kasaragod local

നിക്ഷേപിച്ച പണം തിരിച്ചുനല്‍കുന്നില്ല: ജ്വല്ലറിക്ക് മുന്നില്‍ ഇടപാടുകാരുടെ ബഹളം

കാസര്‍കോട്: ജ്വല്ലറിയില്‍ നിക്ഷേപിച്ച പണത്തിന് പകരം സ്വര്‍ണാഭരണങ്ങളോ മുതലോ നല്‍കാത്തതിനേ തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ജ്വല്ലറിക്ക് മുന്നില്‍ ഇടപാടുകാരുടെ ബഹളം. കാസര്‍കോടും കാഞ്ഞങ്ങാടും തെക്കന്‍ ജില്ലകളിലും പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയില്‍ കല്ല്യാണ ആവശ്യങ്ങള്‍ക്ക് മുന്‍കൂറായി പണം നല്‍കിയവരും ഷെയര്‍ എടുത്തവരും പിഗ്മി കലക്ഷന്‍ നല്‍കിയവരുമാണ് പണം തിരിച്ചുകിട്ടാനായി നെട്ടോട്ടമോടുന്നത്. കാസര്‍കോട് പ്രസ്‌ക്ലബ് ജങ്ഷനടുത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച ജ്വല്ലറിയില്‍ കോടിക്കണക്കിന് രൂപയാണ കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ നിക്ഷേപിച്ചിട്ടുള്ളത്. നാട്ടുകാരുടെ പണം സ്വീകരിച്ച് സ്വത്തുകള്‍ വാങ്ങികൂട്ടി. എന്നാല്‍ ജിഎസ്ടിയും നോട്ട് നിരോധനത്തെ തുടര്‍ന്നും സ്വത്ത് കച്ചവടം മുരടിച്ചതോടെ ഇടപാടുകാര്‍ക്ക് ലാഭവിഹിതം നല്‍കാനോ മുതല്‍ തിരിച്ചുനല്‍കാനും കഴിയാതെ വരികയായിരുന്നുവെന്നാണ് ജ്വല്ലറി മാനേജ്‌മെന്റ് പറയുന്നത്. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് കടല വില്‍പന നടത്തുന്ന ഒരാള്‍ മകളുടെ കല്ല്യാണത്തിന് സ്വര്‍ണം വാങ്ങാനായി ജ്വല്ലറിയില്‍ ആറ് ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട്മാസത്തോളമായി ജ്വല്ലറിയുടെ പ്രവര്‍ത്തനം ഭാഗികമായതിനാല്‍ കടല വില്‍പനക്കാരനും കുടുംബവും കഴിഞ്ഞ ദിവസം രാത്രി ജ്വല്ലറിയിലെത്തി കുത്തിയിരിപ്പ് സമരം നടത്തി. ഇന്നലെ രാവിലെ മുതല്‍ സ്ത്രീകള്‍ അടക്കമുള്ള പണം നിക്ഷേപിച്ച നിരവധി പേരാണ് ജ്വല്ലറിയിലെത്തിയത്. പിന്നീട് പോലിസ് എത്തി അനുനയിപ്പിക്കുകയായിരുന്നു. ചൂരി സ്വദേശി മുസ്തഫ 40 പവന്‍ സ്വര്‍ണാഭരണത്തിന് വേണ്ടി പണം നിപേക്ഷിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന് നല്‍കിയത് 10 പവന്‍ സ്വര്‍ണം മാത്രമാണ്. ബാക്കി സ്വര്‍ണം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. മറ്റൊരു വ്യക്തിക്ക് 35 ലക്ഷം രൂപയാണ് ഇടപാട് ഇനത്തില്‍ നല്‍കാനുള്ളത്. കാഞ്ഞങ്ങാട് ബ്രാഞ്ച് അടച്ചുപൂട്ടിയിട്ടുണ്ട്. ഫോര്‍ട്ട് റോഡ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ജ്വല്ലറി പ്രവര്‍ത്തിക്കുന്നത്. മുറി ഒഴിഞ്ഞുനല്‍കണമെന്നാവശ്യപ്പെട്ട് ഉടമ നോട്ടിസ് നല്‍കിയിട്ടുണ്ട്. സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ രണ്ട് മാസമായി ശമ്പളവും മുടങ്ങിയിട്ടുണ്ട്. കാസര്‍കോട്ടെ വിവിധ തുറകളിലുള്ളവരുടെ 15ഓളം കോടി രൂപയാണ് ഇവിടെ നിക്ഷേപിച്ചിട്ടുള്ളത്. പണം നിക്ഷേപിച്ചവര്‍ ഇത് തിരിച്ചുകിട്ടാന്‍ നിയമനടപടിക്കൊരുങ്ങുകയാണ്. ഇന്നലെ വൈകിട്ട് കാസര്‍കോട് പോലിസ് സ്‌റ്റേഷനില്‍ എസ്‌ഐ അജിത് കുമാറിന്റെ സാന്നിധ്യത്തില്‍ ജ്വല്ലറി മാനേജര്‍ ആന്റോ ഇടപാടുകാരുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. തങ്ങളുടെ പണം ഉടന്‍ വേണമെന്നാണ് ഇടപാടുകാരുടെ ആവശ്യം. എന്നാല്‍ സ്ഥലം വില്‍പന നടത്തി പണം നല്‍കാമെന്നാണ് മാനേജര്‍ അറിയിച്ചത്. ഇത് ഇടപാടുകാര്‍ തള്ളി നിയമനടപടിക്ക് ഒരുങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ജിഎസ്ടി നിലവില്‍ വന്നതിന് ശേഷം കാഞ്ഞങ്ങാട് മാത്രം മൂന്ന് ജ്വല്ലറികള്‍ പൂട്ടിയിട്ടുണ്ട്. നിലവില്‍ ഒരു ജ്വല്ലറി ഏതു നിമിഷവും അടച്ചുപൂട്ടാവുന്ന അവസ്ഥയിലാണ്.
Next Story

RELATED STORIES

Share it