നിയമസഭാ സമ്മേളനം 26 മുതല്‍

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഈ മാസം 26 മുതല്‍ വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ തീരുമാനം. ഏപ്രില്‍ 4 വരെ 24 ദിവസമാണ് സഭ ചേരുക. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യമാസത്തില്‍ തന്നെ ബജറ്റ് പാസാവുമെന്ന അപൂര്‍വതയും ഈ സഭാസമ്മേളനത്തിനുണ്ട്. ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ വകുപ്പുകളിലെയും പദ്ധതികള്‍ക്ക് ആവശ്യമായ തുക സാമ്പത്തികവര്‍ഷത്തിന്റെ ആദ്യമാസം മുതല്‍ തന്നെ ഇനി ലഭിച്ചുതുടങ്ങും.
മുന്‍കാലങ്ങളില്‍ ബജറ്റ് അവതരിപ്പിച്ചശേഷം വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി ഡിസംബര്‍ മാസത്തോടെ മാത്രമേ പല പദ്ധതികള്‍ക്കും ബജറ്റ് വിഹിതം ലഭിക്കുമായിരുന്നുള്ളൂ. മാര്‍ച്ച് 31നകം പണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുന്ന പദ്ധതികളില്‍ പലതും പാതിവഴിയിലാവുകയും ചെയ്യുമായിരുന്നു.
മൃഗസംരക്ഷണ വകുപ്പില്‍ പുതുതായി 35 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാലാ ജീവനക്കാര്‍ക്ക് പത്താം ശമ്പളപരിഷ്‌കരണ ആനുകൂല്യങ്ങള്‍ അനുവദിക്കാനും യോഗം തീരുമാനിച്ചു. കേരള ഹൈക്കോടതി ജീവനക്കാരുടെ പത്താം ശമ്പളപരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കും. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്‌സ്) ജീവനക്കാര്‍ക്ക് പത്താം ശമ്പളപരിഷ്‌കരണ ആനുകൂല്യങ്ങള്‍ അനുവദിക്കും.
ലേബര്‍ കമ്മീഷണറായി എ അലക്‌സാണ്ടറെ നിയമിക്കും. നിലവില്‍ ലേബര്‍ കമ്മീഷണറായ കെ ബിജുവിനെ വ്യവസായ വകുപ്പ് ഡയറക്ടറായി നിയമിക്കും. നിലവില്‍ വ്യവസായ ഡയറക്ടറായ കെ എന്‍ സതീഷിനെ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയായും നിയമിക്കും.


Next Story

RELATED STORIES

Share it