palakkad local

നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന ;സാധാരണക്കാരന്റെ ജീവിതം താളം തെറ്റുന്നു



ഒലവക്കോട്: സാധാരണക്കാരുടെ ജീവിതം താളം തെറ്റിച്ച്  നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചു യരുന്നു. പച്ചക്കറി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിലയാണ് കുത്തനെ വര്‍ധിച്ചത്. ചെറിയ ഉള്ളിക്കും അരിക്കും വലിയ വില വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ചെറിയ ഉള്ളിക്ക് ചില്ലറ വില്‍പനശാലകളില്‍ 100 രൂപയ്ക്ക് മുകളില്‍ വരെ  ആയതോടെ മാര്‍ക്കറ്റില്‍ ഇതിന്റെ വരവും കുറഞ്ഞിരിക്കുകയാണ്. സവാളയുടെ വില മൊത്ത വ്യാപാര വിപണിയില്‍ 10 ല്‍ നിന്ന് 15 രൂപയായും വര്‍ധിച്ചു. ജയ അരിക്ക് 35 മുതല്‍ 38 വരെയും സുരേഖ അരിക്ക് 35-37 രൂപയുമാണ് മൊത്ത വ്യാപാര വില. ചില്ലറ വില്‍പ്പനശാലയിലെത്തുമ്പോള്‍ മിക്ക അരികളുടേയും വില  50 നും അതിനു മുകളിലേക്കുമെത്തും. ഇതരസംസ്ഥാനത്ത് നിന്നെത്തുന്ന നെല്ലിന്റെ അളവ് കുറഞ്ഞതും വില ഉയര്‍ന്നതുമാണ് അരിവില കൂടാന്‍ കാരണം. നെല്ലിന് കിലോഗ്രാമിന് മൂന്നു രൂപയാണ് ഈയിടെ കൂടിയത്. കാലി വില്‍പ്പന നിയന്ത്രണവുമായി ബന്ധപ്പെട്ടുണ്ടായ ഇറച്ചിവില  വര്‍ധന തുടരുകയാണ്. പോത്തിറച്ചിക്ക് രണ്ടാഴ്ച കൊണ്ട് 40 രൂപയാണ് കൂടിയത്. കോഴിയിറച്ചിക്ക് കിലോയ്ക്ക് 25 രൂപ കൂടി. വേനലിലുണ്ടായ ഉല്‍പാദനക്കുറവും നോമ്പ് കാലം തുടങ്ങിയതും  വിലക്കയറ്റത്തിന് കാരണമായി. ആട്ടിറച്ചി കിലോയ്ക്ക് 100 രൂപ വരെ കൂടിയിട്ടുണ്ട്. സാധാരണക്കാരന്റെ ഇനമായ അയലക്കും, മത്തിക്കും കഴിഞ്ഞ മാസത്തേതിന്റെ ഇരട്ടി വിലയാണിപ്പോള്‍. നെയ്മീന്‍, കരിമീന്‍ എന്നിവയ്ക്കും വില കയറിയിട്ടുണ്ട്. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ യന്ത്രവല്‍്കൃത ബോട്ടുകള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തം നിരോധിച്ചതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന മീന്‍ 30 ശതമാനം കുറഞ്ഞു. കേരളത്തിലെ ട്രോളിങ് നിരോധനത്തോടെ വില ഇനിയും ഉയര്‍ന്നേക്കും. പച്ചക്കറി വിളവിറക്കുന്ന കാലത്ത് കൊടും വേനലും വിളവെടുപ്പ് സമയത്ത് മഴയുമായതോടെ ഉല്‍്പാദനം കുറഞ്ഞത് വിലക്കയറ്റത്തിന് കാരണമായി. മെയിലെ അപേക്ഷിച്ച് എല്ലാ പച്ചക്കറിക്കും 30 ശതമാനത്തിലേറെ വില ഉയര്‍ന്നു. തക്കാളിയും ബീറ്റ്‌റൂട്ടുമാണ് വില കാര്യമായി കൂടാത്ത ഇനങ്ങള്‍. തേങ്ങ വില ഉയര്‍ന്നതോടെ വെളിച്ചെണ്ണക്കും  വില കൂടിയിരിക്കുകയാണ്. അതേസമയം വിലകയറ്റം ചില വ്യാപാരികള്‍ മനപ്പൂര്‍വ്വം സൃഷ്ടിക്കുകയാണെന്നാണ് ആരോപണം. സര്‍ക്കാര്‍ ചന്തകള്‍ വഴി കുറഞ്ഞ വിലക്ക് അരി നല്‍കുന്നുണ്ടെങ്കിലും പയര്‍ ഇനങ്ങളടക്കം ഭൂരിപക്ഷം ഉല്‍പ്പന്നങ്ങളും സബ്‌സിഡി നിരക്കില്‍ കിട്ടാത്തത് ജനജീവിതം ദുസ്സഹമാക്കിയിരിക്കയാണ്.
Next Story

RELATED STORIES

Share it