malappuram local

നിലമ്പൂര്‍ കളത്തുംകടവ് വിസിബി കം ്രബിഡ്ജ് വേണമെന്ന് നാട്ടുകാര്‍

നിലമ്പൂര്‍: ചാലിയാര്‍ നദീതട പ്രൊജക്ടിലെ അഞ്ച് ചെറുകിട ജലസേചന പദ്ധതിയില്‍ ഓന്നായ ചാലിയാര്‍ പുഴയ്ക്കു കുറുകെ കളത്തുംകടവില്‍ റെഗുലേറ്ററിന് പകരം വിസിബി കം ബ്രിഡ്ജ് നിര്‍മിക്കണമെന്ന് നാട്ടുകാര്‍. യാത്രാപ്രശ്‌നം ഏറെ രൂക്ഷമായ പ്രദേശത്ത് വിസിബി കം ബ്രിഡ്ജ് നിര്‍മാണമാണ് ആവശ്യമെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാണിക്കുന്നു.
കിഫ്ബിയുടെ സഹായത്തോടെ ഇവിടെ റെഗുലേറ്റര്‍ നിര്‍മിക്കുമെന്ന് പി വി അന്‍വര്‍ എംഎല്‍എയുടെ ചോദ്യത്തിന് ജലവിഭവ മന്ത്രി മാത്യൂ ടി തോമസ് കഴിഞ്ഞ ദിവസം നിയമസഭയില്‍ മറുപടി നല്‍കിയിരുന്നു. കളത്തിന്‍കടവില്‍ നിലമ്പൂര്‍ അമരമ്പലം കുടിവെള്ള പദ്ധതിക്ക് വേണ്ടി വരള്‍ച്ച സമയത്ത് ഇവിടെ വാട്ടര്‍ അതോറിറ്റി താല്‍ക്കാലിക തടയണ നിര്‍മിക്കാറുണ്ടെന്നും കുടിവെള്ള പ്രശ്‌നപരിഹാരമാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചിരുന്നു.
എന്നാല്‍, തടയണയോടൊപ്പം ബ്രിഡ്ജും നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അത്തിക്കാട്, മൊടവണ്ണ, കുന്നത്തുചാല്‍, മണ്ണുപ്പാടം, പൈങ്ങാക്കോട് പ്രദേശത്തുള്ള നൂറ് കണക്കിന് കുടുംബങ്ങള്‍ നിലവില്‍ യാത്രദുരിതത്തിലാണ്. ഇവരുടെ യാത്ര പ്രശ്‌നത്തിനുകൂടി ഉതകുന്ന രീതിയില്‍ പദ്ധതി വിഭാവനം ചെയ്യണമെന്നാണ് ആവശ്യം.
നിലവില്‍ ചന്തക്കുന്ന്-മൈലാടി വഴി ചുറ്റി എട്ട് കിലോമീറ്റര്‍ യാത്ര ചെയ്തുവേണം നാട്ടുകാര്‍ക്ക് നിലമ്പൂരിലെത്താന്‍. പാലം വന്നാല്‍ രണ്ടരക്കിലോമീറ്റര്‍ കൊണ്ട് നിലമ്പൂരിലും ജില്ല ആശുപത്രിയിലുമെത്താം. ജലസേചന വകുപ്പിന് കീഴില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കാന്‍ മുമ്പ് തീരുമാനിച്ചിരുന്നതാണ്. ബോറിങ് പ്രവൃത്തി പൂര്‍ത്തീകരിച്ച ശേഷം 36 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ജലസേചന വകുപ്പ് സര്‍ക്കാരിലേയ്ക്കു സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, റെഗുലേറ്റര്‍ മാത്രം നിര്‍മിക്കാനുള്ള പ്രൊപ്പോസല്‍ തയ്യാറാക്കി സമര്‍പ്പിക്കാനാണ് ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍ പിന്നീടു് നല്‍കിയ നിര്‍ദേശം.
ഇതിനെതിരേ നാട്ടുകാര്‍ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. എന്നാല്‍, ചീഫ് എന്‍ജിനീയറുടെ നിര്‍ദേശപ്രകാരം റെഗുലേറ്റര്‍ നിര്‍മിക്കാനുള്ള പ്രപ്പോസല്‍ തയ്യാറാക്കിയാണ് ജലവിഭവ വകുപ്പ് സര്‍ക്കാരിലേയ്ക്ക് സമര്‍പ്പിച്ചത്. ഇതിനാണ് ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നത്. 160 മീറ്റര്‍ ദൈര്‍ഘ്യമുള്ള റെഗുലേറ്ററിന് അഞ്ചടി വീതിയാണുള്ളത്. ഇത് എട്ടടി വീതിയാക്കിയാല്‍ ഹെവി വാഹനങ്ങള്‍ ഒഴികെയുള്ള വാഹനങ്ങള്‍ക്കു കടന്നുപോവാനാവും. ഇതിന് കൂടുതല്‍ അധിക ബാധിത വരില്ലെന്നാണ് ജലവിഭവ വകുപ്പിലെ സാങ്കേതിക വിദഗ്ധര്‍ പറയുന്നത്.
എന്നാല്‍, മറുഭാഗം വനം ഭൂമിയായതിനാല്‍ അപ്രോച്ച് റോഡിന് അനുമതി ലഭിക്കില്ലെന്ന മുന്‍ധാരണ പ്രകാരമാണ് റെഗുലേറ്റര്‍ മാത്രമായി നിര്‍മിക്കാന്‍ പ്രപ്പോസല്‍ തയ്യാറാക്കിയതെന്നാണ് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
അതേസമയം, 200 മീറററോളം ദൂരത്തില്‍ മാത്രമാണ് അപ്രോച്ച് റോഡ് വേണ്ടതെന്നും നിലവില്‍ ഇവിടെ റോഡുണ്ടെന്നും മരങ്ങള്‍ മുറിക്കേണ്ടതായി വരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
Next Story

RELATED STORIES

Share it