wayanad local

നിര്‍മാണ സാമഗ്രികളും ഉദ്യോഗസ്ഥരുമില്ല : പരാതിയുമായി ജനപ്രതിനിധികള്‍



കല്‍പ്പറ്റ: ജില്ലാ-ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്തുകള്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ മതിയായ ഉദ്യോഗസ്ഥരില്ലാത്തതിനാലും നിര്‍മാണ സാമഗ്രികളുടെ ക്ഷാമം കാരണവും യഥാസമയത്ത് നടപ്പാക്കാനാവാത്ത അവസ്ഥ ജില്ലയുടെ വികസന സ്വപ്‌നങ്ങള്‍ക്ക് തടസ്സമാവുന്നുവെന്ന് ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ ജില്ലയുടെ ചാര്‍ജ് ഓഫിസറായി നിയമിക്കപ്പെട്ട തദ്ദേശസ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ ജോസിന് മുന്നില്‍ പരാതിപ്പെട്ടു. ജില്ലയുടെ ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായെത്തിയ ടി കെ ജോസ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പരാതികള്‍ ഉയര്‍ന്നത്. പരാതി കേട്ട അദ്ദേഹം വയനാട്, കാസര്‍കോട്, ഇടുക്കി ജില്ലകളിലെ ബിഡിഒമാരില്ലാത്ത ബ്ലോക്കുകളിലും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫിസര്‍മാരില്ലാത്ത ഗ്രാമപ്പഞ്ചായത്തുകളിലും നിയമനങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കണമെന്ന് തദ്ദേശസ്വയംഭരണ മന്ത്രിയോട് അഭ്യര്‍ഥിക്കുമെന്ന് അറിയിച്ചു. ജില്ലയില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളുടെ ലിസ്റ്റ് ലഭ്യമാക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതിനാല്‍ ജില്ലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടുകിടക്കുകയാണെന്നു ജനപ്രതിനിധികള്‍ പറഞ്ഞു. പ്രവര്‍ത്തിക്കുന്ന വിരലിലെണ്ണാവുന്ന ക്വാറികളില്‍ നിര്‍മാണ വസ്തുക്കള്‍ക്ക് അമിതവില ഈടാക്കുകയാണ്. കര്‍ണാടകയില്‍ നിന്നും ഇതര ജില്ലകളില്‍ നിന്നും കൊണ്ടുവരുന്ന നിര്‍മാണ വസ്തുക്കള്‍ക്ക് വന്‍ വിലയാണ് നല്‍കേണ്ടിവരുന്നത്. ഇക്കാര്യത്തില്‍ നിലവിലുള്ള നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി പരിഹാര നടപടികള്‍ ആലോചിക്കാമെന്നു ടി കെ ജോസ് ഉറപ്പു നല്‍കി. ജില്ലയില്‍ നെല്‍കൃഷി തിരിച്ചുകൊണ്ടുവരാന്‍ ഈ സാമ്പത്തിക വര്‍ഷത്തെ പദ്ധതികളില്‍ മുന്‍ഗണന നല്‍കിയതായി ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ അറിയിച്ചു. തൃശൂരിലെ അടാട്ട് അരി മാതൃകയില്‍ കേരളത്തിലും പുറത്തും വിപണി കണ്ടെത്താന്‍ കഴിയുന്ന വിധം വയനാടന്‍ അരി ബ്രാന്‍ഡ് ചെയ്യാനുള്ള പദ്ധതി ആവിഷ്‌കരിക്കാന്‍ ടി കെ ജോസ് ആവശ്യപ്പെട്ടു. വയനാടിന്റെ ഭൂപ്രകൃതിയും കാലാവസ്ഥാ പ്രത്യേകതകളും ഉള്‍ക്കൊള്ളുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും പറഞ്ഞു. പദ്ധതികള്‍ കഴിയുന്നതും ജില്ലാ ആസൂത്രണ യോഗങ്ങളില്‍ തന്നെ തീരുമാനിക്കണം. വിവിധ വകുപ്പുകളുടെ പൊതു മാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലയുടെ ആവശ്യത്തിനനുസരിച്ച് അനിവാര്യത ബോധ്യപ്പെടുത്തി മാറ്റം വരുത്താം. ബ്രഹ്മഗിരി പോലുള്ള മാംസ സംസ്‌കരണ കേന്ദത്തിലേക്ക് കന്നുകാലികളെ ആന്ധ്രയില്‍ നിന്നും മറ്റുമാണ് ഇപ്പോള്‍ കൊണ്ടുവരുന്നത്. വയനാട്ടില്‍ നിന്നു തന്നെ ഇവ ലഭ്യമാക്കാനുള്ള പദ്ധതികളാണ് വേണ്ടത്. പാല്‍, പച്ചക്കറി ഉല്‍പാദനത്തില്‍ ജില്ല സ്വയം പര്യാപ്തത നേടണം. വിഷരഹിത പച്ചക്കറികള്‍ ലഭ്യമാക്കാന്‍ എല്ലാ കാലത്തും ആഴ്ചച്ചന്തകള്‍ വ്യാപകമാക്കണം. ചക്ക മൂല്യവര്‍ധിത ഉല്‍പന്നമാക്കാന്‍ വികസിത രാജ്യങ്ങളിലെ മൂന്നു സര്‍വകലാശാലകളില്‍ ഗവേഷണം നടക്കുന്നുണ്ട്. വയനാടിന് ഈ രംഗത്ത് വഴികാട്ടാനാവും. എല്ലാ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനങ്ങളിലും മാലിന്യങ്ങളില്‍ പ്ലാസ്റ്റിക് വേര്‍തിരിക്കല്‍ സംവിധാനം ഏര്‍പ്പെടുത്തും. സംസ്ഥാനത്ത് മുഴുവന്‍ ഗ്രാമപ്പഞ്ചായത്തുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പഞ്ചായത്ത് ചെലവില്‍ ഡോക്ടറെയും നഴ്‌സിനെയും നിയമിക്കുന്ന കാര്യം പരിഗണനയിലാണ്. നടപ്പ് സാമ്പത്തിക വര്‍ഷം സ്പില്‍ ഓവര്‍ പദ്ധതികള്‍ അനുവദിക്കാത്തതിനാല്‍ ഡിസംബറിനകം തന്നെ പദ്ധതിയുടെ 70 ശതമാനവും ചെലവഴിക്കണമെന്നും ടി കെ ജോസ് നിര്‍ദേശിച്ചു. യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. ബി എസ് തിരുമേനി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത്, സബ് കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ എന്‍ സോമസുന്ദരലാല്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it