malappuram local

നിലമ്പൂരില്‍ വികസനത്തിന്റെ പേരില്‍ ഫ്രീസിങ്: ജനങ്ങള്‍ വലയും

മലപ്പുറം: റോഡ് വികസന പദ്ധതിക്ക് ഭൂമി ഫ്രീസ് ചെയ്തതില്‍ വന്‍ പ്രതിഷേധം. നിലമ്പൂര്‍ നഗരസഭയില്‍ ഉള്‍പെട്ട ചെറുതും വലുതുമായ റോഡുകള്‍ക്ക് സമീപത്തെ ഭൂമിയാണ് ഫ്രീസ് ചെയ്തത്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച കരട് മാസ്റ്റര്‍ പ്ലാന്‍ നിലവില്‍ വന്നു. അതനുസരിച്ച് ഇതിന്റെ പരിധിയില്‍ വരുന്ന റോഡിനോട് ചേര്‍ന്നുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ മുന്‍സിപ്പാലിറ്റി അനുമതി നല്‍കുന്നില്ല.
ഇതുകാരണം കുറഞ്ഞ ഭൂമിയുള്ളവര്‍ അത് ഒരു തരത്തിലും ഉപയോഗിക്കാന്‍ കഴിയാതെ ഏറെ കഷ്ടത്തിലാനും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കാതെ അനുമതി നിഷേധിക്കുന്ന നടപടി ജനദ്രോഹപരമെന്ന ആക്ഷേപമുണ്ട്. സിഎന്‍ജി റോഡില്‍ നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയുടെ അതിര്‍ത്തിയായ വടപുറം മുതല്‍ കരിമ്പുഴ വരെ വിവിധ അളവിലാണ് റോഡിന്റെ വീതി നിര്‍ണയിച്ചിരിക്കുന്നത്. വടപുറം മുതല്‍ നിലമ്പൂര്‍ വരെ മുപ്പത്തിരണ്ട് മീറ്റര്‍, നിലമ്പൂര്‍ മുതല്‍ ചന്തക്കുന്ന് വരെ ഇരുപത്തി ഒന്ന് മീററര്‍, വെളിയംതോട് മുതല്‍ കരിമ്പുഴ വരെ മുപ്പത്തിരണ്ട് മീറ്റര്‍ എന്നിങ്ങനെയാണ് മാസ്റ്റര്‍പ്ലാനിലുള്ളത്. നിലവിലുള്ള റോഡിലേക്ക് മുപ്പത്തിരണ്ട് മീറ്റര്‍ തികയ്ക്കാനായി ഭൂമി നല്‍കുന്നതിന് പുറമെ കെട്ടിട നിര്‍മാണ ചട്ടമനുസരിച്ചുള്ള മൂന്ന് മീറ്റര്‍ കൂടി വിട്ടുകൊടുക്കേണ്ടി വരുമ്പോള്‍ കുറഞ്ഞ ഭൂമിയുള്ളവര്‍ക്ക് പിന്നീടൊന്നും ബാക്കിയില്ലാത്ത സ്ഥിതി വരും. സമഗ്രമായ പഠനം നടത്താതെയും, അശാസ്ത്രീയമായ രീതിയിലുമാണ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയതെന്ന് ആക്ഷേപമുണ്ട്. ഇതിന്റെ നോട്ടിഫിക്കേഷന്‍ വരുന്നതിന് ഒരു മാസം മുമ്പ് വരെ നിലമ്പൂര്‍ നഗരസഭ പരിധിയില്‍ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള കെട്ടിടങ്ങള്‍ അര നൂറ്റാണ്ടെങ്കിലും കഴിഞ്ഞ് മാത്രമെ പൊളിച്ചുമാറ്റാന്‍ കഴിയുകയുള്ളൂ. അക്കാലമത്രയും ഇപ്പോള്‍ ഫ്രീസ് ചെയ്ത സ്ഥലങ്ങളില്‍ ഒരു തരത്തിലുള്ള പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്നത് സാധാരണക്കാരും, കുറഞ്ഞ വരുമാനക്കാരുമായവരുടെ ജീവിതം വഴിമുട്ടിക്കും.
എട്ടോളം മുസ്്‌ലിം പള്ളികളും രണ്ട് അമ്പലങ്ങളും നിരവധി കച്ചവട സ്ഥാപനങ്ങളും കൂടാതെ കരിമ്പുഴയില്‍ മാത്രം 46 ഓളം വീടുകളും ഈ പ്ലാന്‍ അനുസരിച്ച് പൊളിച്ച് നീക്കേണ്ടി വരും. ചാരംകുളത്തെ ഇടുങ്ങിയ റോഡ് വീതി കൂട്ടുന്നതോടെ നിരവധി വീടുകള്‍ ഇല്ലാതാവും. മുക്കട്ട റോഡില്‍ വലിയ പള്ളി ഖബറിസ്ഥാനും നിരപ്പാക്കേണ്ട സ്ഥിതിയിലാണ്. എന്നാല്‍, നിലമ്പൂരിലെ പ്രധാന റോഡുകളിലൊന്നായ കോവിലകത്തുമുറി റോഡിനെ ലിസ്റ്റില്‍ ഉള്‍പെടുത്താതെ ഒഴിവാക്കിയ കാര്യം ദുരൂഹമാണ്. ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ ഡിടിപിസി ( ജില്ലാ ടൗണ്‍ പ്ലാനിങ് കമ്മറ്റി) അംഗങ്ങള്‍ ഉള്‍പെട്ട സ്റ്റിയറിങ് കമ്മിറ്റി ഇതെകുറിച്ച് പഠിച്ച് ഭേദഗതി വരുത്തുമെന്നാണ്് മുന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചത്. ഇത്തരത്തില്‍ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ പൊതുജനങ്ങളെ ഉള്‍പെടുത്തി വിശദമായ ചര്‍ച്ച നടത്തുകയെന്ന മാനദണ്ഡങ്ങള്‍ ഒന്നും പാലിച്ചിട്ടില്ലെന്നാത്തറിയുന്നത്. വികസനത്തിന്റെ പേര് പറഞ്ഞ് പൊതുജനങ്ങളെ കുഴപ്പത്തിലാക്കുന്ന ഇത്തരത്തിലുള്ള മാസ്റ്റര്‍പ്ലാന്‍ നിലമ്പൂര്‍ നഗരസഭയില്‍ മാത്രമാണ് നടപ്പാക്കുന്നത്. സമീപത്തെ ആറ് ഗ്രാമപ്പഞ്ചായത്തുകള്‍ക്കും ഇത് ബാധകമല്ലെന്നതും ശ്രദ്ധേയമാണ്.
Next Story

RELATED STORIES

Share it