Gulf

നാനോ ക്രിക്കറ്റ് ടൂര്‍ണമെന്റുമായി യു.ടി.എ.സി

ജിദ്ദ: സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് എന്നും പുതുമയുള്ള കായിക വിനോദ പരിപാടികള്‍ ഒരുക്കിയ യു.ടി.എ.സി (യുനൈറ്റഡ് തലശ്ശേരി സ്‌പോര്‍ട്‌സ് ക്ലബ്) കുട്ടി ക്രിക്കറ്റിന്റെ ഏറ്റവും നൂതന പതിപ്പുമായി വീണ്ടും വരുന്നു. ജിദ്ദയില്‍ ആദ്യമായി ഹോക്കി ടൂര്‍ണമെന്റ് ഒരുക്കി ശ്രദ്ധ നേടിയ ക്ലബ് ഇക്കുറി വരുന്നത് നാനോ ക്രിക്കറ്റ് ടൂര്‍ണമെന്റുമായിട്ടാണ്. ചെറുപ്പകാലങ്ങളില്‍ പാടങ്ങളിലും പറമ്പിലും വളരെ ചെറിയ സ്ഥലപരിധിയില്‍ കളിച്ച ക്രിക്കറ്റിന്റെ പുത്തന്‍ രൂപമാണ് നാനോ ക്രിക്കറ്റ് ആയി  അവതരിപ്പിക്കുന്നത്. ടൂര്‍ണമെന്റ് വെള്ളിയാഴ്ച ഒക്ടോബര്‍ 20 നു ഉച്ചയ്ക്ക് 3.30 മുതല്‍ അല്‍ ശബാബിയ ഗ്രൗണ്ടില്‍ നടക്കും. ഹസ്‌കോ കോര്‍പ്പറേഷനും അല്‍ കബീര്‍ ഫുഡ്‌സും ആണ് ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍മാര്‍.

നാല് പൂളുകളിലായി പന്ത്രണ്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ഏഴ് കളിക്കാരടങ്ങിയ ടീമുകള്‍ ലീഗ് റൗണ്ടില്‍ പരസ്പരം ഏറ്റുമുട്ടും. അഞ്ചു ഓവറുകള്‍ വീതമാണ് മത്സരങ്ങള്‍. ലീഗ് റൗണ്ടിലെ മികച്ച നാല് ടീമുകള്‍ സെമി ഫൈനലില്‍ ഏറ്റുമുട്ടും. സിക്‌സര്‍ അടിച്ചാല്‍ കളിക്കാരന്‍ പുറത്താകുന്നതടക്കം രസകരമായ നിയമങ്ങള്‍ ഉള്ള ഏകദിന നാനോ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉച്ചക്ക് 3.30 ആരംഭിച്ച് രാത്രി 11 മണിക്ക് അവസാനിക്കും. വിനോദത്തിന് പ്രാധാന്യം കൊടുക്കുന്ന ടൂണമെന്റില്‍ കാണികള്‍ക്ക് ക്വിസ് മത്സരങ്ങളും സമ്മാനങ്ങളും നല്‍കും. ജീപാസ് സ്‌പോണ്‍സര്‍ ചെയ്യുന്ന ബംബര്‍ സമ്മാനങ്ങളും ഉണ്ടായിരിക്കും. കാണികള്‍ക്ക് വേണ്ടി സ്വാദിഷ്ഠമായ തലശ്ശേരി പലഹാരങ്ങളുടെ ഫുഡ് സ്റ്റാളും ഒരുക്കിയിട്ടുണ്ട്. പൂര്‍ണമായും കേരളത്തിലെ കളിക്കാര്‍ അടങ്ങിയ ടീമുകള്‍ ആയ ടി.സി.എഫ്, റെഡ് സീ യൂത്ത്, മലബാര്‍ റൈഡേഴ്‌സ്, ഐ.ടി.എല്‍, ഗോജ്, ബാഗ്ടി, ഫോര്‍ഡ് റോയല്‍സ്, സ്‌കോര്പിയോണ്‍സ്, ടസ്‌കേഴ്‌സ്, ഓള്‍ സ്റ്റാര്‍, കെ.പി.എല്‍, ജിദ്ദ ഇന്ത്യന്‍സ് ക്രിക്കറ്റ് ക്ലബ് തുടങ്ങിയ പന്ത്രണ്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീം ക്യാപ്റ്റന്മാരും യു.ടി.എ.സി ഭാരവാഹികളും പങ്കെടുത്ത യോഗത്തില്‍ ടെക്‌നിക്കല്‍ ടീം അംഗം റിയാസ് ടി.വി ടൂര്‍ണമെന്റ് നിയമവശങ്ങള്‍ വിശദീകരിക്കുകയും ക്യാപ്റ്റന്മാരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. തുടര്‍ന്ന് തത്സമയ ഫിക്‌സചര്‍ പ്രകാശനവും ട്രോഫി അനാച്ഛാദനവും നടന്നു. പ്രസിഡന്റ് ഹിശാം മാഹിയുടെ അധ്യക്ഷയില്‍ സഫീല്‍ ബക്കറിന്റെ ഖിറാത്തോടെ തുടങ്ങിയ യോഗത്തില്‍ മെഹ്താബ് അലി സ്വാഗതവും സഹീര്‍ പി.ആര്‍ നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it