Flash News

നിസാമിനെ രക്ഷിക്കാന്‍ ശ്രമിച്ച പോലീസുകാര്‍ നടപടിയില്‍ നിന്ന് രക്ഷപ്പെട്ടുവെന്ന് ജേക്കബ്ബ് ജോബ്

നിസാമിനെ രക്ഷിക്കാന്‍ ശ്രമിച്ച പോലീസുകാര്‍ നടപടിയില്‍ നിന്ന് രക്ഷപ്പെട്ടുവെന്ന് ജേക്കബ്ബ് ജോബ്
X


പത്തനംതിട്ട: തൃശൂരിലെ ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമിനെ രക്ഷിക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ വകുപ്പുതല നടപടികളില്‍ നിന്ന് രക്ഷപ്പെട്ടതായി പത്തനംതിട്ട ജില്ലാ പോലിസ് മേധാവി ജോബ്.  ഈ മാസം വിരമിക്കുന്ന ജേക്കബ്ബ് ജോബ് പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു.
ചന്ദ്രബോസ് വധക്കേസില്‍ നിസാമിനെ തനിച്ച് ചോദ്യം ചെയ്‌തെന്ന ആരോപണത്തെത്തുടര്‍ന്ന് തനിക്ക് നടപടി നേരിടേണ്ടിവന്നു. താന്‍ തൃശൂര്‍ പോലീസ് മേധാവിയായിരിക്കെയായിരുന്നു സംഭവം.നിസാമിനെ അറസ്റ്റ് ചെയ്ത ഏക പോലീസ് ഉദ്യോഗസ്ഥനാണ് താന്‍. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം പരിഗണിച്ച് കാപ്പാ ചുമത്താന്‍ വേണ്ട നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതും താനാണ്. തനിക്ക് എതിരെ നീങ്ങിയ പോലീസ് ഉന്നതന്‍ പിന്നീട് പരീക്ഷാ ക്രമക്കേടില്‍ ഡീബാര്‍ നേരിട്ടുവെന്നും എസ്.പി. പറഞ്ഞു.
പ്രതിയുമായി ബെംഗളൂരുവില്‍ പോയ പോലീസ് ഉദ്യോഗസ്ഥര്‍ ഉല്ലാസയാത്ര നടത്തിയെന്നും പ്രതിയെ വിലങ്ങില്ലാതെ നടത്തിയെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതൊക്കെ അന്വേഷിച്ചിരുന്നു. നിസാമിന് എതിരെ ബെംഗളൂരുവിലുള്ള കേസിന്റെ വിവരങ്ങള്‍ ശേഖരിച്ച് വരണമെന്ന്  പോയ പോലീസ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിരുന്നു. പക്ഷേ താന്‍ തിരക്കിയപ്പോള്‍ അത് ശേഖരിച്ചില്ലന്നാണ് മറുപടി കിട്ടിയത്. ബെംഗളൂരുവില്‍ നിന്ന് മടങ്ങിയ സംഘത്തെ വീണ്ടും അവിടേക്ക് വിട്ടാണ് കേസ് വിവരം ശേഖരിച്ചത്. ആ ഉദ്യോഗസ്ഥരോട് താന്‍ മെയിലില്‍ വിശദീകരണം ചോദിച്ചു. ബെംഗളൂരുവിലെ കേസിന്റെ വിവരം ചേര്‍ത്തത് കൊണ്ടാണ് അയാള്‍ക്ക് ജാമ്യം കിട്ടാത്ത വിധം കുരുങ്ങിയത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ  നടപടി എടുത്തില്ലന്ന് വരുത്താന്‍ ചില പോലീസ് ഉന്നതര്‍ ശ്രമിച്ചു. എന്നാല്‍ മെയിലില്‍ വിശദീകരണനോട്ടീസ് നല്‍കിയത് തെളിവായി മാറി. തന്റെ നിരപരാധിത്വം തെളിയിക്കാനും ഇത് സഹായിച്ചു.
താന്‍ അടച്ചിട്ട മുറിയില്‍ ചോദ്യം ചെയ്തത് നിയമപരമായിട്ടാണ്. പ്രധാന കേസുകളില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പ്രതിയെ ചോദ്യം ചെയ്യണമെന്നത് നിയമപരമാണ്. അത് അങ്ങാടിയില്‍ വെച്ച് ചെയ്യണം എന്ന് പറയുന്നത് ശരിയല്ല. താന്‍ ഔദ്യോഗിക ചേംബറിലാണ് ചോദ്യം ചെയ്തത്. അതിനിടെ പല പോലീസ് ഉദ്യോഗസ്ഥരും മുറിയില്‍ വന്നിരുന്നു. ഇതൊക്കെ രേഖയിലുള്ളതാണ്. ഇതില്‍ എന്ത് സ്വകാര്യതയാണുള്ളത്. നിസാമിന് എതിരെ പ്രാഥമികമായി നടത്തിയ അന്വേഷണം വളരെ ദുര്‍ബ്ബലമായിരുന്നു. ചന്ദ്രബോസിന്റെ വസ്ത്രം കത്തിച്ചിരുന്നു. വാഹനത്തില്‍ ശരിയായ പരിശോധന നടത്തിയില്ല. പ്രതിയെ രക്ഷിക്കാന്‍ ശ്രമം നടത്തി. രാത്രി പട്രോള്‍ ഡ്യൂട്ടിയിലുള്ള പോലീസ് ടീമിനെ വിട്ട് താനാണ് നിസാമിന്റെ അറസ്റ്റ് നടത്തിയത്. അയാള്‍ രാജ്യം വിട്ടുപോകാന്‍ സാധ്യതയുണ്ടെന്ന് വിവരം കിട്ടിയിരുന്നു. നിസാമില്‍ നിന്ന് വിഹിതം പറ്റാത്തവര്‍ തൃശൂരില്‍ കുറവായിരുന്നുവെന്നും ജേക്കബ്ബ് ജോബ് പറഞ്ഞു. താന്‍ സ്വീകരിച്ച നടപടികള്‍ കൃത്യമായത് കൊണ്ടാണ് കോടതി തന്നെ കുറ്റവിമുക്തനാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it