നിപാ: കയറ്റുമതി നിലച്ചു; കേരളത്തിന് കോടികളുടെ നഷ്ടം

കൊണ്ടോട്ടി: നിപാ വൈറസ് മൂലം ഗള്‍ഫിലേക്കുള്ള കാര്‍ഗോ കയറ്റുമതി നിലച്ചിട്ട് ഒരു മാസം പിന്നിടുമ്പോള്‍ കേരളത്തിനു കോടികളുടെ നഷ്ടം. കേരളത്തിലെ കയറ്റുമതി ഏജന്റുമാര്‍, വിമാന കമ്പനികള്‍, കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് (കെഎസ്‌ഐഇ) തുടങ്ങിയവയ്ക്കാണു കോടികളുടെ നഷ്ടം.
വിമാന കമ്പനികള്‍ കാര്‍ഗോ എടുക്കാനാവാതെ ഗള്‍ഫ് നാടുകളിലേക്കു പറക്കുമ്പോള്‍ കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ കെഎസ്‌ഐഇക്ക് ഒരു കോടിക്ക് മുകളില്‍ നഷ്ടം സംഭവിക്കുന്നു. കഴിഞ്ഞ മെയ് 28 മുതലാണ് നിപാ വൈറസ് മൂലം ഗള്‍ഫിലേക്കുളള കാര്‍ഗോ കയറ്റുമതി പൂര്‍ണമായും നിലച്ചത്.   കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളിലാണു കെഎസ്‌ഐഇ കാര്‍ഗോ കയറ്റുമതിക്ക് നേതൃത്വം നല്‍കുന്നത്. കരിപ്പൂരില്‍ ദിനേന 55 ടണ്‍ കാര്‍ഗോയും തിരുവനന്തപുരത്ത് നിന്ന് 60 ടണ്‍ കാര്‍ഗോയുമാണ് കയറ്റുമതി ചെയ്തിരുന്നത്. കേരളത്തില്‍ നിന്ന് പഴം-പച്ചക്കറികളാണ് കൂടുതലായും കടല്‍ കടന്നിരുന്നത്. ഒരു കിലോ കാര്‍ഗോ ഗള്‍ഫിലേക്ക് കയറ്റി അയക്കുന്നത് വഴി സ്‌ക്രീനിങ് നിരക്ക് ഇനത്തില്‍ കെഎസ്‌ഐഇക്ക് 2.20 രൂപയാണു ലഭിക്കുക.
കാര്‍ഗോ നിയന്ത്രണം വന്നതോടെ മസ്‌ക്കത്തിലേക്ക് മാത്രമാണു കയറ്റുമതിയുളളത്. ദിനേന രണ്ടു വിമാനത്താവളങ്ങളിലും കൂടി കെഎസ്‌ഐക്ക് മൂന്നു ലക്ഷത്തിന്റെ വരുമാനമാണു നഷ്ടം. ബഹ്‌റയ്‌നും കുവൈത്തുമാണ് ആദ്യം കേരളത്തിലെ കാര്‍ഗോക്ക് വിലക്കിട്ടത്. പിന്നീട് ബാക്കിയുള്ള ഗള്‍ഫ് രാജ്യങ്ങളും നിയന്ത്രണമേര്‍പ്പെടുത്തിയതോടെ കയറ്റുമതി 10 മുതല്‍ 18 വരെ ടണ്ണായി കുത്തനെ കുറഞ്ഞു. പെരുന്നാള്‍ സീസണില്‍ കമ്പനിക്ക് വന്‍ വരുമാനം കിട്ടുന്നത് ഇടിഞ്ഞു. കാര്‍ഗോ നിലച്ചതോടെ വിമാന കമ്പനികള്‍ക്കും ദിനേന ലക്ഷങ്ങളുടെ വരുമാനമാണു നഷ്ടമാവുന്നത്. കാര്‍ഗോ ഇടം കാലിയാക്കി യാത്രക്കാരുമായാണു വിമാനങ്ങള്‍ പറക്കുന്നത്. കാര്‍ഗോ കിലോക്ക് 40 മുതല്‍ 50 വരെ രൂപയാണു വിമാന കമ്പനികളും നിരക്ക് ഈടാക്കുന്നത്. ഗള്‍ഫിലെ ഏജന്‍സികള്‍ കൈയൊഴിയാതിരിക്കാന്‍ അന്യ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളില്‍ നിന്ന് കാര്‍ഗോ അയക്കുകയാണ് ഏജന്റുമാര്‍.
അതേസമയം, നിപാ വൈറസ് മൂലം നിലച്ച ഗള്‍ഫിലേക്കുളള കാര്‍ഗോ കയറ്റുമതി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കാലിക്കറ്റ് എയര്‍പോര്‍ട്ട് എക്‌സ്‌പോര്‍ട്ട് അസോസിയേഷന്‍ പി കെ കുഞ്ഞാലിക്കുട്ടി എംപിക്ക് നിവേദനം നല്‍കി. പ്രശ്‌നം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നു കുഞ്ഞാലിക്കുട്ടി അസോസിയേഷനെ അറിയിച്ചു.
Next Story

RELATED STORIES

Share it