malappuram local

നിള ടൂറിസം സര്‍ക്യൂട്ട് പദ്ധതി സന്ദര്‍ശനത്തിലൊതുങ്ങി

തിരൂര്‍: കേന്ദ്ര സര്‍ക്കാറിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 100 കോടി ചെലവില്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച നിള ടൂറിസം സര്‍ക്യൂട്ട് പദ്ധതി കേന്ദ്ര സര്‍ക്കാറിന്റെ സന്ദര്‍ശനത്തിലൊതുങ്ങി. മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നായി നിളയുടെ സമീപത്തുള്ള സാംസ്‌കാരിക തീര്‍ഥാടന കേന്ദ്രങ്ങളും ചരിത്ര സ്മാരകങ്ങളേയും ബന്ധിപ്പിച്ചായിരുന്നു പദ്ധതി. പദ്ധതിയുടെ സാധ്യതാ പഠനം, നടപ്പാക്കേണ്ട പ്രവര്‍ത്തികള്‍, അടിസ്ഥാന സൗകര്യം എന്നിവയെ കുറിച്ച് പഠിച്ച് പദ്ധതി അംഗീകാരം നല്‍കുന്നതിന് 2015 നവംമ്പര്‍ 27 ന് കേന്ദ്ര സംഘം സ്ഥലം സന്ദര്‍ശിച്ച് സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഗോവിന്ദ് സുയാന്‍, ക്രാത്വി സേത് ,എസ് മോഹനന്‍, നിസാര്‍, ഗ്രേറ്റ് ഇന്ത്യ ടൂറിസം പ്ലാനേഴ്‌സ് ആന്റ് കണ്‍സള്‍ട്ടന്‍സ് പ്രതിനിധികള്‍ എന്നിവരടങ്ങിയതായിരുന്നു കേന്ദ്ര സംഘം. ടൂറിസം ഡെപ്യൂട്ടി ഡയരക്ടര്‍ കെ എസുന്ദരന്‍, ഡിടിപിസി സെക്രട്ടറി വി ഉമ്മര്‍കോയ, പ്രോജക്ട് എഞ്ചിനീയര്‍ ടി രാജേഷ് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.സംഘം സ്ഥലം സന്ദര്‍ശിച്ച് സംതൃപ്തി രേഖപ്പെടുത്തി മടങ്ങി രണ്ടു വര്‍ഷം പിന്നിട്ടെങ്കിലും പദ്ധതിക്ക് ഇതുവരെ ജീവന്‍വെച്ചിട്ടില്ല.മലപ്പുറം ജില്ലയിലെ മാമാങ്ക സ്മാരകങ്ങളായ ചങ്ങമ്പള്ളികളരി, മണിക്കിണര്‍, നിലപാടുതറ, പഴുക്കാ മണ്ഡപം, മരുന്നറ, സാമൂതിരിയുടെ കാലഘട്ടത്തില്‍ പൊന്നാനിയില്‍ നിന്ന് തിരുനാവായയിലേക്ക് ചരക്ക് എത്തിച്ചിരുന്ന ബന്ദര്‍ കടവ്, തൃപങ്ങോട് ക്ഷേത്രം, പൊന്നാനി വലിയ ജുമാ മസ്ജിദ്, പൊന്നാനി മഖ്ദൂമിന്റെ പള്ളിയും അവശേഷിക്കുന്ന വീടിന്റെ ഭാഗവും, പൊന്നാനി അങ്ങാടി എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. മാമാങ്ക സ്മാരകങ്ങള്‍ക്ക് സംരക്ഷണഭിത്തി,സ്മാരകങ്ങള്‍ക്ക് സമീപം വിശ്രമ സ്ഥലം, നടപ്പാത, ലൈറ്റിങ് സംവിധാനം, മറ്റ് അടിസ്ഥാന സൗകര്യങ്ങളും ബന്ദര്‍ കടവില്‍ കുട്ടികള്‍ക്കുള്ള പാര്‍ക്കും ബോട്ടിങ് സൗകര്യവും പദ്ധതി വിഭാവനം ചെയ്തിരുന്നു.   പാലക്കാട് ജില്ലയില്‍ നിന്ന് ചിറ്റൂര്‍ തുഞ്ചന്‍ ഗുരുമഠം, കല്‍പ്പാത്തി ഗ്രാമം, ചെമ്പൈ ഗ്രാമം, ചന്ദ്രശേഖരപുരം ഗ്രാമം, രായിരനെല്ലൂര്‍ മല, വേമഞ്ചേരി മന, പന്നിയൂര്‍ വിരാഹമൂര്‍ത്തി ക്ഷേത്രം, തൃശൂര്‍ ജില്ലയിലെ ഐവര്‍മഠം, തിരുവിലാമല ക്ഷേത്രം, കൂത്താബുള്ളി കൈത്തറി ഗ്രാമം എന്നിവയുമായിരുന്നു സ്വദേശി ദര്‍ശനില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പദ്ധതി നടപ്പാകുന്നതോടെ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലക്ക് കടുതല്‍ കരുത്തേകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇതിനു പുറമെ നിള സംരക്ഷണ പദ്ധതി, നിളാ കലാഗ്രാമം മ്യൂസിയം പദ്ധതി എന്നിവയും കടലാസിലൊതുങ്ങുകയാണ്.
Next Story

RELATED STORIES

Share it