Kollam Local

നിര്‍ദ്ദന കുടുംബത്തിന് ഭവനമൊരുക്കാന്‍ കുടുംബശ്രീ

കരുനാഗപ്പള്ളി: അപകടത്തില്‍പ്പെട്ട് അരയ്ക്കു താഴെ തളര്‍ന്ന് കിടപ്പു രോഗിയായി മാറിയ ഗൃഹനാഥനും കുടുംബത്തിനും ചോര്‍ന്നൊലിക്കുന്ന ദ്രവിച്ചടര്‍ന്ന വീട്ടില്‍ നിന്നും മോചനം. കുടുംബശ്രീ പ്രവര്‍ത്തകരുടെ കൂട്ടായ്മയിലാണ് ഇവര്‍ക്ക് സ്‌നേഹ വീടൊരുങ്ങുന്നത്. മരുതൂര്‍ക്കുളങ്ങ തെക്ക് കാവനാല്‍ ലക്ഷംവീട്ടില്‍ ദേവദാസനും ഭാര്യ സതിയും അടങ്ങിയ കുടുംബത്തിനായാണ് വീട് നിര്‍മിക്കുന്നത്. മരത്തില്‍ നിന്നും വീണ് തളര്‍ന്നതിനെ തുടര്‍ന്നാണ് ദേവദാസന്‍ കിടപ്പിലായത്. കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗവും അടഞ്ഞതോടെ പലകയടിച്ച് ഷീറ്റ് മേഞ്ഞ വീടിനുള്ളില്‍ ഈ കുടുംബം കഴിഞ്ഞു വരുകയായിരുന്നു. ക്യാപ്ടന്‍ ലക്ഷ്മി ഹെല്‍ത്ത് ആന്റ് പാലിയേറ്റീവ് സൊസൈറ്റി പ്രവര്‍ത്തകര്‍ വീട്ടിലെത്തി സ്വാന്ത്വന പരിചരണം നല്‍കി വരുകയായിരുന്നു. ഇവരുടെ ദുരിതം നേരിട്ട് മനസിലാക്കിയതിനെ തുടര്‍ന്ന് കരുനാഗപ്പള്ളി നഗരസഭയിലെ കുടുംബശ്രീ യൂനിറ്റുകള്‍ തങ്ങളുടെ വരുമാനത്തിന്റെ ഒരു ചെറിയ ഭാഗം മാറ്റി വെച്ചാണ് വീട് നിര്‍മാണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. സുമനസുകളുടെ കൂടി സഹകരണത്തോടെ മെച്ചപ്പെട്ട ഒരു വീട് കുടുംബത്തിനു വച്ചുനല്‍കാനാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം നഗരസഭാ അധ്യക്ഷ എം ശോഭന നിര്‍വ്വഹിച്ചു.  യോഗത്തില്‍ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് പനക്കുളങ്ങര അധ്യക്ഷനായി. പാലിയേറ്റീവ് സൊസൈറ്റി മുഖ്യരക്ഷാധികാരി പി ആര്‍ വസന്തന്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ജെ അസ്‌ലം, ക്യാപ്ടന്‍ ലക്ഷ്മി  നഗരസഭാ വൈസ് ചെയര്‍മാന്‍ ആര്‍ രവീന്ദ്രന്‍ പിള്ള, സ്ഥിരം സമിതി അധ്യക്ഷന്‍ പി ശിവരാജന്‍, കൗണ്‍സിലര്‍മാരായ സി വിജയന്‍ പിള്ള,മുനമ്പത്ത് ഗഫൂര്‍,എന്‍ സി ശ്രീകുമാര്‍, ശോഭാ ജഗദപ്പന്‍, സുജി, ഷംസുദ്ദീന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഉഷാകുമാരി, പോച്ചയില്‍ നാസര്‍, കെ എസ് ഷറഫുദ്ദീന്‍ മുസ്്‌ലിയാര്‍, മുന്‍ നഗരസഭാ അധ്യക്ഷന്‍ എച്ച് സലിം, സി ഡി എസ് മെംബര്‍ സെക്രട്ടറി സനോജ്, എന്‍ ശിവപ്രസാദ്, തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it