നികുതിരഹിത ഗ്രാറ്റിവിറ്റി പരിധി 20 ലക്ഷമാവും

ന്യൂഡല്‍ഹി: നികുതിരഹിത ഗ്രാറ്റിവിറ്റി പേമെന്റ് ബില്ല് രാജ്യസഭ പാസാക്കി. കഴിഞ്ഞയാഴ്ച ലോക്‌സഭ പാസാക്കിയ ബില്ല് ഇന്നലെ രാജ്യസഭയില്‍ ചര്‍ച്ച കൂടാതെ ശബ്ദവോട്ടോടെയാണ് പാസാക്കിയത്. ഇതോടെ ഗ്രാറ്റിവിറ്റി പേമെന്റ് ചട്ടത്തിന് കീഴില്‍ വരുന്ന ജോലിക്കാര്‍ക്ക് നിലവിലുള്ള 10 ലക്ഷം രൂപയില്‍ നിന്നു നികുതിയിളവ് പരിധി 20 ലക്ഷമാവും.
സര്‍ക്കാര്‍ ജീവനക്കാരുടെ പ്രസവാവധി കാലയളവ് നീട്ടാനുള്ള ശുപാര്‍ശയും അംഗീകരിച്ചു. തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗാങ്‌വാറാണ് ബില്ല് അവതരിപ്പിച്ചത്. വനിതാ ജീവനക്കാരുടെ പ്രസവാവധി 12 ആഴ്ചയില്‍ നിന്ന് 26 ആഴ്ചയായി ഉയര്‍ത്തുന്നതിനാണ് ശുപാര്‍ശ.
1972ലെ ഗ്രാറ്റിവിറ്റി പേമെന്റ് നിയമം അനുസരിച്ച് ഫാക്ടറികള്‍, ഖനികള്‍, എണ്ണപ്പാടങ്ങള്‍, തോട്ടങ്ങള്‍, തുറമുഖങ്ങള്‍, റെയില്‍വേ കമ്പനികള്‍, കടകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഗ്രാറ്റിവിറ്റി ലഭ്യമാക്കും. 10 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വ്യക്തികളുള്ള സ്ഥാപനത്തില്‍ കുറഞ്ഞത് അഞ്ചു വര്‍ഷത്തോളം തുടര്‍ച്ചയായി സേവനം പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്കും ഇതു ബാധകമാവും. ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ബില്ല് കൊണ്ടുവന്നത്.
Next Story

RELATED STORIES

Share it