Flash News

നിലമ്പൂര്‍ ഏറ്റുമുട്ടല്‍: കലക്ടറുടെ റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്ന് സര്‍ക്കാര്‍

നിലമ്പൂര്‍ ഏറ്റുമുട്ടല്‍: കലക്ടറുടെ റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്ന് സര്‍ക്കാര്‍
X
തിരുവനന്തപുരം: നിലമ്പൂരിലെ കരുളായ് വനത്തില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജും അജിത എന്ന കാവേരിയും കൊല്ലപ്പെട്ട സംഭവത്തില്‍ മലപ്പുറം കലക്ടര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്ന് സര്‍ക്കാര്‍. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണെന്നും അതിനാല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നുമാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം.



റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ട് ജനകീയ മനുഷ്യാവകാശ പ്രവര്‍ത്തകരാണ് ആഭ്യന്തര വകുപ്പിനും മലപ്പുറം കലക്ടര്‍ക്കും അപേക്ഷ നല്‍കിയത്. എന്നാല്‍, വിവരാവകാശ നിയമം സെക്ഷന്‍ 8എ അനുസരിച്ച് രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്ന് സര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്ത പശ്ചാത്തലത്തില്‍ നിയമ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ തീരുമാനം. നവംബര്‍ 22നാണ് മലപ്പുറം കലക്ടര്‍ അമിത് മീണ ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റുകള്‍ക്ക് നേരെ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. നിലമ്പൂരില്‍ നടന്നത് കമ്യൂണിസ്റ്റ് സര്‍ക്കാരിന് നിരക്കാത്ത നടപടിയെന്നായിരുന്നു സിപിഐയുടെ വിമര്‍ശനം.
സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്ത സാഹചര്യത്തില്‍ നിലമ്പൂരില്‍ നടന്നത് ഏകപക്ഷീയ ഏറ്റുമുട്ടലാണെന്നും ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്നുമുളള മനുഷ്യാവാശ പ്രവര്‍ത്തകരുടെ ആവശ്യവും ഇതോടെ ശക്തമാവുകയാണ്.



.
Next Story

RELATED STORIES

Share it