Flash News

നിയമം കാറ്റില്‍പറത്തി ബിയര്‍-വൈന്‍ വില്‍പനയ്ക്ക് അനുമതി



കാഞ്ഞങ്ങാട്: വിവാദമായ രാജ് റസിഡന്‍സിക്ക് നിയമം കാറ്റില്‍പറത്തി എക്‌സൈസ് വകുപ്പ്് ബിയര്‍-വൈന്‍ വില്‍പനയ്ക്ക് അനുമതി നല്‍കി. ദേശീയ-സംസ്ഥാന പാതകളില്‍ നിന്ന് 500 മീറ്റര്‍ അകലത്തില്‍ മാത്രമേ മദ്യശാലകള്‍ പ്രവര്‍ത്തിക്കാവൂ എന്ന സുപ്രിംകോടതി ഉത്തരവിന്റെ നഗ്നമായ ലംഘനമാണ് കാഞ്ഞങ്ങാട്ട് നടന്നത്. അലാമിപ്പള്ളി പുതിയ ബസ്സ്റ്റാന്റിന് സമീപം സംസ്ഥാനപാതയോട് ചേര്‍ന്ന് പ്രവേശനകവാടമുള്ള ചതുര്‍നക്ഷത്ര ഹോട്ടലിനാണ് ഏതാനും ദിവസം മുമ്പ് ബിയര്‍-വൈന്‍ വില്‍പനയ്ക്ക് എക്‌സൈസ് വകുപ്പ് അനുമതി നല്‍കിയത്. ഹോട്ടലിന്റെ പിറകുവശത്തുക്കൂടിയുള്ള വഴികാണിച്ചാണ് അനുമതി നേടിയെടുത്തത്. നഗരസഭയെയും എക്‌സൈസ് ഉദ്യോഗസ്ഥരെയും സ്വാധീനിച്ചാണ് കാഞ്ഞങ്ങാട്ടെ പ്രമുഖ വ്യവസായിയും ബിജെപി നേതാവുമായ ഹോട്ടലുടമ മദ്യവില്‍പന ആരംഭിച്ചത്. സംസ്ഥാനത്തെ ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും ഔട്ട്‌ലറ്റുകള്‍ പോലും തുറക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് എക്‌സൈസ് അധികൃതര്‍ വ്യവസായിക്ക് വഴിവിട്ട സഹായം നല്‍കിയത്. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ നിയോജകമണ്ഡലത്തിലാണ് ഈ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. കാഞ്ഞങ്ങാട് നഗരസഭ ചതുര്‍നക്ഷത്ര ഹോട്ടലിന് കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് അനുമതി നല്‍കിയത് ഏറെ വിവാദമായിരുന്നു. ഈ പ്രശ്‌നത്തില്‍  അന്നത്തെ നഗരസഭാ ചെയര്‍പേഴ്‌സനായ ഹസീന താജുദ്ദീന്‍ ഉള്‍പ്പെടെ ആറ് മുസ്്‌ലിം ലീഗ് കൗണ്‍സിലര്‍മാരെയും വൈസ് ചെയര്‍മാന്‍ അടക്കം രണ്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെയും പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിജെപി നേതാവുകൂടിയായ ഹോട്ടല്‍ ഉടമയ്ക്ക് സിപിഎം നേതൃത്വത്തിലുള്ള നഗരസഭ വഴിവിട്ട സഹായം ചെയ്യുന്നുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. നഗരസഭയുടെ സ്ഥലം കൈയേറിയാണ് ഹോട്ടല്‍ നിര്‍മിച്ചതെന്ന പരാതി നിലനില്‍ക്കെയാണ് ബാര്‍ ലൈസന്‍സ് നല്‍കിയത്. സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഏഴ് ബിയര്‍-വൈന്‍ പാര്‍ലറുകള്‍ കാസര്‍കോട് ജില്ലയില്‍ പൂട്ടിയിരുന്നു. സംസ്ഥാന പാതയോരത്ത് ചേര്‍ന്നുള്ള ഈ ഹോട്ടലിനു മാത്രം ബിയറും വൈനും വില്‍ക്കാന്‍ അനുമതി നല്‍കിയത് ചട്ടങ്ങള്‍ മറികടന്നാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it