malappuram local

നിലമ്പൂര്‍ ടൗണില്‍ വീതികൂട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ്‌

നിലമ്പൂര്‍: നാടുകാണി - പരപ്പനങ്ങാടി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ ടൗണില്‍ വീതി വര്‍ധിപ്പിക്കേണ്ടതില്ലെന്ന് പൊതുമരാമത്ത്. പൊതുമരാമത്ത് വകുപ്പില്‍നിന്നു വിവരം അറിഞ്ഞ നഗരസഭ അധികൃതര്‍ തീരുമാനത്തിനെതിരേ എതിര്‍പ്പുമായി രംഗത്തുവന്നു. ചൊവാഴ്ച്ച നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥിന്റെ അധ്യക്ഷതയില്‍ കൗണ്‍സിലര്‍മാരുടെ അടിയന്തിരയോഗം ചേര്‍ന്നു.
ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം ചീഫ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പ്രിന്‍സ് ബാലനും ക്ഷണപ്രകാരം യോഗത്തിനെത്തിയിരുന്നു. ടൗണില്‍ വീതി കൂട്ടണമെങ്കില്‍ ചീഫ് എന്‍ജിനീയറുടെ പ്രത്യേക അനുമതി തേടേണ്ടതുണ്ടെന്ന് പ്രിന്‍സ് ബാലന്‍ പറഞ്ഞു. എന്നാല്‍, ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന നിലമ്പൂര്‍ ടൗണില്‍ പാത നവീകരണത്തിന്റെ ഭാഗമായുള്ള വീതി നിര്‍ബന്ധമായും വേണമെന്ന നിലപാടില്‍ നഗരസഭ ഉറച്ചുനിന്നു.
റോഡ് മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി നിലമ്പൂര്‍ ടൗണില്‍ 375 മീറ്റര്‍ നീളത്തില്‍ നഗരസഭ മുമ്പ് നവീകരണ പ്രവൃത്തി നടത്തിയിരുന്നു. ഈ ഭാഗം ഒഴിവാക്കാനാണ് പൊതുമരാമത്ത് വിഭാഗത്തിന്റെ തീരുമാനം. നാടുകാണി - പരപ്പനങ്ങാടി പാത നവീകരണത്തില്‍ 12 മീറ്റര്‍ വീതിയാണ് വേണ്ടത്. എന്നാല്‍, ഇത്രയും വീതി നിലവിലെ ടൗണ്‍ ഭാഗത്തില്ല. പദ്ധതി പ്രകാരം റോഡ് നവീകരണം തുടങ്ങുന്ന നാടുകാണിചുരം മുതല്‍ പരപ്പനങ്ങാടിവരെ 12 മീറ്റര്‍ വീതിയില്‍ റോഡ് നവീകരണത്തിനാണ് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടുള്ളത്. റോഡിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുകൂടി ഫണ്ട് വകയിരുത്തിയിട്ടുണ്ട്. അന്തിമതീരുമാനം കൈക്കൊള്ളുന്നതിനായി മെയ് 2ന് വൈകീട്ട് മൂന്നിന് മിനി ടൗണ്‍ ഹാളില്‍ യോഗം വിളിക്കും. വ്യാപാരി സംഘടനകള്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍, കൗണ്‍സിലര്‍മാര്‍, പൊതുമരാമത്ത് അധികൃതര്‍, കെട്ടിട ഉടമകള്‍ എന്നിവരെ യോഗത്തിലേക്ക് ക്ഷണിക്കും.
മലയോര പാത കടന്നുപോവുന്നതിന്റെ ഭാഗമായുള്ള ലൂപ് റോഡിനെ സംബന്ധിച്ചും ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച നിലമ്പൂര്‍ ജില്ലാ ആശുപത്രി റോഡ്, വീട്ടിക്കുത്ത് റോഡ് എന്നിവയെ കുറിച്ചും യോഗത്തില്‍ ചര്‍ച്ചചെയ്യും. നഗരസഭ ൈവസ് ചെയര്‍മാന്‍ പി വി ഹംസ, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ ഗോപിനാഥ്, മുംതാസ് ബാബു, പി ഷേര്‍ളിമോള്‍, കൗണ്‍സിലര്‍മാരായ എന്‍ വേലുക്കുട്ടി, പാത്തിപ്പാറ സുരേഷ്, മുജീബ് ദേവശ്ശേരി പങ്കെടുത്തു.
Next Story

RELATED STORIES

Share it