നിര്‍ണായക സ്റ്റിയറിങ് കമ്മിറ്റി ഇന്ന്; ചെങ്ങന്നൂരില്‍ മനസ്സാക്ഷി വോട്ടിന് കേരളാ കോണ്‍ഗ്രസ് (എം)

കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) നിര്‍ണായക സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് ചേരും. ഉച്ചയ്ക്ക് 2.30ന് ഓര്‍ക്കിഡ് റസിഡന്‍സിയിലാണ് യോഗം. പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി യോഗം ഉദ്ഘാടനം ചെയ്യും.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് തീരുമാനമെടുക്കുകയെന്നതാണ് യോഗത്തിന്റെ മുഖ്യ അജണ്ട. ഉപതിരഞ്ഞെടുപ്പില്‍ പിന്തുണ അഭ്യര്‍ഥിച്ച് എല്‍ഡിഎഫും യുഡിഎഫും ബിജെപിയും കേരളാ കോണ്‍ഗ്രസ്സിനെ സമീപിച്ച സാഹചര്യത്തില്‍ മനസ്സാക്ഷി വോട്ട് ചെയ്യുകയെന്ന നിലപാടിലേക്കാണ് പാര്‍ട്ടി നേതൃത്വമെത്തിയിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പുകള്‍ മുന്നണി ബന്ധം സംബന്ധിച്ച തീരുമാനമെടുക്കാന്‍ അനുയോജ്യമായ സമയമല്ലെന്നാണ് കേരളാ കോണ്‍ഗ്രസ്സിന്റെ വിലയിരുത്തല്‍. അത്തരം തീരുമാനം പൊതുതിരഞ്ഞെടുപ്പിലേ എടുക്കൂ. യുഡിഎഫിനോടും എല്‍ഡിഎഫിനോടും തുല്യദൂരം പാലിച്ച് സ്വതന്ത്രമായാണ് കേരളാ കോണ്‍ഗ്രസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. എങ്കിലും എല്‍ഡിഎഫുമായി അടുക്കുന്നതിനാണ് മാണിക്ക് കൂടുതല്‍ താല്‍പര്യം.
അതേസമയം, പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫിനും അദ്ദേഹത്തിനൊപ്പമുള്ളവര്‍ക്കും മാണി വിഭാഗത്തിന്റേതില്‍നിന്ന് വ്യത്യസ്തമായ നിലപാടാണ്. ഇത് മുന്‍നിര്‍ത്തി ഉപതിരഞ്ഞെടുപ്പില്‍ ആര്‍ക്കും പരസ്യപിന്തുണ പ്രഖ്യാപിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്കായിരിക്കും യോഗമെത്തുകയെന്നാണ് ലഭിക്കുന്ന വിവരം.
Next Story

RELATED STORIES

Share it