malappuram local

നിലമ്പൂരിന് സര്‍ക്കാര്‍ കോളജ് നഷ്ടമായതില്‍ പ്രതിഷേധം ശക്തം



നിലമ്പൂര്‍:  നഗരസഭയുടെ പിടിപ്പുകേടു കാരണം സര്‍ക്കാര്‍ കോളജ് നിലമ്പൂരിന് നഷ്ടമായതിനെതിരേ വ്യാപക പ്രതിഷേധം. നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയിലെ മാനവേദന്‍ ഹൈസ്‌ക്കൂളിനോടനുബന്ധിച്ച് ആരംഭിക്കാനിരുന്ന സര്‍ക്കാര്‍ കോളജാണ് തൊട്ടടുത്ത പഞ്ചായത്തായ അമരമ്പലത്തെ പൂക്കോട്ടുംപാടത്തേക്ക് മാറ്റിയത്. നിയോജക മണ്ഡലത്തിന്റെ ഹൃദയഭാഗമാണ് എന്നത് കൂടാതെ ഭൂമി ശാസ്ത്രപരമായും മറ്റുമുള്ള പരിഗണനകളെല്ലാം വച്ച് നിലമ്പൂര്‍ നഗരസഭയ്ക്കകത്തായിരുന്നു കോളജ് സ്ഥാപിക്കേണ്ടിയിരുന്നത് എന്ന അഭിപ്രായമാണ് പൊതുവേയുള്ളത്. ആര്യാടന്‍ മുഹമ്മദ് മന്ത്രിയായിരിക്കുമ്പോള്‍ പ്രഖ്യാപിച്ചതാണ് ഈ കോളജ്. എന്നാല്‍, ഇപ്പോള്‍ ഭരണം മാറി നിലമ്പൂരില്‍ പുതിയ എംഎല്‍എ ആയി. അതിനിടയില്‍ കോളജ് കൊണ്ടുവന്നതാരെന്ന ക്രെഡിറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോള്‍ കോളജ് പൂക്കോട്ടും പാടത്തേക്ക് എത്താന്‍ ഇടയാക്കിയത്. രാഷ്ട്രീയ കളിയാണ് പ്രധാന കാരണമെങ്കിലും സ്ഥലപരിമിതിയും മറ്റ് പല കാരണങ്ങളുമാണ് കോളജ് മാറ്റത്തിനായി പൊതുവായി പറയപ്പെടുന്നത്. നിലമ്പൂര്‍ നഗരസഭ ഭരണസമിതി രണ്ട് തവണ കോളജ് സംബന്ധമായ പ്രമേയം അവതരിപ്പിക്കുകയും സര്‍വകക്ഷി യോഗം വിളിക്കാന്‍ തീരുമാനിക്കുകയും മറ്റും ചെയ്തിരുന്നു. എന്നാല്‍, നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ അവഗണിച്ചുകൊണ്ടുള്ള പരിശ്രമങ്ങള്‍ക്ക് നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് ചെയര്‍മാനായി രൂപീകരിച്ച കമ്മിറ്റിക്ക് തിരിച്ചടിയാവുകയായിരുന്നു.  പൂക്കോട്ടുംപാടത്ത് എംഎല്‍എ മുന്‍കൈ എടുത്ത് രൂപീകരിച്ച കോളജ് കമ്മറ്റിയുടെ ചെയര്‍മാന്‍ കോണ്‍ഗ്രസ് നേതാവായ എന്‍ എ കരീം ആണ്. ഈ കമ്മിറ്റിയില്‍ സെക്രട്ടറി സിപിഎമ്മിന്റെ എല്‍സി സെക്രട്ടറിയും. ഇത്തരത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യെ എല്ലാ രംഗത്തുള്ളവരെയും ഉള്‍കൊള്ളിച്ചുകൊണ്ടാണ് പൂക്കോട്ടുംപാടത്ത് കോളജ് കമ്മിറ്റി രൂപീകരിച്ച് എംഎല്‍എയുടെ മേല്‍നോട്ടത്തില്‍ ഭരണകക്ഷിയുടെ സഹകരണത്തോടെ മുന്നോട്ടുപോവുന്നത്.നിലമ്പൂര്‍ നഗരസഭയില്‍ ഈയടുത്തായി സിപിഎം വിട്ട്  സിപിഐയില്‍ ചേര്‍ന്ന ചില കൗണ്‍സിലര്‍മാര്‍ മാത്രമാണ് കോളജ്  പൂക്കോട്ടുപാടത്ത് അനുവദിക്കുന്നതിനെതിരേ നഗരസഭാ യോഗത്തില്‍ കാര്യമായ എതിര്‍പ്പുമായി രംഗത്തെത്തിയത്.
Next Story

RELATED STORIES

Share it