Flash News

നാലു പതിറ്റാണ്ട് കഴിഞ്ഞിട്ടും വിശ്രമമില്ല; കാല്‍പ്പന്ത് കളിയെ നെഞ്ചേറ്റി അബു കാസര്‍കോട്

ശാഫി  തെരുവത്ത്

കാസര്‍കോട്: കാല്‍പ്പന്തിനെ നെഞ്ചേറ്റിയ അബു കാസര്‍കോടിന് ഫുട്‌ബോള്‍ കളി ഹരമാണ്. വിശ്രമിക്കേണ്ട പ്രായത്തിലും അബു ചുറുചുറുക്കോടെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടക്കുന്ന ഗ്രൗണ്ടിലെത്തും. പഴയ ഫുട്‌ബോള്‍ കളിക്കാരനായല്ല, ഫുട്‌ബോള്‍ കോച്ചായിട്ട്, അതുമല്ലെങ്കില്‍ റഫറിയായി. ജില്ലയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നിയന്ത്രിക്കാന്‍ സംഘാടകര്‍ക്ക് ഒറ്റ പേരേയുള്ളൂ- അത് അബു കാസര്‍കോടാണ്.
സ്‌കൂള്‍ പഠനകാലത്താണ് ഫുട്‌ബോളിനെ നെഞ്ചേറ്റിയത്. തുടക്കം തളങ്കരയിലെ ഫുട്‌ബോള്‍ കളിക്കാരുടെ ഈറ്റില്ലമായ നാഷനല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലൂടെയായിരുന്നു. 1970ലാണ് ജഴ്‌സി അണിഞ്ഞത്. 1970ല്‍ താളിപ്പടുപ്പ് ഗ്രൗണ്ടില്‍ നടന്ന നെഹ്‌റു സ്മാരക ഫുട്‌ബോള്‍ മല്‍സരത്തിന്റെ ഫൈനലില്‍ കുമ്പള ലക്കിസ്റ്റാറിനെതിരേ കാസര്‍കോട് പാദാറിനായി കളിക്കളത്തിലിറങ്ങി ജേതാക്കളായി. ഇന്റര്‍നാഷനല്‍ താരമായ ഇന്ത്യന്‍ ടീമിന്റെ സേതുമാധവനായിരുന്നു ഇവരുടെ ടീമിന്റെ ഗോള്‍കീപ്പര്‍ എന്ന് അബു ഓര്‍ക്കുന്നു. കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും കളിച്ച അബു 1973, 74, 75 കാലഘട്ടങ്ങളില്‍ മലപ്പുറം ജില്ലയിലെ തിരൂരില്‍ നടന്ന മമ്മിഹാജി ട്രോഫിക്കും കുറ്റിപ്പുറത്തു നടന്ന സെവന്‍സ് ഫുട്‌ബോള്‍, പെരിന്തല്‍മണ്ണയില്‍ നടന്ന ഖാദര്‍ ആന്റ് മുഹമ്മദലി ട്രോഫി, മഞ്ചേരിയില്‍ നടന്ന റോവേഴ്‌സ്, വണ്ടൂരിലും അരിക്കോടും നടന്ന നിരവധി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലും കാസര്‍കോട് നാഷനല്‍ ക്ലബ്ബിനായി ജഴ്‌സിയണിഞ്ഞു. കൂടാതെ ചാവക്കാട്, കോഴിക്കോട്ടെ മാവൂര്‍, കണ്ണൂര്‍, പയ്യന്നൂര്‍, പഴയങ്ങാടി, കര്‍ണാടകയിലെ മംഗലാപുരം എന്നിവിടങ്ങളില്‍ സെവ ന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലും കളിച്ചു.
സൂറത്ത്കല്‍ കോളജ് മിത്രന്‍ മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയും ബംഗളൂരുവില്‍ നടന്ന അഖിലേന്ത്യാ ടൂര്‍ണമെന്റ് സ്റ്റാഫേര്‍ഡ് കപ്പിനായും നാഷനല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനു വേണ്ടി ഗ്രൗണ്ടില്‍ ഇറങ്ങി. കണ്ണൂര്‍ സൂപ്പര്‍ ഡിവിഷനിലും അബുവിന്റെ നേതൃത്വത്തില്‍ ചാംപ്യന്‍പട്ടം നേടി. നെഹ്‌റു കപ്പിനായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലും മല്‍സരത്തിനിറങ്ങി. ഇപ്പോള്‍ തളങ്കരയിലെയും പരിസരങ്ങളിലെയും വിവിധ ക്ലബ്ബുകള്‍ക്കായി കോച്ചിങ്് നടത്തുകയാണ്. സ്‌കൂള്‍ വിദ്യാര്‍ഥികളും അബുവില്‍ നിന്ന് പരിശീലനം നേടുന്നുണ്ട്.
അബുവിന്റെ ഫുട്‌ബോള്‍ സുഹൃത്തുക്കളാണ് ഒരുകാലത്ത് ജില്ലയിലെ മികച്ച ഫുട്‌ബോള്‍ കളിക്കാരായ തളങ്കരയിലെ അല്‍ത്താഫ് ഹുസയ്‌നും നായന്മാര്‍മൂലയിലെ ബീരാനും പള്ളത്തെ അബ്ദുല്ലയും മഹമൂദും പരേതരായ ബദറുദ്ദീന്‍ പൊയക്കര(ബാഹു) യും ഇല്യാസ് റഹ്്മാനും എ എസ് മുഹമ്മദ് കുഞ്ഞിയുമൊക്കെ. പള്ളത്താണു താമസം.
Next Story

RELATED STORIES

Share it