ernakulam local

നിര്‍മാണത്തിനിടെ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു

ആലുവ: നിര്‍മാണത്തിനിടയി ല്‍ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു. 93 ലക്ഷം രൂപ മുടക്കി റീ ടാറിങ് നടക്കുന്ന തോട്ടുമുഖം തടിയിട്ടപറമ്പ് റോഡാണ് ഇന്നലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ തകര്‍ന്നത്.30 വര്‍ഷം മുന്‍പ് റോഡിനടിയില്‍ സ്ഥാപിച്ച കാലഹരണപ്പെട്ട കുടിവെള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാതെ നടന്ന റോഡ് നിര്‍മാണമാണ് തകര്‍ച്ചയ്ക്ക് കാരണമായത്. ഈ ഭാഗത്തെ കാലഹരണപ്പെട്ട ഭൂഗര്‍ഭ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ നാട്ടുകാരുടെ ആവശ്യം അധികൃതര്‍ മുഖവിലക്കെടുത്തിരുന്നില്ല.നേരിയ മര്‍ദ്ദം പോലും താങ്ങാന്‍ കഴിയാത്ത പൈപ്പുകള്‍ക്ക് മുകളിലൂടെ ടാറിങ്ങിനായി മെറ്റല്‍ വിരിച്ച് റോളുകള്‍ ഓടിച്ചതോടെയാണ് പൈപ്പുകള്‍ തകര്‍ന്നത്. ആലുവായിലെ ജല ശുദ്ധീകരണ ശാലയില്‍ നിന്നും കീഴ്മാട് പഞ്ചായത്തിലെ സംഭരണ ടാങ്കിലേക്ക് നേരിട്ട് വെള്ളം പമ്പ് ചെയ്യുന്ന പൈപ്പുകളാണ് തകര്‍ന്നത്. ഈ ഭാഗത്ത് കുടിവെള്ള പൈപ്പുകളില്‍ ഏറെ നാളായി ചോര്‍ച്ചയും വ്യാപകമാണ്. ചൂണ്ടിയിലെ ഐസ്ആര്‍ഒയിലെ മാലിന്യമൊഴുക്കല്‍ മൂലം കുടിവെള്ള മലിനീകരണമുണ്ടെന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഈ ഭാഗത്തേക്ക് കുടിവെള്ളമെത്തിക്കുന്നതിനായി ഐസ്ആര്‍ഒ മൂന്ന് കോടി രൂപ അനുവദിച്ചിരുന്നെങ്കിലും ചെലവ് വര്‍ധിച്ചതിനാല്‍ ഈ നിര്‍മാണവും ആരംഭിച്ചിരുന്നില്ല.ഇന്നലെ പൈപ്പ് പൊട്ടിയതോടെ സമീപത്തെ നിരവധി വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറി ലക്ഷങ്ങളുടെ നാശനഷ്ടവും ഉണ്ടായിട്ടുണ്ട്. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അനാസ്ഥയാണ് സംഭവത്തിന് കാരണമായതെന്നാണ് നാട്ടുകാരുടെ പരാതി.
Next Story

RELATED STORIES

Share it