നിലമ്പൂരില്‍ ഒരു കോടി രൂപയുടെ നിരോധിത നോട്ടുകള്‍ പിടികൂടി

പെരിന്തല്‍മണ്ണ: ഒരു കോടി രൂപയുടെ നിരോധിച്ച 500, 1000 നോട്ടുകളുടെ വന്‍ ശേഖരവുമായി അഞ്ചംഗ സംഘത്തെ നിലമ്പൂരില്‍ പോലിസ് പിടികൂടി. കറന്‍സികള്‍ കടത്താന്‍ ഉപയോഗിച്ച ആഡംബര കാറുകളും പോലിസ് പിടിച്ചെടുത്തു. കൊണ്ടോട്ടി, കോട്ടക്കല്‍ എന്നിവിടങ്ങളിലെ ഏജന്റുമാര്‍ നിരോധിത കറന്‍സികളുടെ വിതരണവും കൈമാറ്റവും നടത്തുന്നുണ്ടെന്നു ജില്ലാ പോലിസ് സൂപ്രണ്ട് പ്രതീഷ്‌കുമാറിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ കെ എം ബിജു, പെരിന്തല്‍മണ്ണ ടൗണ്‍ ഷാഡോ പോലിസ് ടീം എന്നിവര്‍ ചേര്‍ന്നു നടത്തിയ രഹസ്യ നിരീക്ഷണത്തിലാണു സംഘം പിടിയിലാവുന്നത്. കറന്‍സികളുമായി ആഡംബര കാറുകളിലെത്തിയ തിരുവനന്തപുരം ശ്രീകാര്യം ചവടിക്കോണം സന്തോഷ് ഭവനില്‍ സന്തോഷ് (43), ചെന്നൈ ഭജനകോവില്‍ മുനീശ്വരന്‍ സ്ട്രീറ്റ് സോമനാഥന്‍ എന്ന നായര്‍ സര്‍ (71), കൊണ്ടോട്ടി കൊളത്തൂര്‍ നീറ്റാണി കുളപ്പള്ളി വീട്ടില്‍ ഫിറോസ് ബാബു (34), കൊണ്ടോട്ടി ചിറയില്‍ ജസീനാ മന്‍സിലില്‍ ജലീല്‍ (36), മഞ്ചേരി പട്ടര്‍കുളം എരിക്കുന്നന്‍ വീട്ടില്‍ ഷൈജല്‍ (32) എന്നിവരെയാണു നിലമ്പൂര്‍ വടപുറം പാലപ്പറമ്പില്‍ വച്ച് രാത്രി ഏഴരയോടെ അറസ്റ്റ് ചെയ്തത്.
തൃശൂര്‍, പാലക്കാട് ഭാഗങ്ങള്‍ കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇത്തരം നിരോധിത കറന്‍സികളുടെ വിതരണവും കൈമാറ്റവും നടത്തുന്നതിന്റെ പ്രധാന ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നതെന്നു പ്രതികളെ ചോദ്യംചെയ്തതില്‍ നിന്ന് അന്വേഷണസംഘത്തിനു മൊഴി ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കറന്‍സി വിതരണ ഏജന്‍സികളുമായി ബന്ധപ്പെടുത്തി ഒരു കോടി നിരോധിത കറന്‍സിക്ക് 35 ലക്ഷം രൂപ വരെ വില നല്‍കിയാണ് വില്‍പനയും വിതരണവും നടത്തുന്നതെന്നു പോലിസ് അറിയിച്ചു. ഇത്തരത്തില്‍ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ ചില കേന്ദ്രങ്ങളില്‍ പ്രത്യേകം ഏജന്റുമാര്‍ ശേഖരിച്ചു വച്ച നിരോധിത കറന്‍സികളുടെ വിതരണത്തിനായി കേരളത്തിലെ പല ഏജന്റുമാരുമായി സംസാരിക്കുന്നുണ്ടെന്നു പ്രതികള്‍ പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിട്ടുണ്ട്.
നിരോധിത നോട്ടുകള്‍ തിരിച്ചടയ്ക്കുന്നതിനുള്ള സമയപരിധി കഴിഞ്ഞിട്ടും കോടിക്കണക്കിനു രൂപ കൈവശം വച്ചതിനു നിരവധി സംഘങ്ങളെ ഇതിനു മുമ്പ് പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പിടികൂടിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കും.
ഡിവൈഎസ്പിക്ക് പുറമെ ഇ ന്‍സ്‌പെക്ടര്‍ കെ എം ബിജു, എസ്‌ഐ അശ്‌റഫ്, ടൗണ്‍ ഷാഡോ ടീമിലെ അന്വേഷണ ഉദ്യോഗസ്ഥരായ സി പി മുരളി, എന്‍ ടി കൃഷ്ണകുമാര്‍, എം മനോജ്കുമാര്‍ വണ്ടൂര്‍, നിലമ്പൂര്‍ സ്റ്റേഷനുകളിലെ പോലിസുകാരായ പ്രദീപ്കുമാര്‍, മാത്യു, സവാദ്, ജഗദീഷ്, വനിതാ സിവില്‍ പോലിസ് ഓഫിസറായ റഹിയാനത്ത് എന്നിവരടങ്ങിയ സംഘമാണ് കേസിന്റെ തുടരന്വേഷണം നടത്തുന്നത്.

Next Story

RELATED STORIES

Share it