kannur local

നിങ്ങള്‍ ഈ പങ്കുകച്ചവടം തുടരുക : മുസ്്‌ലിം ലീഗ് നേതൃത്വത്തോട് വി പി മൂസാന്‍കുട്ടി



കണ്ണൂര്‍:  വാരം പുറത്തീല്‍ പള്ളിയിലെ സാമ്പത്തിക ക്രമക്കേട് നടത്തിയ നേതാവിനെ സംരക്ഷിക്കുന്നതിനെതിരേ തുറന്നടിച്ചതിനു മുസ്്‌ലിംലീഗില്‍നിന്ന് പുറത്താക്കപ്പെട്ട മുന്‍ ജില്ലാ പ്രസിഡന്റ് വി പി മൂസാന്‍കുട്ടി നേതൃത്വത്തിനെതിരേ വീണ്ടും രംഗത്ത്. ലീഗ് നേതൃത്വത്തിന്റെ വിശദീകരണക്കുറിപ്പിലെ പരാമര്‍ശങ്ങളെ എണ്ണിയെണ്ണി ഖണ്ഡിച്ചാണ് സമൂഹമാധ്യമങ്ങളിലൂടെ മറുപടി നല്‍കുന്നത്. മൂസാന്‍കുട്ടിയെ പുറത്താക്കിയതിനെതിരേ നടുവിലില്‍ കഴിഞ്ഞ ദിവസം യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടന്നിരുന്നു. 12ാം വയസ്സില്‍ ചന്ദ്രിക ബാലവേദിയിലൂടെ തുടങ്ങിയതാണ് പച്ചയോടുള്ള തന്റെ സ്‌നേഹമെന്നു തുടങ്ങുന്ന പോസ്റ്റില്‍ സംസ്ഥാന-ജില്ലാ നേതൃത്വത്തിന്റെ നിലപാടിനെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്. പാര്‍ട്ടി വേദിയില്‍ ആരോപണമുന്നയിച്ചതിന്റെ പേരില്‍ ഒറ്റപ്പെടുത്തി, ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി മാറ്റിയിരിക്കുകയാണ് ഇപ്പോള്‍. നാട്ടില്‍ മുമ്പുണ്ടായിരുന്ന 25ഓളം കേസുകളില്‍ പലതിലും താന്‍ തന്നെയായിരുന്നു ഒന്നാം പ്രതി. രാഷ്ട്രീയ പ്രതിയോഗികളുമായി നീക്കുപോക്ക് ഉണ്ടാക്കിയും സാമ്പത്തിക ഇടപാടുകള്‍ നടത്തിയും പ്രവര്‍ത്തകരുടെ പേരിലേക്ക് കേസുകള്‍ മാറ്റി രക്ഷപ്പെടുന്ന നേതാക്കള്‍ക്ക് അതിന്നും പിടികിട്ടാത്ത അത്ഭുതം തന്നെയാവും. സഹകരണ ബാങ്കിലെ ജോലിയും പ്രമോഷനും ഭരണമാറ്റത്തിനനുസരിച്ച് സംരക്ഷിക്കാനും നേടാനും സാധിക്കില്ലെന്ന സാമാന്യബോധം പോലും ഇല്ലാത്തവരാണ് ലീഗ് ജില്ലാ കമ്മിറ്റിയുടെ തലപ്പത്തിരുന്നത് എന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു. കഴിഞ്ഞ 17 വര്‍ഷമായി തന്റെ കൂടെയുള്ള ഒരു കേസിലും 19 വര്‍ഷമായി താന്‍ ചെയ്യുന്ന ജോലിയിലും ഇത്രകാലവുമില്ലാത്ത എന്ത് ആശങ്കയാണ് പൊടുന്നനെ ഉണ്ടാവേണ്ടത്. യുഡിഎഫ് ഭരിക്കുന്ന ബാങ്കില്‍, സിപിഎമ്മില്‍ പോയി എന്തുനേട്ടമാണ് താന്‍ നേടിയെടുക്കേണ്ടത്?കുറച്ചുകൂടി വിശ്വസനീയമായ എന്തെങ്കിലും പറയാന്‍ ശ്രമിക്കുകയാവും ലീഗ് ജില്ലാ കമ്മിറ്റിക്കു നല്ലത്.തന്റെ പക്കലുള്ള തെളിവ് ഹാജരാക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ പരിഗണിക്കാതെ, ആരോപണ വിധേയന്റെ ഭാഗം കേട്ട്, വാദിയെ കേള്‍ക്കാതെ പ്രതിഭാഗം കേട്ട് അന്വേഷണം അവസാനിപ്പിക്കുന്ന നടപടി വിചിത്രം തന്നെ. നിങ്ങള്‍ തുടരുക ഈ പങ്ക് കച്ചവടം. സമൂഹത്തോടും മുസ്്‌ലിം ലീഗ്  പ്രവര്‍ത്തകരോടുമുള്ള പ്രതിബദ്ധതയില്‍ വെള്ളം ചേര്‍ത്ത് മുന്നോട്ടുപോവാന്‍ കഴിയില്ല എന്ന പരാമര്‍ശത്തോടെയാണ് മറുപടി അവസാനിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it