Flash News

നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു ; ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ മറുപടി നല്‍കണം



തിരുവനന്തപുരം: 14ാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം ഇന്നലെ സമാപിച്ചു. 21 ദിവസം നീണ്ട സമ്മേളനത്തിലെ പ്രധാനമായ നേട്ടം മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള മലയാള ഭാഷാ ബില്ല് പാസാക്കാനായി എന്നുള്ളതാണ്. ഇതോടൊപ്പം 2017-18 വര്‍ഷത്തെ ബജറ്റിലെ ധനാഭ്യര്‍ഥനകള്‍ സമ്മേളനത്തില്‍ വിശദമായി ചര്‍ച്ച ചെയ്തു പാസാക്കി. 12 ദിവസം ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്കായി മാറ്റിവച്ചതിനു പുറമേ നാലു ദിവസം നിയമനിര്‍മാണത്തിനും രണ്ടു ദിവസം മറ്റു ധനകാര്യ നടപടികള്‍ക്കും മൂന്നു ദിവസം അനൗദ്യോഗിക കാര്യങ്ങള്‍ക്കായും നീക്കിവച്ചു. നിയമനിര്‍മാണത്തില്‍ രണ്ടു ധനവിനിയോഗ ബില്ലുകള്‍ക്കു പുറമേ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട, മലയാള ഭാഷ (നിര്‍ബന്ധിത ഭാഷ) ബില്ലും 2017ലെ മദ്രാസ് ഹിന്ദുമതധര്‍മ എന്‍ഡോവ്‌മെന്റുകള്‍ (ഭേദഗതി) ബില്ലും 2017ലെ കേരള ധനകാര്യ ബില്ലുമാണ് സഭ പാസാക്കിയത്. അഞ്ചു സ്വകാര്യ ബില്ലുകളുടെ അവതരണാനുമതി തേടിക്കൊണ്ടുള്ള പ്രമേയങ്ങള്‍ സഭ പരിഗണിച്ചു. അഞ്ച് അനൗദ്യോഗിക പ്രമേയങ്ങളില്‍ ഒരെണ്ണം സര്‍ക്കാര്‍ വരുത്തിയ ഭേദഗതിയോടെയും ഒരെണ്ണം അതേ രൂപത്തിലും സഭ ഐകകണ്‌ഠ്യേന പാസാക്കി. ഈ സമ്മേളന കാലയളവില്‍ 20 അടിയന്തര പ്രമേയങ്ങള്‍ക്കുള്ള അവതരണാനുമതി നോട്ടീസുകളാണ് സഭാതലത്തില്‍ പരിഗണിക്കപ്പെട്ടത്. 660 നക്ഷത്രചിഹ്‌നമിട്ട ചോദ്യങ്ങളും  നക്ഷത്രചിഹ്നമിടാത്ത 5921 ചോദ്യങ്ങളും അനുവദിച്ചിരുന്നു. 37 ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസുകളിലൂടെയും 197 ഉപക്ഷേപങ്ങളിലൂടെയും വിവിധ പ്രശ്‌നങ്ങള്‍ സഭയില്‍ ഉന്നയിക്കപ്പെട്ടു. കൂടാതെ ചട്ടം 118 പ്രകാരം മൂന്നു സര്‍ക്കാര്‍ പ്രമേയങ്ങള്‍ സഭ ഏകകണ്ഠമായി പാസാക്കി. കേരള മാരിടൈം ബോര്‍ഡ് ബില്ല് പിന്‍വലിക്കുന്നതിനുള്ള പ്രമേയവും സഭ അംഗീകരിച്ചു. സഭാതലത്തില്‍ അംഗങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ബന്ധപ്പെട്ട മന്ത്രിമാര്‍ യഥാസമയം മറുപടി ലഭ്യമാക്കുന്നില്ലെന്ന പരാതി വ്യാപകമായുണ്ടെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. അതിനു പരിഹാരം കാണണമെന്ന റൂളിങ് ഈ സമ്മേളന കാലയളവിലും സ്പീക്കര്‍ നല്‍കി. റൂളിങിനെത്തുടര്‍ന്ന് പ്രശ്‌നത്തിന് ഒരുപരിധി വരെ പരിഹാരം കാണാന്‍ കഴിഞ്ഞു. നിയമസഭാംഗങ്ങള്‍  മന്ത്രിമാര്‍ക്കു നല്‍കുന്ന നിവേദനങ്ങള്‍ക്കും കത്തുകള്‍ക്കും യഥാസമയം മറുപടി ലഭിക്കുന്നില്ലെന്നു പരാതിയുണ്ട്. അതിനാല്‍ ഈ വിഷയത്തില്‍ മാതൃകാപരമായ  സമീപനം മന്ത്രിമാര്‍ സ്വീകരിക്കണമെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it