Pravasi

നിരോധനത്തിനിടയിലും ഇ-ശീഷ വ്യാപകമാകുന്നതായി പരാതി



ദോഹ: നിരോധനം നിലനില്‍ക്കുന്നതിനിടയിലും ഇലക്ട്രോണിക് ശീഷ യുവാക്കള്‍ക്കിടയില്‍ വ്യാപകമാകുന്നതായി ആരോഗ്യ വൃത്തങ്ങള്‍ പരാതിപ്പെട്ടു. പരമ്പരാഗത ശീഷയെ അപേക്ഷിച്ച് ഇ-ശീഷ ആരോഗ്യത്തിന് ഹാനികരമല്ലെന്നാണ് യുവാക്കളുടെ വിശ്വാസം. പുകയില ഉല്‍പന്നങ്ങള്‍ നിയന്ത്രിക്കുന്ന നിയമവും ഇ-ശീഷയും തതുല്യമായ പുകവലി ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതും കൈകാര്യം ചെയ്യുന്നതും വില്‍ക്കുന്നതും പ്രചരിപ്പിക്കുന്നതും നിര്‍മിക്കുന്നതും നിരോധിച്ചിട്ടുണ്ടെങ്കിലും ഇ-ശീഷ രാജ്യത്ത് വ്യാപകമാകുന്നതായാണ് പരാതി. കര്‍ശനമായ ശിക്ഷയും പിഴയും നിരോധന നിയമത്തില്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും നിയമലംഘനങ്ങള്‍ വ്യാപകമായി കാണപ്പെടുന്നു. ചില സാമൂഹിക മാധ്യമങ്ങള്‍ ഇ-ശീഷ മാര്‍ക്കറ്റിങ് രാജ്യത്ത് പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇത് വ്യാപിക്കുന്നതിനെതിരെ കര്‍ശന നിയന്ത്രണം കൊണ്ടുവരണമെന്ന് ബന്ധപ്പെട്ട വകുപ്പുകളോട് ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെട്ടു. ഇലക്ട്രോണിക് ശീഷ ആരോഗ്യത്തിനു ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷ(എച്ച്എംസി)നു കീഴിലെ ആന്റി സ്‌മോക്കിങ് ക്ലിനിക് ഡയറക്ടര്‍ ഡോ.അഹ്മദ് അല്‍മുല്ല മുന്നറിയിപ്പുനല്‍കി. അതിലടങ്ങിയിരിക്കുന്ന വസ്തുക്കള്‍ മൂലം നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ് ഇ-ശീഷ ഉപയോക്താക്കള്‍ക്കുണ്ടാകുക. ഇ-ശീഷയുടെ തെറ്റായ നിര്‍മാണ രീതി കാരണം അത് പൊട്ടിത്തെറിക്കാന്‍ വരെ കാരണമാകുമെന്നും ഡോ.മുല്ല ചൂണ്ടിക്കാട്ടി.ഖത്തറിലും ഭൂരിഭാഗം രാജ്യങ്ങളിലും ഇലക്ട്രോണിക് ശീഷ നിരോധിച്ചിട്ടുണ്ട്. യുവാക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇ-ശീഷയുടെ അനധികൃത പ്രചാരണം തടയാന്‍ ശക്തമായ വ്യവസ്ഥകള്‍ കൊണ്ടുവരേണ്ടതുണ്ട്. എല്ലാ തരത്തിലുമുള്ള പുകയില ഉപയോഗം ഉപേക്ഷിക്കേണ്ടതാണെങ്കിലും ഇലക്ട്രോണിക് സ്‌മോക്കിങ് പാരമ്പര്യ രീതിയിലുള്ള പുകവലിയേക്കാള്‍ ഗുരുതരമാണെന്ന് അദ്ദേഹം പറഞ്ഞു.ഹൃദ്രോഗം, ധമനികളില്‍ രക്തം കട്ടപിടിക്കല്‍, ശ്വാസകോശ രോഗങ്ങള്‍, ദീര്‍ഘകാല കഫക്കെട്ട്, നെഞ്ചെരിച്ചില്‍, ശ്വാസകോശ അര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ക്ക് ഇത്തരത്തിലുള്ള പുകവലി കാരണമാകുമെന്നും ഡോ.മുല്ല ഓര്‍മപ്പെടുത്തി.
Next Story

RELATED STORIES

Share it