palakkad local

നായാടിക്കുന്ന് പ്രദേശത്ത് ഡെങ്കിപ്പനി പടരുന്നു



മണ്ണാര്‍ക്കാട്: നഗരസഭയിലെ നാരങ്ങപ്പറ്റ, നായാടിക്കുന്ന്,ചന്തപ്പടി ഭാഗങ്ങളില്‍ ഡെങ്കി പനി പടരുന്നു. ഒരു മാസത്തിലേറെയായി ഈ പ്രദേശം ഡെങ്കിപ്പനിയുടെ പിടിയിലായിട്ട്. വീട്ുകാരില്‍ ഭൂരിഭാഗവും പനി ബാധിതരാണ്. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും മണ്ണാര്‍ക്കാട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ സ്വകാര്യ ആസുപത്രികളിലുമാണ് പനിബാധിച്ചവര്‍ ചികിത്സ തേടുന്നത്. ഒട്ടേറെ പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. താലൂക്ക് ആശുപത്രി പനിബാധിതരെ കൊണ്ട് നിറഞ്ഞു കവിഞ്ഞു. കിടത്തി ചികിത്സിക്കാനുള്ള സൗകര്യത്തിന്റെ ഇരട്ടി രോഗികളാണ് ആശുപത്രിയില്‍ ഉള്ളത്. ഒപി വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ആയിരത്തിനു മുകളിലാണ്. നായാടിക്കുന്ന്, നാരങ്ങപ്പറ്റ ഭാഗങ്ങളില്‍ തുടങ്ങിയ പനി മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചു തുടങ്ങി. പനി പടരുന്ന സാഹചര്യത്തിലും അധികൃതര്‍ നിസ്സംഗത പുലര്‍ത്തുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ലഘു ലേഖ വിതരണം കൊണ്ട് പനി മാറില്ലന്ന് അവര്‍ പറഞ്ഞു. ഇന്നലെ പ്രദേശത്ത് മെഡിക്കല്‍ ക്യാംപ് നടത്തി മരുന്ന് വിതരണം ചെയ്തു. ഡെങ്കി പരത്തുന്ന കൊതുക് പ്രദേശത്ത് വ്യാപകമായി കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ജില്ലാ ബയോളജിസ്റ്റിന്റെ നേതൃത്വത്തില്‍ ഇന്നലെ പ്രദേശത്ത് പരിശോധനയും കൊതുകുകളെ കൊല്ലാനുള്ള സ്‌പ്രെ അടിക്കലും നടത്തി.
Next Story

RELATED STORIES

Share it