നിങ്ങള്‍ എവിടുത്തെ ഭക്തനെന്ന് അര്‍ണാബ് ഗോസ്വാമി; മാപ്പ് പറഞ്ഞു രാഹുല്‍ ഈശ്വര്‍

മുംബൈ: ചാനല്‍ ചര്‍ച്ചയില്‍ രാഹുല്‍ ഈശ്വറിന് അര്‍ണാബ് ഗോസ്വാമിയുടെ രൂക്ഷവിമര്‍ശനം. നിലയ്ക്കലില്‍ ഭക്തരുടെ സംഘം തങ്ങളുടെ റിപോര്‍ട്ടറെ ആക്രമിച്ചത് ചൂണ്ടിക്കാണിച്ചാണ് രാഹുലിനെ “നിങ്ങളെവിടുത്തെ ഭക്തനാണെന്നു’ ചോദിച്ച് അര്‍ണാബ് കടന്നാക്രമിച്ചത്. നിങ്ങളുടെ ഭാര്യയോ അമ്മയോ ആയിരുന്നുവെങ്കില്‍ ഇങ്ങനെ പെരുമാറുമായിരുന്നോ എന്നും അര്‍ണാബ് ഗോസ്വാമി ചോദിച്ചു. റിപബ്ലിക് ടിവിയുടെ സൗത്ത് ഇന്ത്യ ബ്യൂറോ ചീഫ് പൂജ പ്രസന്നയെ ശബരിമലയിലെ സമരക്കാര്‍ ആക്രമിച്ചിരുന്നു. ഇതേച്ചൊല്ലിയായിരുന്നു രാഹുലും അര്‍ണാബും കൊമ്പുകോര്‍ത്തത്.
താന്‍ ഒരാഴ്ചയായി നിങ്ങള്‍ ശബരിമലയില്‍ കാണിച്ചുകൂട്ടുന്ന കൊള്ളരുതായ്മകളെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും നിങ്ങള്‍ അവിടെ ആക്രമണം അഴിച്ചുവിടുകയാണെന്നും രാഹുലിനെ കടന്നാക്രമിച്ചുഅര്‍ണാബ് പറഞ്ഞു.
ഇതോടെ അര്‍ണാബിന്റെ അധിക്ഷേപം സഹിക്കവയ്യാതെ തിടുക്കപ്പെട്ടു ക്ഷമചോദിച്ച രാഹുലിനോട്, “നിങ്ങളുടെ ക്ഷമകൊണ്ട് കാര്യമില്ലെന്നും, നിങ്ങളുടെ പേരില്‍ കേസ് കൊടുക്കുകയാണ് വേണ്ടതെന്നും അര്‍ണാബ് പറഞ്ഞു. “ഞാന്‍ നിങ്ങളോടു മുമ്പ് പറഞ്ഞതാണ്, ആക്രമണത്തിന് പ്രേരിപ്പിക്കുന്ന ഒന്നും ചെയ്യരുതെന്ന്, എന്നാല്‍ നിങ്ങള്‍ അതുതന്നെ ചെയ്തു. ഞാന്‍ നിങ്ങളുടെ കൂടെയുണ്ട് എന്ന് പറഞ്ഞ രാഹുലിനോട് ‘നിങ്ങള്‍ എന്റെകൂടെ നില്‍ക്കേണ്ട കാര്യമില്ലെന്നും എനിക്ക് എന്റെ പോരാട്ടങ്ങള്‍ ഒറ്റയ്ക്ക് നടത്താന്‍ അറിയാമെന്നും അര്‍ണാബ് പറഞ്ഞു.
തന്റെ റിപോര്‍ട്ടര്‍ ആക്രമിക്കപ്പെട്ടതിനെതിരേ നിങ്ങള്‍ പരാതി കൊടുക്കുമോ എന്ന് ചോദ്യം വന്നപ്പോള്‍ “തന്റെ ഭാര്യയും അമ്മയും അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ ഉണ്ടെന്നായിരുന്നു രാഹുലിന്റെ മറുപടി. തനിക്കത് അറിയേണ്ട കാര്യമില്ലെന്നും ചോദിച്ചതിന് ഉത്തരം പറഞ്ഞാല്‍ മതിയെന്നും അര്‍ണാബ് പ്രതിവചിച്ചു.
സ്ത്രീകളെ ആക്രമിക്കുന്ന ഭക്തര്‍ എന്തുതരം ഭക്തരാണെന്നും എന്റെ റിപോര്‍ട്ടറെ ആക്രമിച്ചവര്‍ക്കെതിരേ രാഹുല്‍ പോലിസില്‍ പരാതി കൊടുക്കണമെന്ന് അര്‍ണാബ് ആക്രോശിച്ചു. പുണ്യതീര്‍ഥത്തില്‍ മുങ്ങിയ ശേഷം മുഖംമൂടിയിട്ട് സ്ത്രീകളെ കൈയേറ്റം ചെയ്യുന്നവര്‍ ഭക്തരെന്ന് സ്വയം വിളിക്കരുതെന്നും അര്‍ണാബ് വിളിച്ചുപറഞ്ഞു.
ഒടുവില്‍ ഗത്യന്തരമില്ലാതെ “റിപബ്ലിസ് ടിവി’യുടെ റിപോര്‍ട്ടറെ ആക്രമിച്ചവര്‍ക്കെതിരേ താന്‍ കേസ് കൊടുക്കാമെന്നു പറഞ്ഞു രാഹുല്‍ ഈശ്വര്‍ തടിതപ്പുകയായിരുന്നു.

Next Story

RELATED STORIES

Share it