kozhikode local

നിര്‍മാണത്തിലിരിക്കുന്ന കമ്മ്യൂണിറ്റി ഹാള്‍ കെട്ടിടമതില്‍ വീണ്ടും ഇടിഞ്ഞുവീണു

മാവൂര്‍: മാവൂര്‍ പഞ്ചായത്തില്‍ നിര്‍മാണത്തിലിരിക്കുന്ന കമ്മ്യൂണിറ്റി ഹാള്‍ കെട്ടിടത്തിന്റെ പിറക് വശത്തെ മതില്‍ വീണ്ടും ഇടിഞ്ഞ് വീണു. കഴിഞ്ഞ മാസവും ഇതേ സ്ഥലത്ത് മതില്‍ ഇടിഞ്ഞ് വീണപ്പോള്‍ കൂറ്റന്‍ പാറകള്‍ കമ്മ്യൂണിറ്റി ഹാളിന്റെ ഭിത്തിയില്‍ വന്നിടിച്ച് ഭിത്തികള്‍ തകര്‍ന്നിരുന്നു. സംഭവം നടന്ന് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആണ് വീണ്ടും മണ്ണും കല്ലും ഇടിഞ്ഞ് വീണത്. കമ്മ്യൂണിറ്റി ഹാളിലേക്ക് പോകുന്ന പ്രധാനപ്പെട്ട കോണ്‍ക്രീറ്റ് ഫുട്പാത്തിന്റെ മുകളിലാണ് ഇപ്പോള്‍ മണ്ണും കല്ലും ഇടിഞ്ഞ് വീണത്. ഫുട്പാത്തില്‍ വീണ കല്ലും മണ്ണും മാറ്റിയാല്‍ മാത്രമെ ഫുട്പാത്ത് തകര്‍ന്നത് എത്രത്തോളം ആണെന്ന് മനസ്സിലാക്കാന്‍ കഴിയൂ. മാവൂര്‍ ഗ്രാസിം മാനേജ്‌മെന്റിന്റെ കൈവശത്തിലുള്ള ഭൂമിയാണ് തകര്‍ന്ന് വീണ് കൊണ്ടിരിക്കുന്നത്. ഗ്രാസിം ഭൂമിയും പഞ്ചായത്ത് നിര്‍മിച്ച കമ്മ്യൂണിറ്റി ഹാള്‍ കെട്ടിടവും വേണ്ടത്ര അകലം പാലിച്ചല്ല നിര്‍മിച്ചിരിക്കുന്നത്. ഗ്രാസിം ഭൂമിയോട് ചേര്‍ന്ന് മണ്ണ് എടുത്തതും ഉണ്ടായിരുന്ന പാറകള്‍ ഖനനം ചെയ്തതും ആണ് തുടര്‍ച്ചയായി മതില്‍ ഇടിയാന്‍ കാരണമായത്. സ്‌ഫോടക വസ്തു ഉപയോഗിച്ച് പാറകള്‍ പൊട്ടിച്ചപ്പോള്‍ ഗ്രാസിം മതിലിന് വിള്ളല്‍ അനുഭവപ്പെട്ടിരുന്നു.
യാതൊരു മുന്‍കരുതലും ഇല്ലാതെ പാറ പൊട്ടിക്കുന്നത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനും മതിലിനും ഭീഷിണി ഉണ്ടാവുമെന്ന് നേരത്തെ തന്നെ സിപിഎം ജനപ്രതിനിധികള്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. എന്നാല്‍ അതൊന്നും മുഖവിലക്കെടുക്കാതെ പാറ പൊട്ടിച്ച് സ്വകാര്യ വ്യക്തിക്ക് വില്‍പ്പന നടത്തുക ആയിരുന്നുവത്രേ. ഏകദേശം 40 മീറ്റര്‍ നീളത്തില്‍ 17 മീറ്റര്‍ ഉയരത്തില്‍ മതില്‍ ഇടിഞ്ഞ് പോയി. കഴിഞ്ഞ മാസം മതില്‍ വീണ കെട്ടിടത്തില്‍ നിന്ന് മണ്ണും കല്ലും ഇതുവരെ നീക്കം ചെയ്തില്ല. മണ്ണും കല്ലും നീക്കം ചെയ്ത് കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ ഉണ്ടാവണമെന്ന് ഭരണസമിതി യോഗത്തില്‍ പഞ്ചായത്ത് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്ഥലത്ത് എത്തി വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ഒരു നീക്കവും ഉണ്ടായില്ലെന്ന് ആരോപണവുമയര്‍ന്നിട്ടുണ്ട്. ഗ്രാസിം ഭൂമിയുടെ അതിര്‍ത്തിയോട ചേര്‍ന്ന മണ്ണും കല്ലും മാറ്റിയത് ആണ് ഭൂമി ഇടിഞ്ഞ് വീഴാന്‍ കാരണം എന്ന് ഗ്രാസിം മാനേജ്‌മെന്റ് പറയുന്നു.
പുതിയ കെട്ടിടത്തിന് ഭീഷിണി ഉണ്ടാവുന്ന പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ഇടതുപക്ഷ മെമ്പര്‍മാര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ജനകീയ സമരങ്ങള്‍ക്ക് നേതത്വം നല്‍കുമെന്ന് സിപിഎം ലോക്കല്‍ കമ്മറ്റി മുന്നറിയിപ്പ് നല്‍കിയി. ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ സുരേഷ് പുതുക്കുടി, കെ ഉണ്ണികൃഷ്ണന്‍, കെ അനൂപ്, സുനീഷ്, സുനില്‍,ടി ഉണ്ണികൃഷ്ണന്‍ ,രാജി, സുധ, കവിതാ ഭായ്, സിപിഎം നേതാക്കളായ കെ പി ചന്ദ്രന്‍, എന്‍ മനോജ് എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it