നിര്‍ദിഷ്ട സ്ഥലത്ത് 168 ഇനം പക്ഷികള്‍

ശ്രീജിഷ  പ്രസന്നന്‍

തിരുവനന്തപുരം: അഗസ്ത്യമല ബയോസ്ഫിയറില്‍ ഉള്‍പ്പെട്ട പാലോട് ഓടുചുട്ട പടുക്കയില്‍ ഐഎംഎയുടെ നിര്‍ദിഷ്ട ബയോ മെഡിക്കല്‍ പ്ലാന്റ് പദ്ധതിക്കായി തിരഞ്ഞെടുത്ത പ്രദേശം ജൈവ വൈവിധ്യത്താ ല്‍ സമ്പന്നമെന്നു വീണ്ടും തെളിയുന്നു. പദ്ധതിപ്രദേശമായ ഓടുചുട്ട പടുക്കയിലെ വന്യജാതിക്ക ചതുപ്പില്‍ ചിത്രശലഭങ്ങളും പക്ഷികളും അടക്കം 168 തരം പറവകളെയാണു കണ്ടെത്തിയത്. പദ്ധതിപ്രദേശത്തിനു കാര്യമായ പരിസ്ഥിതി പ്രാധാന്യമില്ലെന്ന ഐഎംഎ വാദം ഇതോടെ വീണ്ടും പൊളിയുന്നു. അഗസ്ത്യമല ബയോസ്ഫിയര്‍ കണ്‍സര്‍വേഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഏകദിന പഠനത്തിലാണു പക്ഷികളും ചിത്രശലഭങ്ങളും ചെറുതുമ്പികളുമടക്കമുള്ള പറവകളെ ഇന്നലെ കണ്ടെത്തിയത്. പക്ഷി, ചിത്രശലഭ ഗവേഷകനായ സി സുശാന്തും തുമ്പി ഗവേഷകനായ ബാലചന്ദ്രനുമാണ് ഏകദിന പഠനത്തിനു നേതൃത്വം നല്‍കിയത്.പശ്ചിമഘട്ടത്തിലെ തനതു പക്ഷികളായ ചെറുതേന്‍കിളി, ആല്‍ക്കിളി, കരിഞ്ചുണ്ടന്‍ ഇത്തിക്കണ്ണി കുരുവി, കോഴിവേഴാമ്പല്‍ എന്നിവ മുതല്‍ അപൂര്‍വ തുമ്പികെളയും ദേശാടനക്കിളികളെയും വരെ പദ്ധതിപ്രദേശത്തു കണ്ടെത്തിയെന്നത് ശ്രദ്ധേയമാണ്. 79 ഇനം പക്ഷികള്‍, 66 ഇനം ചിത്രശലഭങ്ങള്‍, 23 ഇനം ചെറുതുമ്പികള്‍ എന്നിവയെയാണു പ്രദേശത്തു കണ്ടെത്തിയത്. തേന്‍ കൊതിച്ചി പരുന്ത്, ചുട്ടിപ്പരുന്ത്, മലമ്പുള്ള്, ഷീക്ര എന്നീ പരുന്തുകള്‍ പ്രദേശത്തു നിരവധിയുണ്ടെന്നു കണ്ടെത്തി. മൂങ്ങ വര്‍ഗക്കാരായ ചെമ്പന്‍നത്ത്, സൈരന്ദ്രി നത്ത്, പുള്ളുനത്ത് എന്നിവയും ദേശാടന പക്ഷികളായ നാക മോഹനന്‍ നീലക്കിളി, മുത്തപ്പിള്ള, തവിട്ടുപാറ്റപ്പിടിയന്‍, ചെമ്പുവാലന്‍ പാറ്റപ്പിടിയന്‍, നീല ചെമ്പന്‍പാറ്റ പിടിയന്‍, ഇളംപച്ച പൊടിക്കുരുവി, ചുണ്ടന്‍ ഇലക്കുരുവി, കിന്നരി ഇലക്കുരുവി, മഞ്ഞക്കിളി, വഴികുലുക്കി എന്നിവയും ചതുപ്പില്‍ യഥേഷ്ടമുണ്ട്. ഇതിനു പുറമെ അപൂര്‍വ കാട്ടുപക്ഷികളായ താടിക്കാരന്‍ വേലിത്തത്ത, തീക്കാക്ക എന്നിവയെയും പ്രദേശത്തു കണ്ടെത്തി. പശ്ചിമഘട്ടത്തിലെ പ്രധാന ചിത്രശലഭവും വംശനാശഭീഷണി നേരിടുന്നതുമായ കാനനറോസിന്റെ സമൃദ്ധമായ സാന്നിധ്യമുണ്ട് പ്രദേശത്ത്. കാനനറോസിന്റെ ഏക ആഹാരസസ്യമായ കുറ്റിക്കറുവയുടെ ചതുപ്പിലെ സാന്നിധ്യമാണ് ഇതിനു കാരണമെന്ന് സി സുശാന്ത് പറഞ്ഞു. അപൂര്‍വ ചിത്രശലഭമായ മലബാര്‍ ഫഌഷ്, ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡശലഭം എന്നിവയും ചതുപ്പിലെ നിറസാന്നിധ്യമാണ്. തെക്കന്‍മുള വാലന്‍, വന്യജാതിക്ക ചതുപ്പുകളില്‍ മാത്രം അത്യപൂര്‍വമായി കാണുന്ന ചതുപ്പുമുള വാലന്‍ എന്നിങ്ങനെയുള്ള തുമ്പികളും പ്രദേശത്തു സുലഭമാണ്. ഈ ജീവജാലങ്ങളുടെ സാന്നിധ്യം കൊണ്ട് മാത്രം പദ്ധതിപ്രദേശത്തിന്റെ ജൈവവൈവിധ്യം അതീവ പ്രാധാന്യമര്‍ഹിക്കുന്നുവെന്നു ഗവേഷകന്‍ ബാലചന്ദ്രന്‍ വ്യക്തമാക്കി. വന്യജീവി ഫോട്ടോഗ്രാഫര്‍ സാലി പാലോട്, സസ്യശാസ്ത്രജ്ഞനായ ഡോ. കമറുദ്ദീന്‍, തിരുവനന്തപുരത്തെ പക്ഷി, പ്രകൃതി നിരീക്ഷകരുടെ കൂട്ടായ്മയായ വാര്‍ബ്‌ളേഴ്‌സ് ആന്റ് വേഡേഴ്‌സ് അംഗങ്ങളായ കെ ഹരികുമാര്‍, എം എസ് അഖില്‍, വിനോദ് കുമാര്‍, കിരണ്‍, അഫ്‌സല്‍, സുരാജ് എന്നിവരും പഠനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it