Flash News

നിപാ വന്നത് പഴംതീനി വവ്വാലുകളില്‍ നിന്നുതന്നെ

ന്യൂഡല്‍ഹി: കേരളത്തെ ഭീതിയിലാഴ്ത്തിയ നിപാ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാലുകളാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍) സ്ഥിരീകരിച്ചു. നിപാബാധയുണ്ടായ കോഴിക്കോട് പേരാമ്പ്രയിലെ ചങ്ങരോത്തു നിന്ന് മെയ്മാസം പിടിച്ച വവ്വാലുകളില്‍ ആദ്യം നിപാ വൈറസുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതോടെ നിപാ വൈറസ്ബാധയുടെ ഉറവിടം സംബന്ധിച്ച ദുരൂഹത വര്‍ധിച്ചിരുന്നു. ഇപ്പോള്‍ ചങ്ങരോത്ത് നിന്നുതന്നെ രണ്ടാമത് പിടികൂടിയ പഴംതീനി വവ്വാലുകളിലാണ് നിപാ വൈറസ് സാന്നിധ്യം കണ്ടെത്താനായതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയും വെളിപ്പെടുത്തി.
ചങ്ങരോത്ത് നിന്ന് ആദ്യം പിടികൂടി പരിശോധിച്ച 21 വവ്വാലുകളും കീടങ്ങളെയും ചെറുജീവികളെയും ഭക്ഷിക്കുന്നവയായിരുന്നു. രണ്ടാംഘട്ടത്തില്‍ പിടികൂടി പരിശോധിച്ച 55 വവ്വാലുകളില്‍ പഴംതീനി വവ്വാലുകളും ഉണ്ടായിരുന്നു. അതിലാണ് നിപാ വൈറസ് കണ്ടെത്തിയതെന്ന്  ഐസിഎംആര്‍ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
ഇന്ത്യയിലുള്ള പഴംതീനി വവ്വാലുകളില്‍ ടെറോപ്പസ് ജിജാന്റെസ് (ഗ്രേറ്റര്‍ ഇന്ത്യന്‍ ഫഌയിങ് ഫോക്‌സ്), എണിക്ടെറിസ് സ്പീലിയ, സിനോപ്‌ടെറസ്, സ്‌കോട്ടോഫിലസ് കുഹ്ലി, ഹിപ്പോസിഡെറസ് എന്നീ വര്‍ഗത്തില്‍പ്പെട്ട വവ്വാലുകളാണ് നിപാ വൈറസ്‌വാഹകര്‍. വവ്വാലുകളെ രോഗം കാര്യമായി ബാധിക്കില്ല. എന്നാല്‍, ഇവയുടെ ഉമിനീരിലൂടെയും വിസര്‍ജ്യങ്ങളിലൂടെയും ഇവ കടിക്കുന്ന പഴങ്ങളിലേക്കും വൈറസ് പടരുന്നു. ഈ പഴങ്ങള്‍ കഴിക്കുന്നതിലൂടെയാണ് മനുഷ്യരിലേക്ക് പ്രധാനമായും വൈറസ് എത്തുന്നത്. പിന്നീട് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കു പടരുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
കഴിഞ്ഞ മെയ്മാസത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 17 പേരാണ് നിപാ വൈറസ് പനി മൂലം മരിച്ചത്. എന്നാല്‍, ചിട്ടയായ പ്രവര്‍ത്തനം കൊണ്ട് രോഗത്തെ പിടിച്ചുകെട്ടാന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞു.
Next Story

RELATED STORIES

Share it