wayanad local

നിര്‍മാണ പ്രതിസന്ധി : തൊഴിലാളികള്‍ക്ക് ദുരിതം



കല്‍പ്പറ്റ: ക്വാറി അടച്ചുപൂട്ടിയതും നിര്‍മാണമേഖലയിലെ സാമഗ്രികളുടെ ലഭ്യതകുറവും ജില്ലയില്‍ നിര്‍മാണ മേഖലയിലെ തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ജീവിതം ദുരിതപൂര്‍ണമാക്കുന്നു.  നിര്‍മാണമേഖല സ്തംഭിച്ചതോടെ കടുത്ത പ്രതിസന്ധിയിലാണ് നിര്‍മാണ തൊഴിലാളികള്‍.ജില്ലയിലെ ഭൂരിഭാഗം ക്വാറികളും അടഞ്ഞുകിടക്കുകയാണ്. പുളിഞ്ഞാല്‍, അച്ചൂര്‍, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലെ ക്വാറികളും ക്രഷറുകളുമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ക്വാറികള്‍ അടഞ്ഞതോടെ കല്ലിനും മറ്റ് അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും വന്‍വിലയായി. ഇതോടെ വീട് നിര്‍മാണം, കെട്ടിടനിര്‍മാണം എന്നിവയും മറ്റ് പൊതുനിര്‍മാണപ്രവൃത്തികളും പാടെ നിലച്ചു. 150 അടി കല്ലിന് 3,500 രൂപയായിരുന്നത് കഴിഞ്ഞ പത്ത് മാസത്തിനുള്ളില്‍ 5,000 മുതല്‍ ആറായിരം രൂപവരെയായി ഉയര്‍ന്നു.ജില്ലയില്‍ ക്വാറികള്‍ അടഞ്ഞതോടെ മറ്റ് ജില്ലകളില്‍നിന്നും അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നുമാണ് കല്ല് എത്തിക്കുന്നത്. ഈ രീതിയില്‍ നിര്‍മാണം നടത്താന്‍ വന്‍കിടക്കാര്‍ക്ക് മാത്രമേ കഴിയൂ എന്ന നിലയാണ്. ജില്ലയില്‍ താമസിച്ച് ജോലി ചെയ്തിരുന്ന ഇതരസംസ്ഥാന തൊഴിലാളികളും മടങ്ങുകയാണ്.ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചെറുകിട ക്വാറികള്‍ക്കെങ്കിലും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. മുക്കം, ഈങ്ങാപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെ വന്‍കിട ക്വാറിലോബികളുടെ സമ്മര്‍ദ്ദമാണ് ജില്ലയിലെ ചെറുകിട ക്വാറികളുടെയടക്കം പ്രവര്‍ത്തനം ഇല്ലാതാക്കിയതെന്നാണ് തൊഴിലാളികളുടെ ആരോപണം. ക്വാറികള്‍ അടച്ചുപൂട്ടിയതിന്റെ പ്രശ്‌നങ്ങള്‍ക്കൊപ്പം ഇതിനനുബന്ധമായി മണല്‍, സിമന്റ്, എംസാന്റ് എന്നിവയ്ക്കും ക്ഷാമം നേരിടുന്നുണ്ട്. ഇവയ്ക്കും ക്രമതീതമായി വില വര്‍ധിക്കുന്നു. ഈ സാഹചര്യത്തില്‍ നിര്‍മാണമേഖലയിലെ തൊഴില്‍ പ്രതിസന്ധി പരിഹരിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളോടെ ചെറുകിട ക്വാറികള്‍ തുറക്കാന്‍ അധികൃതര്‍ സംവിധാനം ഒരുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
Next Story

RELATED STORIES

Share it