നിക്കാഹ് ഹലാല, ബഹുഭാര്യത്വം അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കും

ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന നിക്കാഹ് ഹലാല, ബഹുഭാര്യത്വം എന്നിവയുടെ സാധുത പരിഗണിക്കാന്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നത് പരിഗണിക്കുമെന്നു സുപ്രിംകോടതി. നിക്കാഹ് ഹലാല, ബഹുഭാര്യത്വം എന്നിവ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹരജികള്‍ അടിയന്തരമായി പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഈ വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ സമയം നല്‍കുന്നതായും കോടതി അറിയിച്ചു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എ എം ഖാന്‍വില്‍കര്‍ അംഗങ്ങളായ മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി. ബഹുഭാര്യത്വവും നിക്കാഹ് ഹലാലയും നിരോധിക്കണമെന്നാവശ്യപ്പെടുന്ന നാലു ഹരജികളാണ് ബെഞ്ചിനു മുമ്പാകെയുള്ളത്. ഹരജിക്കാര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ എം ശേഖറാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് മുമ്പാകെ കേസ് സൂചിപ്പിച്ചത്.
ഹരജിക്കാരില്‍ ഒരാളായ ഡല്‍ഹി സ്വദേശിനി സമീന ബീഗത്തിന് ഹരജി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിയുണ്ടെന്നും അതിനാല്‍ കേസ് അടിയന്തരമായി പരിഗണിക്കണമെന്നും അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്നാണ് കേസ് അടിയന്തരമായി പരിഗണിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കിയത്. ഇന്നോ നാളെയോ എന്ന തിയ്യതിയും പ്രഖ്യാപിക്കാന്‍ കഴിയില്ല. അടിയന്തര സംഭവമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അവധിക്കാല ബെഞ്ച് മുമ്പാകെ വിഷയം ഉന്നയിക്കാമായിരുന്നല്ലേയെന്നും കോടതി ചോദിച്ചു.
വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ തങ്ങള്‍ക്കു കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ആവശ്യപ്പെട്ടു. ഇത് കോടതി അനുവദിക്കുകയായിരുന്നു. നേരത്തേ ഈ വിഷയത്തില്‍ നിലപാട് അറിയിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും ദേശീയ വനിതാ കമ്മീഷനും കോടതി നോട്ടീസ് അയച്ചിരുന്നു.
Next Story

RELATED STORIES

Share it