Flash News

നിയമസഭ സബ്കമ്മിറ്റി റിപോര്‍ട്ട് : അനധികൃത അനാഥാലയങ്ങള്‍ നിര്‍ത്തലാക്കാന്‍ ശുപാര്‍ശ

നിയമസഭ സബ്കമ്മിറ്റി റിപോര്‍ട്ട് : അനധികൃത അനാഥാലയങ്ങള്‍ നിര്‍ത്തലാക്കാന്‍ ശുപാര്‍ശ
X


തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങള്‍ നിര്‍ത്തലാക്കി അവിടെയുള്ള അന്തേവാസികളെ പുനരധിവസിപ്പിക്കണമെന്നതടക്കമുള്ള 29 ശുപാര്‍ശകളടങ്ങിയ നിയമസഭാ സബ്കമ്മിറ്റി റിപോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ചു. പി ഐഷാ പോറ്റി അധ്യക്ഷയായ 14ാം കേരള നിയമസഭയുടെ സ്ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമം സംബന്ധിച്ച സമതിയുടെ മൂന്നാമത് റിപോര്‍ട്ടാണ് ഇന്നലെ നിയമസഭയില്‍ സമര്‍പ്പിച്ചത്. സംസ്ഥാനത്ത് മതസ്ഥാപനങ്ങള്‍ നടത്തുന്നതടക്കമുള്ള അനാഥാലയങ്ങള്‍ക്കെല്ലാം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റിന് വിധേയമാക്കണം. സര്‍ക്കാരിന്റെ സഹായധനം ലഭിക്കാത്തതും എന്നാല്‍, വിദേശത്തുനിന്നും സ്വകാര്യ വ്യക്തികളില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും സഹായധനം ലഭിക്കുന്നവയുമായ സ്ഥാപനങ്ങളിലും ഓഡിറ്റിങ് ഏര്‍പ്പെടുത്തണം. മുഴുവന്‍ സ്ഥാപനങ്ങളിലെയും അന്തേവാസികള്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധമാക്കണം. അനാഥാലയങ്ങളെയും അന്തേവാസികളെയും സംബന്ധിച്ച വിവരശേഖരണം സാമൂഹികനീതി വകുപ്പ് തയ്യാറാക്കണം. അന്തേവാസികളെ സംബന്ധിച്ച പൂര്‍ണവിവരങ്ങളടങ്ങിയ രജിസ്റ്റര്‍ അതത് സ്ഥാപനങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അന്തേവാസികള്‍, പ്രത്യേകിച്ച് കുട്ടികള്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും മറ്റ് പീഡനങ്ങള്‍ക്കും വിധേയരാവുന്നതായും സമിതി കണ്ടെത്തി. എന്നാല്‍, അതിക്രമങ്ങള്‍ ഭൂരിഭാഗവും പുറംലോകം അറിയാറില്ല. അതിനാല്‍ അന്തേവാസികള്‍ക്ക് കൃത്യമായ ഇടവേളകളില്‍ കൗണ്‍സലിങും സെമിനാറുകളും സംഘടിപ്പിക്കണം. കുട്ടികള്‍ക്കെതിരായ ശാരീരിക മാനസിക പീഡനങ്ങള്‍ സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് “സ്‌പെഷ്യല്‍ ജുവനൈല്‍ പോലിസ് യൂനിറ്റ്’ സ്ഥാപിക്കണം. പീഡനത്തിന് ഇരയായ കുട്ടികള്‍ അന്വേഷണത്തിന്റെ പേരില്‍ വീണ്ടും മാനസിക സംഘര്‍ഷം അനുഭവിക്കുന്ന സാഹചര്യം ഒഴിവാക്കണം. ഭിക്ഷാടനത്തിന്റെ മറവില്‍ മനുഷ്യക്കടത്ത്, മയക്കുമരുന്ന് ദുരുപയോഗം തുടങ്ങി നിരവധി ക്രിമിനല്‍ പ്രവൃത്തികള്‍ സംസ്ഥാനത്ത് നടന്നുവരുന്നു. ഇതിലേറെയും ഇരകളാവുന്നത് കുട്ടികളാണെന്നും സമിതി കണ്ടെത്തി. ഇക്കാര്യത്തില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി നിസ്സഹായവരായവരെ പുനരധിവസിപ്പിക്കണം. പരസഹായം കൂടാതെ ദൈനംദിന കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത ഭിന്നശേഷിക്കാരായ അനാഥര്‍ക്ക് ഉപകരണങ്ങളും വാഹനവും സൗജന്യമായി നല്‍കണം. തെരുവില്‍ അലഞ്ഞുനടക്കുന്നവരെ ഇത്തരം സ്ഥാപനങ്ങളില്‍ പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. കുട്ടികളെ പാര്‍പ്പിക്കുന്ന എല്ലാ സ്ഥാപനങ്ങളും ജുവൈനല്‍ ജസ്റ്റിസ് ആക്ട് 2015 പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെ അനാഥാലയങ്ങളില്‍ താമസിപ്പിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. ഇതിനായി അതത് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി പത്രം ലഭ്യമാണെന്ന് ഉറപ്പു വരുത്തണം. എല്ലാ സ്ഥാപനങ്ങളിലും പരാതിപ്പെട്ടികള്‍ സ്ഥാപിച്ച് ഹെല്‍പ്പ് ലൈന്‍, ചൈല്‍ഡ് ലൈന്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കണം. എല്ലാ ജില്ലകളിലും അമ്മത്തൊട്ടില്‍ സ്ഥാപിക്കുന്നത് സ്വകാര്യത ഉറപ്പുനല്‍കി സുരക്ഷാ ഭീഷണിയില്ലാത്ത രീതിയിലാവണമെന്നും സമിതി നിര്‍ദേശിച്ചു. കൂണുപോലെ മുളച്ചുപൊന്തുന്ന അനാഥാലയങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് നാളിതുവരെ പരിഹാരം കണ്ടെത്താനായിട്ടില്ലെന്ന് സമിതി ശുപാര്‍ശകള്‍ വിശദീകരിച്ച ഐഷാപോറ്റി അഭിപ്രായപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സമിതി അംഗങ്ങളായ ഇ കെ വിജയന്‍, സി കെ ആശ, പി അബ്ദുല്‍ ഹമീദ്, വി ടി ബല്‍റാം, എന്‍ ജയരാജ്, യു പ്രതിഭാ  ഹരി, കെ കെ രാമചന്ദ്രന്‍ നായര്‍, വീണ ജോര്‍ജ് പങ്കെടുത്തു.
Next Story

RELATED STORIES

Share it