ernakulam local

നിരാലംബരായ വൃദ്ധ ദമ്പതികളെ ഏറ്റെടുത്തു

നെടുമ്പാശേരി: നെടുവന്നൂരില്‍ ആരോരുമില്ലാത്ത നിരാലംബരായ വൃദ്ധ ദമ്പതികളെ ഏറ്റെടുത്ത് സിപിഎം പ്രവര്‍ത്തകര്‍ പൊതുസമൂഹത്തിനാകെ മാതൃകയായി. ചെങ്ങമനാട് പഞ്ചായത്ത് നെടുവന്നൂര്‍ പട്ടുക്കുടി വീട്ടില്‍ ശിവന്റെയും ഭാര്യ തങ്കമ്മയുടെയും സംരക്ഷണമാണ് സിപിഎം നെടുവന്നൂര്‍ സെന്റര്‍ ബ്രാഞ്ച് ഏറ്റെടുത്തത്.
മക്കളില്ലാതെ അവശനിലയില്‍ കഴിയുന്ന ശിവനും ഭാര്യക്കും ജീവിതാവസാനം വരെ വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ എല്ലാ മാസവും വീട്ടിലെത്തിച്ച് നല്‍കാനാണ് സിപിഎം തീരുമാനം. കൊല്ലപ്പണിക്കാരനായിരുന്ന ശിവന്റെ വലതുകൈ തളര്‍ന്നതിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി ജോലിക്ക് പോവാന്‍ കഴിയുന്നില്ല. ശിവന്റെ വരുമാനത്തിലാണ് ഇരുവരും കഴിഞ്ഞിരുന്നത്. ഇതോടെ ദുരിതത്തിലായ ശിവനും ഭാര്യക്കും വാര്‍ധക്യകാല പെന്‍ഷന്‍ മാത്രമായിരുന്നു ഏക വരുമാനം. ഇതാണെങ്കില്‍ ഇരുവരുടെയും ആശുപത്രി ചെലവിന് മാത്രമാണ് തികയുന്നത്. ഗ്രാമസഭ മുഖേന നിര്‍ധന വൃദ്ധര്‍ക്ക് കട്ടില്‍ നല്‍കുന്ന പദ്ധതി പഞ്ചായത്ത് ആവിഷ്‌കരിച്ചിരുന്നു. ഇതിന്റെ അപേക്ഷ ഫോറം പഞ്ചായത്ത് മെംബറും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് പൂരിപ്പിക്കാന്‍ ചെന്നപ്പോഴാണ് ഇരുവരുടെയും ദയനീയാവസ്ഥ ബോധ്യമായത്. ഒടിയാറായ ഒരു കട്ടിലിലാണ് ഇവിടെയുണ്ടായിരുന്നത്. ശിവന്റെ ബന്ധുക്കള്‍ നാട്ടില്‍ തന്നെയുണ്ടെങ്കിലും എല്ലാവരും സാമ്പത്തികമായി ഏറെ പിന്നാക്കാവസ്ഥയിലാണ്. അതിനാലാണ് ഇരുവരുടെയും സംരക്ഷണം സിപിഎം ഏറ്റെടുക്കുന്നതെന്ന് ബ്രാഞ്ച് സെക്രട്ടറി കെ വി ഷാലി പറഞ്ഞു.
Next Story

RELATED STORIES

Share it