kannur local

നികുതി പിരിക്കാനെത്തിയവരെ കൈയേറ്റം ചെയ്തു; വീട്ടുടമയ്‌ക്കെതിരേ കേസ്

ഇരിട്ടി: കെട്ടിട നികുതി കുടിശ്ശിക പിരിക്കാനെത്തിയ റവന്യു സംഘത്തെ വീട്ടുടമസ്ഥന്‍ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്‌തെന്നു പരാതി. റവന്യു ജീവനക്കാരുടെ പരാതിയില്‍ വീട്ടുടമസ്ഥനെതിരേ കരിക്കോട്ടക്കരി പോലിസ് കേസെടുത്തു. വള്ളിത്തോട് ആനപ്പന്തിയിലെ പട്ടാക്കുളം ജോര്‍ജ്ജ് കുട്ടിക്കെതിരേയാണ് കേസെടുത്തത്. ജോര്‍ജ്ജ് കുട്ടിയുടെ പുതുതായി നിര്‍മിച്ച വീട്ടിനുള്ള ഒറ്റത്തവണ റവന്യു നികുതി രണ്ട് വര്‍ഷമായി അടച്ചിരുന്നില്ല.
6000 രൂപ വരുന്ന നികുതി മൂന്നുതവണയായി ഒടുക്കുന്നതിന് സമയവും അനുവദിച്ചിരുന്നു. ഇതുപ്രകാരം ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ 2000 രൂപ വീതം ഒടുക്കാനായിരുന്നു തീരുമാനം. കഴിഞ്ഞ രണ്ടു മാസത്തെയും കുടിശ്ശിക ഒടുക്കാത്തതിനെ തുടര്‍ന്ന് വില്ലേജ് അധികൃതര്‍ നിരവധി തവണ ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. സാമ്പത്തിക വര്‍ഷാവസാനമായതിനാല്‍ ഇരിട്ടി തഹസില്‍ദാറുടെ നിര്‍ദേശ പ്രകാരം റവന്യു സംഘം റവന്യു റിക്കവറിക്കായി കഴിഞ്ഞ ദിവസം വൈകീട്ട് ജോര്‍ജ്ജ് കുട്ടിയുടെ വീട്ടിലെത്തി.
പണം ആവശ്യപ്പെട്ടപ്പോള്‍ വാക്കേറ്റം ഉണ്ടാവുകയും ഡപ്യൂട്ടി തഹസില്‍ദാര്‍ കെ പി പോള്‍, അയ്യന്‍കുന്ന് വില്ലേജ് ഓഫിസര്‍ നിരിഷ്‌കുമാര്‍, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സാബു എന്നിവരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചീത്ത വിളിക്കുകയും ചെയ്‌തെന്നാണു പരാതി. റവന്യു സംഘത്തിന്റെ പരാതിയില്‍ കരിക്കോട്ടക്കരി എസ്‌ഐ ജോര്‍ജ്ജ് കുട്ടിയുടെ വീട്ടിലെത്തി തെളിവെടുത്തു. റവന്യു സംഘത്തെ കൈയേറ്റം ചെയ്തിട്ടില്ലെന്നും നികുതി കുടിശ്ശിക തിങ്കളാഴ്ച്ച ഒടുക്കാമെന്ന് പറഞ്ഞപ്പോള്‍ സമ്മതിക്കാതെ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തതെന്നു ജോര്‍ജ്ജ് കുട്ടി പറഞ്ഞു.
Next Story

RELATED STORIES

Share it