Flash News

നാരദന്യൂസ് വിവാദം : മാത്യു സാമുവലിന് ഇഡി സമന്‍സ്



കൊല്‍ക്കത്ത:തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ പാര്‍ലമെന്റംഗങ്ങളും മന്ത്രിമാരും ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി നാരദ ന്യൂസ് സിഇഒ മാത്യു സാമുവലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമന്‍സ് അയച്ചു. സാമുവലിന്റെയും നാരദ ന്യൂസിന്റെയും സ്വത്തുവിവരങ്ങള്‍, മൂന്നു വര്‍ഷത്തെ ആദായനികുതി റിട്ടേണുകള്‍ എന്നിവ സഹിതം ഈ മാസം 18നു നേരിട്ടോ അല്ലെങ്കില്‍ പ്രതിനിധി മുഖേനയോ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാവാനാണ് ഇഡി നിര്‍ദേശം നല്‍കിയത്. എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ മാത്യു സാമുവല്‍ പ്രതിയല്ല. ഒളികാമറാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ ചോദിച്ചറിയുന്നതിനും മറ്റു വിവരങ്ങള്‍ ശേഖരിക്കുന്നതിനുമായാണ് അദ്ദേഹത്തോട് ഹാജരാവാന്‍ ഉത്തരവിട്ടത്. തൃണമൂല്‍ നേതാക്കള്‍ ഉള്‍പ്പെട്ട അഴിമതിക്കേസുമായി ബന്ധപ്പെട്ട് സിബിഐ ഇദ്ദേഹത്തെ ചോദ്യംചെയ്തിരുന്നു. സിബിഐയുടെ എഫ്‌ഐആര്‍ പഠിച്ച എന്‍ഫോഴ്‌സ്‌മെന്റ് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ(പിഎംഎല്‍എ)പ്രകാരം കേസെടുത്തിട്ടുണ്ട്. 12 തൃണമൂല്‍ നേതാക്കള്‍ക്കും ഒരു ഐപിഎസ് ഉദ്യോഗസ്ഥനുമെതിരേയാണ് സിബിഐ കേസെടുത്തത്. തൃണമൂല്‍ നേതാക്കള്‍ക്കും ഐപിഎസ് ഉദ്യോഗസ്ഥനും വ്യാജ കമ്പനിയുടെ പ്രതിനിധികള്‍ പണം കൈമാറുന്നതായാണ് നാരദ ന്യൂസ് ഒളികാമറയില്‍ പതിഞ്ഞത്. സംഭവത്തില്‍ പ്രാഥമികാന്വേഷണത്തിന് കല്‍ക്കത്ത ഹൈക്കോടതിയാണ് സിബിഐയെ നിയോഗിച്ചത്.
Next Story

RELATED STORIES

Share it