവസ്ഥയ്ക്ക് കളങ്കം വരുത്തുന്നു



ഒരു ഹൈക്കോടതി ജഡ്ജിയെ കോടതിയലക്ഷ്യത്തിനു ശിക്ഷിച്ചുകൊണ്ട് സുപ്രിംകോടതി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. തമിഴ്‌നാട് സ്വദേശിയായ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ചിന്നസ്വാമി സ്വാമിനാഥന്‍ കര്‍ണനെയാണ് ചീഫ്ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായ ഏഴംഗ ബെഞ്ച് ആറു മാസത്തെ തടവിനു ശിക്ഷിച്ചിരിക്കുന്നത്. ജസ്റ്റിസ് കര്‍ണന്‍ നേരെ ചെന്നൈയിലേക്കു പോവുകയും മാധ്യമങ്ങളോട് തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. വിവാദ വിഷയത്തില്‍ സുപ്രിംകോടതി മാധ്യമങ്ങളുടെ വായ അടച്ചുകെട്ടിയതിനാല്‍ നേരത്തേ നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിലേ ഇപ്പോള്‍ ഒരു വിലയിരുത്തല്‍ സാധ്യമാവൂ. ദലിതനായ തന്നോടും അസവര്‍ണരായ മറ്റു ന്യായാധിപന്‍മാരോടും ഉന്നത ജുഡീഷ്യറി വലിയ വിവേചനം കാണിക്കുന്നുവെന്ന പരാതി ഉയര്‍ത്തിയതോടെയാണ് ജസ്റ്റിസ് കര്‍ണന്‍ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്. 2011ല്‍ തന്നെ ദേശീയ പട്ടികജാതി കമ്മീഷന്‍ മുമ്പാകെ കര്‍ണന്‍ ഇതുസംബന്ധമായ ആവലാതി ബോധിപ്പിച്ചിരുന്നു. അതിന്റെ മേല്‍ വിശേഷാല്‍ നടപടികളൊന്നും ഉണ്ടായതായി കാണുന്നില്ല. തുടര്‍ന്ന് കര്‍ണന്റെ പെരുമാറ്റത്തെക്കുറിച്ച് മറ്റു ന്യായാധിപന്‍മാര്‍ വിയോജിപ്പു പ്രകടിപ്പിച്ചതിനെക്കുറിച്ച വാര്‍ത്തകള്‍ വന്നിരുന്നു. മദ്രാസ് ഹൈക്കോടതി ചീഫ്ജസ്റ്റിസ് സമ്മര്‍ദം ചെലുത്തിയതു മൂലമാണ് അദ്ദേഹത്തെ കൊല്‍ക്കത്തയിലേക്കു മാറ്റിയത്. ജസ്റ്റിസ് കര്‍ണനും സുപ്രിംകോടതിയും തമ്മിലുള്ള വടംവലി രൂക്ഷമാവുന്നത്, അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന 20 ന്യായാധിപന്മാരെക്കുറിച്ച് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തെഴുതിയതോടെയാണ്. ഇതില്‍ ക്ഷുഭിതരായാണ് സുപ്രിംകോടതി അദ്ദേഹത്തിനെതിരേ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചത്. പിന്നെയാണ് “ചരിത്രം തിരുത്തിക്കുറിക്കുന്ന’ രസകരമായ നടപടികള്‍ ആരംഭിക്കുന്നത്. നിയമപുസ്തകം നോക്കി ജസ്റ്റിസ് കര്‍ണന്‍ സുപ്രിംകോടതി ജഡ്ജിമാരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി. പിന്നെ സുപ്രിംകോടതി അദ്ദേഹത്തിന്റെ മനോനില പരിശോധിക്കാനാണ് ഉത്തരവിട്ടത്. സുപ്രിംകോടതി ചീഫ്ജസ്റ്റിസ് അടക്കം ഏഴു ജഡ്ജിമാര്‍ക്ക് അഞ്ചു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചുകൊണ്ട് ജസ്റ്റിസ് തിരിച്ചടിച്ചു. ഒരു പൈങ്കിളി സീരിയല്‍ പോലെ നടന്ന സംഭവങ്ങള്‍ ഇന്ത്യയിലെ ഉന്നത നീതിപീഠങ്ങള്‍ക്കു ചേര്‍ന്നതായില്ല എന്നതില്‍ സംശയമില്ല. ജസ്റ്റിസ് കര്‍ണന്റെ പല നടപടികളും അതിരുകടന്നതും ന്യായാധിപന്‍മാരുടെ പെരുമാറ്റത്തെക്കുറിച്ച് സംശയങ്ങള്‍ ജനിപ്പിക്കുന്നതും തന്നെ. അതേയവസരം സുപ്രിംകോടതി ഈ വിഷയത്തില്‍ കാണിച്ച അത്യുല്‍സാഹം പരമോന്നത നീതിപീഠത്തെക്കുറിച്ചുള്ള മതിപ്പ് വര്‍ധിപ്പിക്കുന്നതുമല്ല. ഹൈക്കോടതികളുടെ മേല്‍ സുപ്രിംകോടതിക്ക് ഇത്രയേറെ അധികാരമുണ്ടോ എന്ന തര്‍ക്കം വേറെയുണ്ട്. ജസ്റ്റിസ് കര്‍ണന്റെ വായ മൂടിക്കെട്ടുന്ന വിധി ഒരു ജനാധിപത്യ വ്യവസ്ഥയ്ക്ക് ഒട്ടും ചേര്‍ന്നതായില്ല. ജുഡീഷ്യറിയിലെ വിവേചനങ്ങളെക്കുറിച്ചും അഴിമതിയെക്കുറിച്ചും ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ക്ക് ഈ നടപടികളൊന്നും ഒരു മറുപടിയും നല്‍കുന്നില്ലെന്നും ഓര്‍ക്കേണ്ടതുണ്ട്. ന്യായാധിപന്‍മാര്‍ എത്രയും പെട്ടെന്നു വിവാദങ്ങള്‍ അവസാനിപ്പിച്ചാല്‍ അത്രയും നന്നായി.
Next Story

RELATED STORIES

Share it