kasaragod local

നിയമം കാറ്റില്‍പറത്തി വന്യമൃഗങ്ങളെ കുരുക്കുന്ന മരണക്കെണികള്‍ വ്യാപകം

ബദിയടുക്ക: നിയമം കാറ്റില്‍ പറത്തി, വന്യമൃഗങ്ങളെ കുരുക്കുന്ന മരണക്കെണികള്‍ വ്യാപകമാകുന്നു. അതിര്‍ത്തി ഗ്രാമ പ്രദേശങ്ങളിലാണ് വന്യ മൃഗങ്ങളെ കുരുക്കാനുള്ള മരണക്കെണികള്‍ വ്യാപകമാകുന്നത്. കൃഷിയിടങ്ങളില്‍ ഇറങ്ങി വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളുടേയും മറ്റും ശല്യം രൂക്ഷമായ പ്രദേശങ്ങളിലാണ് കേബിള്‍കൊണ്ടുള്ള ഇത്തരം കുരുക്കുകള്‍ സ്ഥാപിക്കുന്നത്.
എന്നാല്‍ കെണിയില്‍പ്പെടുന്നത് പലപ്പോഴും ഉടുമ്പ്, മുയല്‍, അണ്ണാന്‍ തുടങ്ങിയ നിരുപദ്രവകാരികളായ ജീവികളാണ്. പന്നികള്‍ക്കു വേണ്ടി കെണികള്‍ ഒരുക്കി വച്ചതറിയാതെ അത്തരം സ്ഥലങ്ങളില്‍ എത്തിപ്പെടുന്ന മനുഷ്യരുടെ ജീവന്‍ പോലും അപകടത്തിലാകാന്‍ കാരണമായി തീരുന്നു. കാട്ടു മൃഗങ്ങളെ കുരുക്കില്‍പ്പെടുത്തി കൊന്ന് ഇറച്ചിയാക്കി ഭക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കെണികള്‍ സ്ഥാപിക്കുന്നവരുമുണ്ട്.
കാസര്‍കോട് താലുക്കിലെ ബദിയടുക്ക, ആദൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ഉള്‍നാടന്‍ വന പ്രദേശങ്ങളിലും കിഴക്കന്‍ മലയോര മേഖലകളിലുമെല്ലാം വന്യ ജീവികളെ കെണിയൊരുക്കി കൊല്ലുന്ന സംഭവങ്ങള്‍ വ്യാപകമാണ്. വന്യജീവി സംരക്ഷണ നിയമ പ്രകാരം വന്യജീവി ഹത്യ ഗുരുതരമായ കുറ്റകൃത്യമാണെങ്കിലും ഇതിനെതിരേ ശക്തമായ നടപടി എടുക്കാന്‍ വനം വകുപ്പിന് സാധിക്കുന്നില്ല.
പുറം ലോകമറിയാതെ കെണികള്‍ ഉപയോഗിച്ച് എത്രയോ മൃഗവേട്ടകള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. ഇത്തരം സംഭവങ്ങളില്‍ വനം വകുപ്പ് അധികൃതര്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുക്കുന്നത്.
അതേസമയം കാട്ടു പന്നികള്‍ അടക്കമുള്ള ഉപദ്രവകാരികളായ വന്യ ജീവികളുടെ ശല്യം തടയാന്‍ നടപടിയൊന്നും സ്വീകരിക്കാത്തതില്‍ പ്രതിഷേധവും ശക്തമാണ്.
Next Story

RELATED STORIES

Share it